ലോകകപ്പിന് ശേഷം എം.എസ് ധോണി വിരമിച്ചേക്കുംമുംബൈ:
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ സീനിയര്‍ താരവും മുന്‍ ക്യാപ്റ്റനുമായിരുന്ന മഹേന്ദ്ര സിംഗ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് ലോകകപ്പോടെ വിരമിക്കുമെന്ന് സൂചന. പി ടി എയെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ധോണി ഈ ലോകകപ്പിന് ശേഷം ഇന്ത്യക്കായി കളിക്കുമോ എന്ന കാര്യം സംശയമാണെന്ന് ബി സി സി ഐ പ്രതിനിധി മാധ്യമങ്ങളോട് അറിയിച്ചതായിട്ടാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ബി സി സി ഐയോ സിലക്ഷന്‍ കമ്മിറ്റിയോ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ നടത്തിയിട്ടില്ലെന്നാണ് വിവരം. ഔദ്യോഗികമായി ഇക്കാര്യങ്ങള്‍ പുറത്ത് വന്നിട്ടുമില്ല. ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാനുള്ള തീരുമാനവും ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാനുള്ള തീരുമാനവും ധോണി ഇത്തരത്തില്‍ പൊടുന്നനെ എടുത്തവയായിരുന്നു.
ധോണി എന്താണ് ചിന്തിക്കുന്നത് എന്ന് അറിയില്ലെങ്കിലും ലോകകപ്പിനുശേഷം അദ്ദേഹം രാജ്യാന്തര ക്രിക്കറ്റില്‍ തുടരാന്‍ ഇടയില്ലെന്ന് ബിസിസിഐ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തത്.
ഈ ലോകകപ്പില്‍ ഇതുവരെ ഏഴ് കളികളില്‍ നിന്ന് 223 റണ്‍സ് നേടിയെങ്കിലും ധോണിയുടെ മെല്ലെപ്പോക്കിനെതിരെ പലകോണുകളില്‍ നിന്നും വിമര്‍ശനമുയര്‍ന്നിരുന്നു. സച്ചിന്‍ ടെന്‍ഡുല്‍ക്കറും സൗരവ് ഗാംഗുലിയുമടക്കം ധോണിയുടെ ബാറ്റിംഗ് സമീപനത്തിനെതിരെ പരസ്യമായി രംഗത്തുവന്നിരുന്നു.
ഇംഗ്ലണ്ടിനും ബംഗ്ലാദേശിനുമെതിരായ മത്സരങ്ങളിലെ അവസാന ഓവറുകളിലെ പ്രകടനമാണ് ഏറ്റവും അധികം വിമര്‍ശനം വരുത്തിവച്ചത്.
ഇന്ത്യക്കായി 348 ഏകദിനങ്ങള്‍ കളിച്ചിട്ടുള്ള ധോണി 50.58 റണ്‍സ് ശരാശരിയില്‍ 10 സെഞ്ചുറികളും 72 അര്‍ധസെഞ്ചുറികളും അടക്കം 10723 റണ്‍സ് നേടിയിട്ടുണ്ട്. ടി20 മത്സരങ്ങളില്‍ നിന്നായി 37.60 ശരാശരിയില്‍ 1617 റണ്‍സാണ് ധോണിയുടെ സമ്പാദ്യം. രണ്ട് അര്‍ധസെഞ്ചുറികളും ടി20യില്‍ ധോണിയുടെ പേരിലുണ്ട്്. ഈ ലോകകപ്പില്‍ ഏഴ് മത്സരങ്ങളില്‍ നിന്ന് 223 റണ്‍സാണ് ധോണി നേടിയത്.


Post a Comment

Previous Post Next Post
close