ലോകകപ്പ് ഇലവനില്‍ രണ്ട് ഇന്ത്യക്കാര്‍l
ലണ്ടന്‍: ഐ സി സി ലോകകപ്പ് ഇലവന്റെ ക്യാപ്റ്റന്‍ സ്ഥാനം ന്യൂസിലാന്‍ഡിനെ മുന്നില്‍ നിന്ന് പട നയിച്ച കെയിന്‍ വില്യംസണിന്. ഇന്ത്യന്‍ ടീമില്‍ നിന്ന് ഓപണര്‍ രോഹിത് ശര്‍മയും പേസര്‍ ജസ്പ്രീത് ബുമ്‌റയുമാണ് ഇലവനില്‍ ഇടം പിടിച്ചത്. ലോകകപ്പ് ഫൈനല്‍ കളിച്ച ആറ് പേര്‍ ഇലവനിലുണ്ട്. ഏറ്റവും കൂടുതല്‍ പേര്‍ ഇംഗ്ലണ്ട് ടീമില്‍ നിന്നാണ്. ഓപണര്‍ ജാസന്‍ റോയ്, മധ്യനിരയില്‍ ജോ റൂട്ട്്, ബെന്‍ സ്‌റ്റോക്‌സ്, ബൗളര്‍ ജോഫ്ര ആര്‍ചര്‍.

ന്യൂസിലന്‍ഡിന്റെ ക്യാപ്റ്റന് പുറമെ പേസര്‍ ലോക്കി ഫെര്‍ഗൂസനും ട്രെന്റ് ബൗള്‍ട്ടും ടീമിലുണ്ട്. ബംഗ്ലാദേശിന്റെ ഷാകിബ് അല്‍ ഹസന്‍, ആസ്‌ത്രേലിയയുടെ മിച്ചല്‍ സ്റ്റാര്‍ക്, അലക്‌സ് കാരെ എന്നിവര്‍.

രോഹിത് ശര്‍മ ടൂര്‍ണമെന്റ് ടോപ് സ്‌കോററാണ്. അഞ്ച് സെഞ്ച്വറികള്‍ ഉള്‍പ്പടെ 648 റണ്‍സാണ് രോഹിത് സ്‌കോര്‍ ചെയ്തത്. ജാസന്‍ റോയ് അഞ്ച് അര്‍ധസെഞ്ച്വറികളും ബംഗ്ലാദേശിനെതിരെ കാര്‍ഡിഫില്‍ സെഞ്ച്വറിയും നേടി.
മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ കെയിന്‍ വില്യംസണ്‍. ലോകകപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റന്‍ എന്ന റെക്കോര്‍ഡ് വില്യംസണ്‍ സ്വന്തമാക്കിയിരുന്നു. നാലാം നമ്പറില്‍ ജോ റൂട്ട്.

ഇംഗ്ലണ്ടിന്റെ ടോപ് സ്‌കോറര്‍. ടൂര്‍ണമെന്റിലെ റണ്‍വേട്ടയില്‍ അഞ്ചാം സ്ഥാനത്ത്. പാക്കിസ്ഥാനെതിരെയും വിന്‍ഡീസിനെതിരെയും സെഞ്ച്വറി നേടി. മൂന്ന് അര്‍ധസെഞ്ച്വറികളും റൂട്ട് നേടി.

അഞ്ചാമന്‍ ബംഗ്ലാദേശിന്റെ സൂപ്പര്‍ ആള്‍ റൗണ്ടര്‍ ഷാകിബ് അല്‍ ഹസനാണ്. രണ്ട് സെഞ്ച്വറികളും പതിനൊന്ന് വിക്കറ്റുകളും ഷാകിബിന്റെ എക്കൗണ്ടിലുണ്ട്.
രണ്ടാം ആള്‍ റൗണ്ടറായി ഇംഗ്ലണ്ടിന്റെ ഫൈനല്‍ ഹീറോ ബെന്‍ സ്‌റ്റോക്‌സ്. ടൂര്‍ണമെന്റിലുടനീളം സ്ഥിരത കാണിച്ച ബെന്‍സ്‌റ്റോക്‌സിന് എതിരില്ല. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ആസ്‌ത്രേലിയയുടെ അലക്‌സ് കാരെ. ഇരുപത് പുറത്താക്കലുകളാണ് കാരെ നടത്തിയത്. കിവീസിന്റെ ടോം ലാഥം മാത്രമാണ് കാരെയെക്കാള്‍ കൂടുതല്‍ പേരെ പുറത്താക്കിയത്.

375 റണ്‍സാണ് കാരെ ലോകകപ്പില്‍ നേടിയത്. ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുത്ത ഓസീസ് പേസര്‍ മിച്ചല്‍ സ്റ്റാര്‍കും എതിരില്ലാതെ ടീമിലിടം പിടിച്ചു. 27 വിക്കറ്റുകള്‍ വീഴ്ത്തിയ സ്റ്റാര്‍ക് ഗ്രെന്‍ മെഗ്രാത്തിന്റെ ലോകകപ്പ് റെക്കോര്‍ഡ് തകര്‍ത്തിരുന്നു.

ലോകകപ്പ ്‌സൂപ്പര്‍ ഓവര്‍ ഹീറോ ജോഫ്ര ആര്‍ചര്‍ ഇരുപത് വിക്കറ്റുകളാണ് എറിഞ്ഞിട്ടത്.
4.57 എക്കോണമി റേറ്റിലാണിത്. ന്യൂസിലാന്‍ഡിന്റെ ലോക്കി ഫെര്‍ഗൂസന്‍ 21 വിക്കറ്റുകളാണ് വീഴ്ത്തിയത്.
ബുമ്‌റ പതിനെട്ട് വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യന്‍ കുതിപ്പില്‍ നിര്‍ണായക പങ്ക് വഹിച്ചിരുന്നു.

മുന്‍ രാജ്യാന്തര താരങ്ങളും കമെന്റേറ്റര്‍മാരും ചേര്‍ന്നാണ് ലോകകപ്പ് ഇലവനെ തിരഞ്ഞെടുത്തത്.
ഇയാന്‍ ബിഷപ്, ഇയാന്‍ സ്മിത്, ഇസ ഗുഹ, ക്രിക്കറ്റ് എഴുത്തുകാരന്‍ ലോറന്‍സ് ബൂത്ത്, ഐ സി സി ജനറല്‍ മാനേജര്‍ ക്രിക്കറ്റ് ജെഫ് അലര്‍ഡൈസ് എന്നിവരാണ് തിരഞ്ഞെടുപ്പ് സമിതി.Post a Comment

Previous Post Next Post
close