കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍; അമ്മയും കാമുകനും പിടിയില്‍

തിരുവനന്തപുരം:
നെടുമങ്ങാട് കാണാതായ പത്താംക്ലാസ് വിദ്യാര്‍ഥിനിയുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. ഇന്ന് രാവിലെയാണ് കുട്ടിയുടെ അമ്മയുടെ സുഹൃത്തിന്റെ വീട്ടിന് മുന്നിലെ പൊട്ടക്കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. കാരാന്തല സ്വദേശി മീര (16)യാണ് മരിച്ചത്. മൃതദേഹത്തിന് പത്ത് ദിവസത്തെ പഴക്കമുണ്ട്. മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിനായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി
കുട്ടിയെ അമ്മയും സുഹൃത്തും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് പൊലീസ് സംശയിക്കുന്നു. അമ്മ മഞ്ജുഷയേയും സുഹൃത്ത് അനീഷിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
നെടുമങ്ങാട് പറന്തോട് എന്ന സ്ഥലത്ത് വാടകവീട്ടിലായിരുന്നു മഞ്ജുവും മീരയും താമസിച്ചിരുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇവരെ കാണാനില്ലായിരിന്നുവെന്ന് പരിസരവാസികളും ബന്ധുക്കളും പറഞ്ഞു. മകള്‍ ഒളിച്ചോടിയതാണെന്നും കുട്ടിയെ തേടി താന്‍ തിരുപ്പതിയില്‍ വന്നിരിക്കുകയാണെന്നും ആയിരുന്നു കഴിഞ്ഞ 13ന് മഞ്ജുഷ വീട്ടില്‍ വിളിച്ചറിയിച്ചത്. പിന്നീട് ഒരു വിവരവുമില്ലാത്തതിനെ തുടര്‍ന്ന് മഞ്ജുഷയുടെ അച്ഛന്‍ 17ന് പൊലീസില്‍ പരാതി നല്‍കി. പൊലീസ് അന്വേഷണത്തിനൊടുവില്‍ അമ്മയേയും ഇടമല സ്വദേശി അനീഷിനെയും സംശയാസ്പദമായ സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കണ്ടെത്തുകയായിരുന്നു.
കുട്ടിയെ കുറിച്ചുളള ചോദ്യങ്ങള്‍ക്ക് പരസ്പര വിരുദ്ധമായ മറുപടിയാണ് അമ്മ നല്‍കിയത്. തുടര്‍ന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലില്‍ കുട്ടി ആത്മഹത്യ ചെയ്‌തെന്ന് അമ്മ പൊലീസിനോട് പറഞ്ഞു. വഴക്കുപറഞ്ഞതിന് മകള്‍ തൂങ്ങിമരിച്ചെന്നും തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് മൃതദേഹം ബൈക്കില്‍ കയറ്റി അനീഷിന്റെ വീട്ടിനടുത്ത് എത്തിച്ച് കിണറ്റില്‍ കല്ലു കെട്ടി താഴ്ത്തിയെന്നുമാണ് അമ്മയുടെ മൊഴി. ഇത് പൂര്‍ണമായും പൊലീസ് വിശ്വാസത്തിലെടുത്തിട്ടില്ല.


Post a Comment

Previous Post Next Post
close