പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് വെച്ച് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്


പശുക്കടത്ത് ആരോപിച്ച് കാസര്‍കോട് വെച്ച് കര്‍ണ്ണാടക സ്വദേശികള്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ പ്രതികളെ കണ്ടെത്താനാകാതെ പൊലീസ്. സംഭവം നടന്ന് രണ്ടാഴ്ച പിന്നിട്ടിട്ടും അക്രമികളെ പിടികൂടാത്താത്തില്‍ ശക്തമായ പ്രതിഷേധമാണ് ഉയരുന്നത്. അന്വേഷണം തുടരുകയാണെന്നാണ് പൊലീസ് വിശദീകരണം.

കഴിഞ്ഞ മാസം 24 ആം തീയതിയാണ് കര്‍ണാടകയില്‍ നിന്നും കാസര്‍കോട്ടേക്ക് പശുവുമായി വന്ന കര്‍ണാടക പുത്തൂര്‍ സ്വദേശികളായ രണ്ട് പേര്‍ക്ക് മര്‍ദനമേറ്റത്. ഈ ആക്രമണത്തില്‍ പങ്കെടുത്തവരില്‍ കണ്ടാലറിയാവുന്ന നാല് പേരുടെ പേര് വിവരങ്ങള്‍ വെച്ച് പരാതി നല്‍കിയിട്ട് പോലും പൊലീസിന് ഇത് വരെയും പ്രതികളെ പിടിക്കാനായില്ല. സംഭവം നടന്ന് രണ്ടാഴ്ച്ച പിന്നിട്ടിട്ടും പ്രതികളെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാവുകയാണ്. പൊലീസിന്‍റെ തെറ്റായ സമീപനം കൊണ്ടാണ് പ്രതികള്‍ പിടിയിലാകാത്തതെന്നാണ് വിമര്‍ശനം.
‌കാസര്‍കോട് എന്‍മകജെ മഞ്ചനടുക്കയില്‍ വെച്ചാണ് പശുവുമായി വരുന്ന പിക്ക്അപ് വാന്‍ പിന്തുടര്‍ന്നെത്തിയ സംഘം പിക്കപ്പ് വാന്‍ ഡ്രൈവര്‍ കര്‍ണാടക പുത്തൂര്‍‍ സ്വദേശി ഹംസയെയും സഹായി അല്‍ത്താഫിനെയും ആക്രമിച്ചത്. ഇവരുടെ പിക്കപ്പ് വാന്‍ സംഘം കടത്തി കൊണ്ട് പോയി. പിന്നീട് വാഹനം വഴിയിലുപേക്ഷിച്ചു പ്രതികള്‍ രക്ഷപ്പെട്ടു. സംഭവത്തില്‍ സംഘം ചേര്‍ന്ന കവര്‍ച്ചക്കാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ പിടികൂടാന്‍ ഇനിയും വൈകിയാല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനാണ് മുസ്ലിം യൂത്ത് ലീഗ് തീരുമാനം.

ഇതിനിടെ കേസില്‍ ഉള്‍പ്പെട്ട പ്രതികളിലൊരാള്‍ കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്. ജാമ്യാപേക്ഷ കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.

Post a Comment

Previous Post Next Post
close