അഴിമതി ആരോപണം: ഫുട്ബോൾ ഇതിഹാസം മെസ്സിയെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയെന്ന് സൂചനറിയോ ഡി ജനീറോ:
അർജന്റീനയുടെ ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയെ കാത്തിരിക്കുന്നത് കോൺമബോളിന്റെ കടുത്ത ശിക്ഷയെന്ന് സൂചന. കോപ്പ അമേരിക്ക ഫുട്ബോളുമായി ബന്ധപ്പെട്ട് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനെ കടുത്ത ഭാഷയിൽ വിമർശിച്ച മെസ്സിക്കെതിരേ കടുത്ത ശിക്ഷാ നടപടി കൈക്കൊണ്ടേക്കുമെന്നാണ് റിപ്പോർട്ട്. മെസ്സിക്ക് കോൺമബോൾ രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്തിയേക്കുമെന്നാണ് പ്രശസ്ത സ്പോർട്സ് വെബ്സൈറ്റായ എ എസ് റിപ്പോർട്ട് ചെയ്യുന്നത്. ചിലിക്കെതിരായ ലൂസേഴ്സ് ഫൈനലിൽ ചുവപ്പു കാർഡ് കാണേണ്ടിവന്ന മെസ്സി കടുത്ത ഭാഷയിലാണ് ലാറ്റിനമേരിക്കൻ ഫുട്ബോൾ ഫെഡറേഷനായ കോൺമബോളിനെ വിമർശിച്ചത്. പ്രതിഷേധസൂചനകമായി മൂന്നാം സ്ഥാനക്കാർക്കുള്ള മെഡൽ വാങ്ങാൻ വിസമ്മതിച്ച മെസ്സി കോൺമബോൾ ആതിഥേയരായ ബ്രസീലിനുവേണ്ടി കള്ളക്കളി കളിക്കുകയാണെന്ന് ആരോപിച്ചിരുന്നു. ഫെഡറേഷന്റെ അഴിമതിയാണ് കോപ്പ അമേരിക്കയിൽ കണ്ടതെന്നും മെസ്സി മത്സരശേഷം മിക്സഡ് സോണിൽ വച്ച് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. എന്നാൽ, ഫുട്ബോൾ ഫെഡറേഷന്റെ മെസ്സിയുടെ ഗുരുതരമായ ആരോപണം തള്ളിക്കളയുകയാണുണ്ടായത്. ഫുട്ബോളിൽ ജയവും തോൽവിയും സാധാരണമാണ്. മത്സരഫലം എന്തുതന്നെയായാലും അതിനെ മാന്യമായി സ്വീകരിക്കുന്നതാണ് ഫെയർ പ്ലെ. റഫറിമാർ മനുഷ്യരാണ്. അതുകൊണ്ട് തന്നെ അവർക്ക് തെറ്റുകൾ സംഭവിക്കാം. ഇതിനെതിരേ ഇത്തരത്തിൽ പ്രതിരിക്കുന്നത് ആശാസ്യകരമല്ല. പന്ത്രണ്ട് രാജ്യങ്ങൾ മാറ്റുരച്ച ഒരു ടൂർണമെന്റിനെ കുറിച്ച് ഇതുപോലുള്ള ഗുരുതരവും വസ്തുതാവിരുദ്ധവുമായ ആരോപണങ്ങൾ ഉന്നയിക്കുന്നത് ശരിയായ കാര്യമല്ല. ടൂർണമെന്റിന് അവമതിപ്പ് ഉണ്ടാക്കുന്ന ആരോപണങ്ങളാണ് ഇത്. 2016 മുതൽ ലാറ്റിനമേരിക്കയിലെ ഫുട്ബോൾ നടത്തിപ്പ് സുതാര്യമാക്കൻ പ്രയത്നിച്ചുകൊണ്ടിരിക്കുകയാണ് ഞങ്ങൾ-ഫെഡറേഷൻ പറഞ്ഞു. കോൺമെബോളിന്റെ നിയമപ്രകാരം അതിഗുരുതരമായ വീഴ്ചയാണ് മെസ്സിയുടെ ഭാഗത്ത് നിന്നുണ്ടായിരിക്കുന്നത്. ഇതനുസരിച്ച് കുറ്റക്കാരനാണെന്ന് തെളിഞ്ഞാൽ മെസ്സിക്ക് രണ്ട് വർഷത്തെ വിലക്ക് വരെ ലഭിക്കാം. അങ്ങനെ വന്നാൽ 2022 ഖത്തർ ലോകകപ്പിന്റെ യോഗ്യതാ മത്സരങ്ങളിലും 2020ൽ അർജന്റീനയും കൊളംബിയയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന കോപ്പ അമേരിക്ക ഫുട്ബോളിലും മെസ്സിക്ക് അർജന്റീനയ്ക്കുവേണ്ടി കളിക്കാനാവില്ല.

Post a Comment

Previous Post Next Post
close