കേരള സര്‍ക്കാരിന്റെ പേരില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചു സമൂഹമാധ്യമങ്ങള്‍ വഴി ലോട്ടറി തട്ടിപ്പ്
പാലക്കാട് : കേരള സര്‍ക്കാരിന്റെ പേരില്‍ വ്യാജരേഖകള്‍ സൃഷ്ടിച്ചു സമൂഹമാധ്യമങ്ങള്‍ വഴി ലോട്ടറി തട്ടിപ്പ്. കേരള ലോട്ടറി ടിക്കറ്റുകളുടെ വില്‍പന ഉടന്‍ ഇതര സംസ്ഥാനങ്ങളില്‍ ആരംഭിക്കുമെന്നും ഇക്കാര്യം കേരളം രഹസ്യമായി വച്ചിരിക്കുകയാണെന്നും ഇവര്‍ അവകാശപ്പെടുന്നു.

തമിഴ്‌നാട് കേന്ദ്രീകരിച്ച്‌, കേരള ലോട്ടറി ഓണ്‍ലൈന്‍ ഗെയിം എന്ന പേരിലാണു സമാന്തര ലോട്ടറി സംവിധാനം.

കേരള സര്‍ക്കാരിന്റെ മുദ്ര പതിപ്പിച്ച വ്യാജ ഏജന്‍സി സര്‍ട്ടിഫിക്കറ്റുകളും പ്രചരിപ്പിക്കുന്നുണ്ട്. കേരള ലോട്ടറി ആസ്ഥാനത്തു നിന്നെന്നു പറഞ്ഞാണ്, ഇടപാടുകാരെ ക്ഷണിക്കുന്ന വിഡിയോ ആരംഭിക്കുന്നത്.

ലോട്ടറിയുടെ അവസാനത്തെ മൂന്ന് അക്കം ഇടപാടുകാര്‍ക്കു നല്‍കിയാണു തട്ടിപ്പ് നടത്തുന്നത്. 1500 രൂപയാണ് ഓണ്‍ലൈന്‍ ഗെയിമിനുള്ള റജിസ്‌ട്രേഷന്‍ ഫീസ്. ഓരോ അക്കത്തിനും നിരക്കു നിശ്ചയിച്ചിട്ടുണ്ട്.

തമിഴ്‌നാട്ടില്‍ ഒരുപാടു പേര്‍ കബളിപ്പിക്കപ്പെട്ടിട്ടുണ്ട്. അവിടെ ലോട്ടറി ഇടപാട് നിയമവിരുദ്ധമായതിനാല്‍ പരാതിപ്പെടാനും കഴിയില്ല. വിഷയം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ടു പൊലീസിനു പരാതി നല്‍കിയിട്ടുണ്ടെന്നും സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പറയുന്നു.

ലോട്ടറി നിരോധനമുള്ള തമിഴ്‌നാട്ടിലെ സാധാരണക്കാരെ ലക്ഷ്യമിട്ടാണ് ഓണ്‍ലൈന്‍ ലോട്ടറി ഗെയിം. ഇതിനെതിരെ കര്‍ശന നിലപാട് സ്വീകരിക്കണമെന്ന് കേരളവും അറിയിച്ചു.

Post a Comment

Previous Post Next Post
close