കുമ്മനത്തിനും സുരേന്ദ്രനും ആർ.എസ്.എസിന്റെ പച്ചക്കൊടി;ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളാകുംതിരുവനന്തപുരം: വട്ടിയൂർക്കാവിൽ കുമ്മനം രാജശേഖരനും കോന്നിയിൽ ജനറൽസെക്രട്ടറി കെ. സുരേന്ദ്രനും ഉപതിരഞ്ഞെടുപ്പിൽ ബി.ജെ.പി. സ്ഥാനാർഥികളാകും. മത്സരിക്കാനില്ലെന്നുപറഞ്ഞ് മാറിനിൽക്കുകയായിരുന്നു രണ്ടുപേരും. ഇരുവരെയും സ്ഥാനാർഥികളാക്കാൻ ആർ.എസ്.എസ്. സമ്മതം മൂളിയതോടെ തീരുമാനം മാറുകയായിരുന്നു. ബി.ജെ.പി. കേന്ദ്രഘടകത്തിന്റെ മുന്നിലാണ് ഇവരടക്കം നാലുമണ്ഡലങ്ങളിലെയും സ്ഥാനാർഥികളുടെ ചുരുക്കപ്പട്ടികയുള്ളത്. അരൂരിൽ ബി.ഡി.ജെ.എസ്. മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ ആ സീറ്റ് ബി.ജെ.പി ഏറ്റെടുക്കും. അരൂരിലെ സാമുദായിക സമവാക്യങ്ങൾ പരിഗണിച്ച് യുവനേതാവിനെ ബി.ജെ.പി. കണ്ടെത്തിയിട്ടുണ്ട്. കുമ്മനം രാജശേഖരനെ മത്സരിപ്പിക്കാൻ ആർ.എസ്.എസ്. മുൻകൈയെടുക്കാതിരുന്നതാണ് പ്രശ്നമായത്. തിരുവനന്തപുരത്ത് ലോക്സഭാ തിരഞ്ഞെടുപ്പിൽ കുമ്മനത്തിനുണ്ടായ പരാജയം ആർ.എസ്.എസിനെ രണ്ടാമതൊന്നാലോചിക്കാൻ പ്രേരിപ്പിച്ചു. വട്ടിയൂർക്കാവിലേക്ക് തിരുവനന്തപുരം മേയർ വി.കെ. പ്രശാന്തിനെ ഇടതുമുന്നണി സ്ഥാനാർഥിയാക്കിയതും മുൻ എം.എൽ.എ. കെ. മോഹൻകുമാറിനെ പരിഗണിക്കാൻ യു.ഡി.എഫ്. തീരുമാനിക്കുകയും ചെയ്തതോടെ ശക്തനായ സ്ഥാനാർഥി വേണമെന്നു ബി.ജെ.പിയും തീരുമാനിച്ചു. ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കുമ്മനം രാജശേഖരൻ രണ്ടാമതെത്തിയതിനാൽ ഇത്തവണ വട്ടിയൂർക്കാവിൽ ജയിക്കാമെന്ന ഉറച്ച കണക്കുകൂട്ടലിലാണ് ബി.ജെ.പി. ഈ നിഗമനത്തോട് ആർ.എസ്.എസിനു യോജിക്കേണ്ടിവന്നു. കുമ്മനത്തിന് ലോക്സഭാ തിരഞ്ഞെടുപ്പിൽ യു.ഡി.എഫുമായുള്ള വോട്ടുവ്യത്യാസം തീരെ കുറവുമായിരുന്നു. ഇതും കുമ്മനത്തിന് അനുകൂല നിലപാട് എടുക്കാൻ ആർ.എസ്.എസിനെ പ്രേരിപ്പിച്ചു. കുമ്മനത്തിന്റെ അനുമതിയോടെയാണ് അദ്ദേഹത്തിന്റെ പേരുൾപ്പെടുത്തി സാധ്യതാപട്ടിക കേന്ദ്രനത്തിനയച്ചതും. ലോക്സഭാ തിരഞ്ഞെടുപ്പിൽ പത്തനംതിട്ടയിലെ മികച്ച മുന്നേറ്റമാണ് കോന്നിയിൽ കെ. സുരേന്ദ്രനെ തുടക്കത്തിൽത്തന്നെ പരിഗണിക്കാനുള്ള കാരണം. എന്നാൽ, പാർട്ടിയുടെ സംസ്ഥാന അധ്യക്ഷപദവി പ്രതീക്ഷിക്കുന്ന സുരേന്ദ്രൻ മത്സരിക്കാൻ ഒട്ടും സന്നദ്ധനായില്ല. മറ്റൊരു ജനറൽ സെക്രട്ടറി ശോഭാസുരേന്ദ്രനെയാണ് അടുത്തതായി പാർട്ടി പരിഗണിച്ചിരുന്നത്.

Post a Comment

Previous Post Next Post
close