തീവണ്ടിക്ക് മുകളില്‍ക്കയറി സെല്‍ഫി: കോളേജ് വിദ്യാര്‍ഥി ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേറ്റ് തെറിച്ചുവീണുപാലക്കാട്:
പാലക്കാട് ജങ്‌ഷന്‍ റെയില്‍വേ സ്റ്റേഷന് സമീപം ഗുഡ്സ് യാഡില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വാഗണിന് മുകളില്‍ക്കയറി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച കോളേജ് വിദ്യാര്‍ഥിക്ക് ഷോക്കേറ്റു.

വടക്കഞ്ചേരി കൊന്നഞ്ചേരി സ്വദേശി ശിവദാസന്റെ മകന്‍ ആദര്‍ശിനാണ് (20) വാഗണിന് മുകളിലൂടെ കടന്നുപോകുന്ന വൈദ്യുതലൈനില്‍നിന്ന്‌ ഷോക്കേറ്റത്. ഗുരുതര പരിക്കേറ്റ ആദര്‍ശിനെ തൃശ്ശൂര്‍ മെഡിക്കല്‍കോളേജില്‍ പ്രവേശിപ്പിച്ചു. പാമ്ബാടി സ്വകാര്യകോളേജിലെ വിദ്യാര്‍ഥിയാണ് ആദര്‍ശ്.
വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് 3.10ഓടെയാണ് സംഭവം. സുഹൃത്ത് കൊന്നഞ്ചേരി സ്വദേശി ജെബ്രിനൊപ്പം സ്കൂട്ടറിലാണ് ആദര്‍ശ് സ്റ്റേഷനിലെത്തിയത്. ഇരുവരും ഗുഡ്സ്‌ ഷെഡ്‌ഡിന് സമീപം എത്തിയശേഷം ആദര്‍ശ് 11-ാം നമ്ബര്‍ ട്രാക്കില്‍ നിര്‍ത്തിയിട്ടിരുന്ന ഗുഡ്സ് വാഗണില്‍ കയറുകയായിരുന്നെന്ന് ആര്‍.പി.എഫ്. അധികൃതര്‍ പറഞ്ഞു.
മുകളില്‍ക്കയറിയ വിദ്യാര്‍ഥി മൊബൈല്‍ഫോണില്‍ ചിത്രമെടുക്കാന്‍ ശ്രമിക്കുന്നതിനിടെ തീവണ്ടിക്ക് വൈദ്യുതിനല്‍കുന്ന ഹൈടെന്‍ഷന്‍ ലൈനില്‍ത്തട്ടി ഷോക്കേല്‍ക്കുകയായിരുന്നു.
ഷോക്കേറ്റ് വാഗണിന് മുകളില്‍നിന്ന് തെറിച്ചുവീണ ആദര്‍ശ് യാഡ് പ്ളാറ്റ്ഫോമിന്റെ സിമന്റ് തറയില്‍ തലയടിച്ചുവീണു. തലയ്ക്ക് സാരമായി പരിക്കേറ്റതിനുപുറമേ ഷോക്കേറ്റതിനെത്തുടര്‍ന്ന് ആദര്‍ശിന്റെ നെഞ്ചിലും ഇടതുകാലിലും പരിക്കുണ്ട്. വിവരമറിഞ്ഞ് സംഭവസ്ഥലത്ത് ഓടിയെത്തിയ ആര്‍.പി.എഫ്. ജീവനക്കാര്‍ പ്രഥമശുശ്രൂഷ നല്‍കിയശേഷം ജെബ്രിന്റെയും നാട്ടുകാരുടെയും സഹായത്തോടെ ആദര്‍ശിനെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ബന്ധുക്കളെത്തി പിന്നീട് വിദഗ്ധ ചികിത്സയ്‌ക്കായി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.
സംഭവത്തില്‍ റെയില്‍വേ ഗുഡ്സ് യാഡില്‍ അധിക്രമിച്ചുകടന്നതിന് വിദ്യാര്‍ഥിക്കെതിരേ നിയമനടപടി ഉണ്ടാകുമെന്ന് ആര്‍.പി.എഫ്. അധികൃതര്‍ പറഞ്ഞു. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് ജെബ്രിനോട് ശനിയാഴ്ച ഓഫീസില്‍ ഹാജരാവാന്‍ ആര്‍.പി.എഫ്. ആവശ്യപ്പെട്ടിട്ടുണ്ട്.

Post a Comment

Previous Post Next Post
close