ലോകം ശ്രീഹരിക്കോട്ടയിലേക്ക‌് ; ചാന്ദ്രയാൻ 2 കുതിക്കുന്നത‌് 15ന‌് പുലർച്ചെ 2.51ന‌്


തിരുവനന്തപുരം
ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലേക്കുള്ള ചാന്ദ്രയാൻ–-2ന്റെ യാത്രക്ക‌് തയ്യാറെടുപ്പുകൾ നടക്കുന്ന ശ്രീഹരിക്കോട്ട ലോകത്തിന്റെ ശ്രദ്ധാകേന്ദ്രം.   വിക്ഷേപണത്തിന‌് അഞ്ചു ദിവസം ബാക്കിനിൽക്കെ സതീഷ‌് ധവാൻ സ‌്പെയ‌്സ‌് സെന്ററിൽ ഐഎസ‌്ആർഒ ശാസ‌്ത്രജ്ഞരും സാങ്കേതിക വിദഗ‌്ധരും അവസാനഘട്ട ഒരുക്കത്തിലാണ‌്. 

ജിഎസ‌്എൽവി മാർക്ക‌് –-3 എന്ന കരുത്തൻ റോക്കറ്റിൽ 15ന‌് പുലർച്ച 2.51നാണ‌് ചാന്ദ്രയാൻ–-2 പേടകം കുതിക്കുക. ഈ സമയത്ത‌് മഴ പ്രവചിക്കുന്നുണ്ടെങ്കിലും വിക്ഷേപണത്തെ ബാധിക്കില്ല. പത്തുവർഷത്തിലേറെ നീണ്ട തയ്യാറെടുപ്പുകൾക്കൊടുവിൽ നടക്കുന്ന ദൗത്യം പൂർണ വിജയമാകുമെന്ന ആത്മവിശ്വാസത്തിലാണ‌് ശാസ‌്ത്രജ്ഞർ. ശ്രീഹരിക്കോട്ടയിലെ രണ്ടാം വിക്ഷേപണത്തറയിൽ ജിഎസ‌്എൽവി റോക്കറ്റ‌് ഉറപ്പിച്ചശേഷമുള്ള സൂക്ഷ‌്മ പരിശാേധനയാണ‌് ഇപ്പോൾ. ചാന്ദ്രയാൻ പേടകം  ഉരുക്കുഷീൽഡിനുള്ളിൽ സുരക്ഷിതമായി ഉറപ്പിച്ചു. അന്തിമ പരിശോധന വെള്ളിയാഴ‌്ച നടക്കും. അവസാനവട്ട പ്രവർത്തനക്ഷമതാ പരിശോധനയാണിത‌്. റോക്കറ്റിൽ ഇന്ധനം നിറയ‌്ക്കുന്ന പ്രക്രിയ ഉടൻ തുടങ്ങും.

സങ്കീർണമായ ദൗത്യമായതിനാൽ ലോക ബഹിരാകാശ ഏജൻസികളും  ശാസ‌്ത്രകുതുകികളും വിക്ഷേപണം ഉറ്റുനോക്കുകയാണ‌്.  53 ദിവസത്തെ യാത്രയ‌്ക്ക‌ുശേഷം സെപ‌്തംബർ ആദ്യം ചാന്ദ്രപഥത്തിലെത്തുന്ന പേടകത്തിൽനിന്ന‌് ലാൻഡർ (വിക്രം) വേർപെടും. നൂറുകിലോമീറ്റർ ഉയരത്തിൽനിന്നാകും  ലാൻഡർ  ചന്ദ്രന്റെ പ്രതലത്തിൽ ഇറങ്ങുക. തുടർന്ന‌് റോവർ (പ്രഗ്യാൻ) പുറത്തിറങ്ങി സഞ്ചാരം തുടങ്ങും. 14 ദിവസം റോവർ പരീക്ഷണ നിരീക്ഷണങ്ങൾ നടത്തി വിവരശേഖരണം നടത്തും.Post a Comment

Previous Post Next Post
close