വിമര്‍ശനങ്ങള്‍ അതിരു കടന്നു; വാവ സുരേഷ് പാമ്പ് പിടുത്തം അവസാനിപ്പിച്ചു
തിരുവനന്തപുരം: പ്രശസ്ത പാമ്പ് പിടുത്തക്കരാന്‍ വാവ സുരേഷ് പാമ്പുപിടുത്തം അവസാനിപ്പിക്കുന്നു. വിമര്‍സനങ്ങള്‍ ശക്തമായതോടെയാണ് ഇത്തരമൊരു തീരുമാനത്തില്‍ എത്തിയതെന്നാണ് വാവ സുരേഷ് വ്യക്തമാക്കുന്നത്. തന്‍റെ പാമ്പ് പിടുത്തത്തിനെതിരെ സോഷ്യല്‍ മീഡിയയിലൂടേയും അല്ലാതേയുമുള്ള വിമര്‍ശനങ്ങള്‍ പരിധി വിട്ട സാഹചര്യത്തില്‍ പാമ്പ് പിടുത്തം അവസാനിപ്പിക്കുകയാണെന്നാണ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ വാവ സുരേഷ് അഭിപ്രായപ്പെട്ടത്.

എന്തുകണ്ടാലും വിമര്‍ശിക്കുന്ന ചിലരുണ്ട്. അവരാണ് തനിക്കെതിരെ നിരന്തരം അനാവശ്യ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ടിരിക്കുന്നത്. ഞാന്‍ പാമ്പിനെ കൈകൊണ്ട് പിടിക്കുന്നു, പാമ്പിനെ കുറിച്ച് ക്ലാസെടുക്കുന്നു, ഉമ്മവയ്ക്കുന്ന എന്നൊക്കെയാണ് വിമര്‍ശനങ്ങള്‍.
എന്നാല്‍ പാമ്പിനെ പിടിക്കുന്ന എല്ലാവരും ചെയ്യുന്ന കാര്യം തന്നെയാണ് ഞാനും ചെയ്യുന്നതെന്ന് മറ്റുള്ള പാമ്പുപിടുത്ത വീഡിയോകള്‍ പരിശോധിച്ചാല്‍ വ്യക്തമാവും. എന്നാല്‍ ഇതൊന്നും ആര്‍ക്കും പ്രശ്നമില്ല. എന്നെ മാത്രം ലക്ഷ്യം വെച്ചുള്ള വിമര്‍ശനം ശക്തമായപ്പോള്‍ ഉണ്ടായ മാനസിക വിഷമംകൊണ്ടാണ് പാമ്പ് പിടുത്തതില്‍ നിന്ന് പിന്‍മാറാന്‍ തീരുമാനിച്ചതെന്നും വാവ സുരേഷ് വ്യക്തമാക്കുന്നു.
അപകടകരമായ രീതിയിൽ അശാസ്ത്രീയമായാണ് വിഷപ്പാമ്പുകളെ സുരേഷ് കൈകാര്യം ചെയ്യുന്നതെന്നും പാമ്പുകളുടെ വിഷം മാഫിയകള്‍ക്ക് വില്‍ക്കുന്നുവെന്നുമൊക്കെ തുടങ്ങിയ അടിസ്ഥാന രഹിതമായ അരോപണങ്ങളാണ് തനിക്കെതിരെ നടത്തുന്നത്. ഒന്നും ആഗ്രഹിച്ചിട്ടല്ല ഈ പണിക്ക് ഇറങ്ങിയത്. പാമ്പു പിടിക്കുന്നതില്‍ നിന്ന് തനിക്ക് ഒരു ലാഭവുമില്ല.
പലപ്പോഴും ജീവന്‍ പണയം വച്ചാണ് പാമ്പുകളെ പിടിച്ചിട്ടുള്ളത്. എന്നിട്ടും വിമര്‍ശിക്കപ്പെടുന്നതില്‍ മനസ് മടുത്താണ് ഇത്തരമൊരു തീരുമാനം എടുത്തതെന്നും അദ്ദേഹം വ്യക്തമാക്കുന്നു. ഇരുപത്തൊമ്പത് വര്‍ഷമായി പാമ്പ് പിടുത്തത്തില്‍ ഏര്‍പ്പെട്ടിരുന്നു വാവ സുരേഷ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി 165 രാജവെമ്പാലയുള്‍പ്പെടെ അമ്പത്തിരണ്ടായിരത്തോളം പാമ്പുകളെ പിടികൂടിയിട്ടുണ്ട്.

Post a Comment

Previous Post Next Post
close