പാകിസ്താൻ താരം ഷൊയിബ് മാലിക്ക് വിരമിച്ചു

ലണ്ടൻ:
പാകിസ്താൻ താരം ഷോയിബ് മാലിക്ക് ഏകദിന ക്രിക്കറ്റിൽ നിന്ന് വിമരിച്ചു. ലോകകപ്പിന് പിന്നാലെയാണ് മാലിക്ക് വിരമിക്കൽ പ്രഖ്യാപിച്ചത്. ലോകകപ്പിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിന് ശേഷം സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെ മാലിക്ക് തീരുമാനം ആരാധകരെ അറിയിക്കുകയായിരുന്നു.
ഇന്ന് ഞാൻ ഏകദിനത്തിൽ നിന്ന് വിരമിക്കുകയാണ്. സഹതാരങ്ങൾക്കും പരിശീലകർക്കും സുഹൃത്തുക്കൾക്കും കുടുംബാഗങ്ങൾക്കും മാധ്യമസുഹൃത്തുക്കൾക്കും സ്പോൺസർമാർക്കും നന്ദി പറയുന്നു. ഇതിനെല്ലാമപ്പുറം എന്റെ ആരാധകർക്ക് നന്ദി പറയുന്നു. മാലിക്ക് ട്വീറ്റ് ചെയ്തു. ബംഗ്ലാദേശിനെതിരായ മത്സരശേഷം ടീമംഗങ്ങൾ ഷുഐബ് മാലിക്കിന് ഗാർഡ് ഓഫ് ഹോണർ നൽകിയിരുന്നു.
അതിനിടെ ഷോയിബ് മാലിക്കിന് സഹതാരങ്ങളുടെ ആശംസാപ്രവാഹം. ഒരു ടീംമേറ്റ് എന്ന നിലയില്‍ മാലിക്കിന്റെ സൗഹൃദം താന്‍ ആസ്വദിച്ചിരുന്നതായി പാക് ഓള്‍റൗണ്ടര്‍ മുഹമ്മദ് ഹഫീസ് ട്വീറ്റ് ചെയ്തു.
രാജ്യത്തിന്റെ അംബാസഡറാണ് മാലിക്കെന്നും അദ്ദേഹം സ്വന്തമാക്കിയ നേട്ടങ്ങള്‍ രാജ്യത്തിന് എന്നും അഭിമാനമായിരുന്നെന്നും മുന്‍ പാക് താരം ഷാഹിദ് അഫ്രീദി അഭിപ്രായപ്പെട്ടു.
തനിക്കു ലഭിച്ച പിന്തുണയ്ക്കും ഉപദേശങ്ങള്‍ക്കും നന്ദിയെന്നായിരുന്നു പാക് സ്പിന്നര്‍ ഷദാബ് ഖാന്റെ ട്വീറ്റ്. വിരമിക്കലിനുശേഷവും താങ്കളുടെ മുഖത്തെ ചിരി അങ്ങനെയുണ്ടാവട്ടെ എന്നദ്ദേഹം പറഞ്ഞു.
ഫീല്‍ഡിലും ഡ്രസ്സിങ് റൂമിലും മാലിക്കിന്റെ സാന്നിധ്യം വല്ലാതെ മിസ്സ് ചെയ്യുമെന്നായിരുന്നു 10 വര്‍ഷം അദ്ദേഹത്തോടൊപ്പം കളിച്ച വഹാബ് റിയാസിന്റെ പ്രതികരണം.
വിരമിക്കലിനെക്കുറിച്ച് മാലിക്കിന്റെ ഭാര്യയും ഇന്ത്യന്‍ ടെന്നീസ് താരവുമായ സാനിയ മിര്‍സയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു- ‘എല്ലാ കഥയ്ക്കും ഒരവസാനമുണ്ടാകും. പക്ഷേ ജീവിതത്തില്‍ എല്ലാ അവസാനത്തിനും ഒരു പുതിയ തുടക്കമുണ്ടാകും. ഷോയിബ് മാലിക്, താങ്കള്‍ 20 വര്‍ഷം അഭിമാനത്തോടെ രാജ്യത്തിനുവേണ്ടി കളിച്ചു.’
കുടുംബത്തോടൊപ്പം കൂടുതല്‍സമയം ചെലവഴിക്കാനും ട്വന്റി20 ഫോര്‍മാറ്റില്‍ കൂടുതല്‍ ശ്രദ്ധേ കേന്ദ്രീകരിക്കാനുമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും മാലിക് പറഞ്ഞു.
ഈ ലോകകപ്പിൽ മൂന്ന് മത്സരങ്ങൾ കളിച്ച മാലിക്ക് എട്ടു റൺസ് മാത്രമാണെടുത്തത്. മോശം ഫോമിനെത്തുടർന്ന് പിന്നീട് ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടു. മാഞ്ചസ്റ്ററിൽ ഇന്ത്യക്കെതിരെയായിരുന്നു മാലിക്കിന്റെ അവസാന ഏകദിനം.
കരിയറിൽ 287 ഏകദിനങ്ങളിൽ നിന്ന് 34.55 ബാറ്റിങ് ശരാശരിയിൽ 7534 റൺസ് നേടിയിട്ടുണ്ട്. ഇതിൽ ഒമ്പത് സെഞ്ചുറിയും 44 അർധ സെഞ്ചുറിയും ഉൾപ്പെടുന്നു. 158 വിക്കറ്റ് വീഴ്ത്തി. 19 റൺസ് വഴങ്ങി നാല് വിക്കറ്റെടുത്തതാണ് ഏറ്റവും മികച്ച ബൗളിങ് പ്രകടനം. 1999 ഒക്ടോബറിൽ വെസ്റ്റിൻഡീസിന് എതിരെയായിരുന്നു മാലിക്കിന്റെ ഏകദിന അരങ്ങേറ്റം. ഇതോടെ 37-കാരന്റെ 20 വർഷത്തെ കരിയറിനാണ് വിരാമമാകുന്നത്.

Post a Comment

Previous Post Next Post
close