ജയിച്ചിട്ടും വോട്ടുകുറഞ്ഞ് എൽഡിഎഫ്; യുഡിഎഫിന് കുറഞ്ഞത് 7690 വോട്ടുകൾ; എൻഡിഎയ്ക്ക് കുറഞ്ഞത് 6777 വോട്ടുകൾ

കോട്ടയം:

പാലാ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയ്ക്ക് ജയം സ്വന്തമാക്കാനായെങ്കിലും വോട്ടിൽ കുറവുവന്നത് ശ്രദ്ധേയമായി. മൂന്ന് മുന്നണികൾക്കും 2016 നിയമസഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കൾ കുറവ് വോട്ടാണ് ഉപതെരഞ്ഞെടുപ്പിൽ ലഭിച്ചത്.
2016 നിയമസഭാ തെരഞ്ഞെടുപ്പിൽ കെഎം മാണി വിജയിച്ചത് 4703 വോട്ടിന്റെ ഭൂരിപക്ഷത്തിലായിരുന്നു. അന്ന് മാണിയ്ക്ക് ലഭിച്ചത് 58,884 വോട്ടുകളായിരുന്നു. എന്നാൽ 2019 ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ച ജോസ് ടോമിന് ലഭിച്ചത് 51194 വോട്ടുകളാണ്. കണക്ക് പരിശോധിക്കുമ്പോൾ 7690 വോട്ടുകളുടെ കുറവാണ് ഉപതെരഞ്ഞെടുപ്പിൽ യുഡിഎഫിനുള്ളത്.
2016ൽ കെഎം മാണിയ്ക്കെതിരെ മത്സരിച്ചപ്പോൾ മാണി സി കാപ്പന് ലഭിച്ചത് 54181 വോട്ടുകളാണ്. എന്നാൽ 2019ൽ വിജയിച്ചിട്ടും മാണി സി കാപ്പന് ലഭിച്ചത് 54137 വോട്ടുകളാണ്. 44 വോട്ടിന്റെ കുറവ്.
2016ൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിച്ച എൻഹരിയ്ക്ക് ലഭിച്ചത് 24821 വോട്ടുകളായിരുന്നു. എന്നാൽ 2019ൽ ഹരിയ്ക്ക് ലഭിച്ചത് 18044 വോട്ടുകളാണ്. 6777 വോട്ടുകളുടെ കുറവാണ് മണ്ഡലത്തിൽ എൻഡിഎയ്ക്കുള്ളത്.
യുഡിഎഫിനെ തോൽപ്പിക്കാൻ ബിജെപി എൽഡിഎഫിന് വോട്ടുമറിച്ചുവെന്നാണ് കോൺഗ്രസ് ആരോപിക്കുന്നത്. എന്നാൽ ബിജെപിയ്ക്ക് നഷ്ടമായതിനേക്കാൾ കൂടുതൽ വോട്ടുകൾ യുഡിഎഫിനാണ് നഷ്ടമായിരിക്കുന്നത്. 2019 ലോക്സഭാ തെരഞ്ഞെടുപ്പിൽ ലഭിച്ചതിനേക്കാൾ 15777 വോട്ടുകൾ കുറവാണ് യുഡിഎഫിനുള്ളത്.
പോളിംഗ് ശതമാനിത്തിലുണ്ടായ കുറവാണ് വോട്ടിൽ കുറവുണ്ടാകാൻ കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. 2016 ൽ 77.25 ശതമാനമായിരുന്ന പോളിംഗ് എന്നാൽ 2019ൽ 71.25 ശതമാനമായി പോളിംഗ് കുറഞ്ഞു.


Post a Comment

Previous Post Next Post
close