അയോധ്യ കേസ് ജൂലൈ 25 ലേക്ക് മാറ്റിവെച്ചുന്യൂഡൽഹി:
അയോധ്യയിലെ ഭൂമിതർക്ക കേസ് സുപ്രീംകോടതി ഈ മാസം 25 ലേക്ക് മാറ്റിവെച്ചു. കേസിൽ സുപ്രീംകോടതി നിയോഗിച്ച മധ്യസ്ഥ സമിതിയുടെ റിപ്പോർട്ട് വരുന്നത് വരെ കാത്തിരിക്കണമെന്ന് പറഞ്ഞുകൊണ്ടാണ് കേസ് മാറ്റിവെച്ചിരിക്കുന്നത്. മധ്യസ്ഥ ചർച്ചയിലൂടെ പ്രശ്നപരിഹാരം സാധ്യമല്ലെന്ന് ഹർജിക്കാരൻ കോടതിയെ അറിയിച്ചു. മധ്യസ്ഥ സമിതിയെ വിമർശിക്കേണ്ടതില്ലെന്ന് സുന്നിവിഭാഗം അഭിഭാഷകൻ പറഞ്ഞു. മധ്യസ്ഥ സമിതിയുടെ ഇടക്കാല റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കണമെന്ന് കോടതി നിർദ്ദേശിച്ചു. ഇതിന് ശേഷമാണ് കേസ് 25 ലേക്ക് മാറ്റിവെച്ചത്. മധ്യസ്ഥ ശ്രമങ്ങൾ പരാജയപ്പെട്ടാൽ എല്ലാദിവസവും കേസിൽ വാദം നടക്കുമെന്ന് കോടതി വ്യക്തമാക്കി.ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. കേസ് വേഗം കേൾക്കണമെന്നാവശ്യപ്പെട്ട് മുഖ്യപരാതിക്കാരിലൊരാൾ കഴിഞ്ഞദിവസം സുപ്രീംകോടതിയെ സമീപിച്ചതിനു പിന്നാലെയാണു ഹർജി ഇന്ന് പരിഗണിച്ചത്. നാലുമാസം മുൻപ് അയോധ്യയിലെ ഭൂമിതർക്കവിഷയം മധ്യസ്ഥചർച്ചയ്ക്കുവിട്ടശേഷം ഇതാദ്യമായാണ് വീണ്ടും കേസ് പരിഗണിക്കണിക്കുന്നത്. ബാബറി മസ്ജിദ്-രാമജന്മഭൂമി തർക്കവിഷയം രമ്യമായി പരിഹരിക്കുന്നതിനു സാധ്യതതേടി സുപ്രീംകോടതി മധ്യസ്ഥചർച്ചയ്ക്കു വിട്ടത് മാർച്ച് എട്ടിനാണ്. ജസ്റ്റിസ് എഫ്.എം.ഐ. കലീഫുള്ള, ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ, മുതിർന്ന അഭിഭാഷകൻ ശ്രീറാം പഞ്ചു എന്നിവരെയാണു മധ്യസ്ഥരായി നിയോഗിച്ചത്. ചർച്ചകളിൽ ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച സമിതിക്ക് ഓഗസ്റ്റ് 15 വരെ സുപ്രീംകോടതി സമയം നീട്ടിനൽകുകയും ചെയ്തിരുന്നു. ഇതിനിടെയാണുമധ്യസ്ഥ ചർച്ചയിൽ ഫലംകാണുന്നില്ലെന്നും ഹർജി ഉടൻ ലിസ്റ്റു ചെയ്യണമെന്നുമാവശ്യപ്പെട്ട് പരാതിക്കാരനായ ഗോപാൽ സിങ് വിശാരദ് കഴിഞ്ഞദിവസം സുപ്രീംകോടതിയിലെത്തിയത്. 1992-ൽ ബാബറി മസ്ജിദ് തകർക്കപ്പെട്ട അയോധ്യയിലെ 2.77 ഏക്കർ സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്ക്കും രാംലല്ലയ്ക്കും തുല്യമായി വീതിച്ചുനൽകിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരായ അപ്പീലുകളാണു സുപ്രീംകോടതിക്കു മുന്നിലുള്ളത്. അയോധ്യയിലേതു വസ്തുതർക്കം മാത്രമല്ലെന്ന നിലപാടിലാണു സുപ്രീംകോടതി മധ്യസ്ഥചർച്ചയ്ക്കു സമിതിയെ വെച്ചത്.

Post a Comment

Previous Post Next Post
close