മോത്തിലാല്‍ വോറ കോണ്‍ഗ്രസിന്റെ ഇടക്കാല പ്രസിഡന്റ്ന്യൂഡല്‍ഹി:
കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്നുള്ള രാഹുല്‍ഗാന്ധി ഔദ്യോഗികമായി പുറത്തുവിട്ടതിന് പിന്നാലെ താത്കാലിക അധ്യക്ഷനെ പാര്‍ട്ടി ചുമതലപ്പെടുത്തി. മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും നിലവിലെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയുമായ മോത്തിലാല്‍ വോറയാണ് ഇടക്കാല പ്രസിഡന്റ്.1985- 89 കാലഘട്ടത്തില്‍ മധ്യപ്രദേശിന്റെ മുഖ്യമന്ത്രിയായിരുന്നയാളാണ് മോത്തിലാല്‍ വോറ.
സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകനായി രാഷ്ട്രീയ ജീവിതം ആരംഭിച്ച വോറ 1970ലാണ് കോണ്‍ഗ്രസില്‍ ചേരുന്നത്. 1988ല്‍ രാജ്യസഭയിലൂടെ ദേശീയ രാഷ്ട്രീയത്തിലെത്തിയ വോറ കേന്ദ്രമന്ത്രിയായിരുന്നു. 1993ല്‍ യു പി ഗവര്‍ണറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
നെഹ്‌റു കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തുന്നയാളാണ് മോത്തിലാല്‍ വോറ.
ഇന്ന് ഉച്ചക്ക് രാഹുല്‍ താന്‍ നേരത്തെ പാര്‍ട്ടിക്ക് നല്‍കിയ രാജിക്കത്ത് ട്വിറ്റര്‍ വഴി പുറത്തുവിട്ടതോടെയാണ് താത്കാലിക അധ്യക്ഷനെ പാര്‍ട്ടി കണ്ടെത്തിയത്. പാര്‍ട്ടിക്ക് നല്‍കിയ നാല് പേജുള്ള കത്താണ് രാഹുല്‍ ട്വിറ്റര്‍ വഴി പങ്കുവെച്ചത്.തിരഞ്ഞെടുപ്പ് തോല്‍വിയുടെ പൂര്‍ണ ഉത്തരാവദിത്വം ഏറ്റെടുത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ കത്തില്‍ പറയുന്നു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത് പാര്‍ട്ടിയുടെ ഭാവിക്ക് അത്യന്താപേക്ഷിതമാണ്. അതുകൊണ്ടാണ് താന്‍ രാജി സമര്‍പ്പിക്കുന്നത്. പുതിയ അധ്യക്ഷനെ താന്‍ നാമനിര്‍ദേശം ചെയ്യണമെന്ന് പല സഹപ്രവര്‍ത്തകരും ആവശ്യപ്പെട്ടിരുന്നു. അത് ശരിയാണെന്ന് താന്‍ വിചാരിക്കുന്നില്ല. പാര്‍ട്ടി തന്നെ പുതിയ അധ്യക്ഷനെ തിരഞ്ഞെടുക്കണമെന്നും രാഹുല്‍ കത്തില്‍ പറയുന്നു.
ബി ജെ പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാറിനും ആര്‍ എസ് എസിനുമെതിരായ പോരാട്ടത്തില്‍ താന്‍ മുന്‍നിരയില്‍ ഉണ്ടാകുമെന്നും രാഹുല്‍ പറഞ്ഞു


Post a Comment

Previous Post Next Post
close