ഉംറ വിസയിലെത്തുന്നവര്‍ക്ക് ഇനി സൗദി മുഴുവന്‍ കറങ്ങാം; നീങ്ങിയത് 36 വര്‍ഷം പഴക്കമുള്ള യാത്രാ വിലക്ക്സൗദിയില്‍ ഉംറ വിസയിലെത്തുന്നവര്‍ക്ക് രാജ്യത്തെ എല്ലാ നഗരങ്ങളിലേക്കും സഞ്ചരിക്കാന്‍ അനുമതി. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഇതോടെ 36 വര്‍ഷം മുമ്പ് പാസാക്കിയ നിയമം ദുര്‍ബലമായി.
ഉംറ വിസയില്‍ സൗദിയില്‍ വരുന്നവര്‍ക്ക് മക്ക, മദീന, ജിദ്ദ നഗരങ്ങള്‍ക്ക് പുറത്തേക്ക് പോകുന്നതിന് 1987 മുതലാണ് വിലക്കേര്‍പ്പെടുത്തിയത്. ഇതു പ്രകാരം ഉംറ വിസക്കാരെ മറ്റു നഗരങ്ങളിലേക്ക് കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കും ശിക്ഷയുണ്ടായിരുന്നു.
ഇതൊഴിവാക്കാന്‍ ഏപ്രില്‍ 23ന് ചേര്‍ന്ന സൗദി ശൂറ കൗണ്‍സില്‍ അനുമതി നല്‍കിയിരുന്നു. സൗദി അറേബ്യയില്‍ ടൂറിസം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗം കൂടിയാണ് തീരുമാനം. ഉംറ വീസയിലെത്തിയ ശേഷം തിരിച്ചുപോകാതെ പലതരം ജോലികളിലേര്‍പ്പെടുന്നവരുടെ എണ്ണം വര്‍ധിച്ചപ്പോഴാണ് അധികൃതര്‍ സഞ്ചാര സ്വാതന്ത്ര്യം വെട്ടിക്കുറച്ചത്. എല്ലായിടത്തും യാത്ര ചെയ്യാമെങ്കിലും ഉംറ വീസക്കാരുടെ മറ്റു നിബന്ധനകള്‍ തുടരും. ഈ വീസയിലെത്തി ജോലിയിലേര്‍പ്പെടുന്നവര്‍ക്കും ഇവര്‍ക്ക് ജോലി നല്‍കുന്നവര്‍ക്കും ശിക്ഷ ലഭിക്കും.

Post a Comment

Previous Post Next Post
close