സ്‌കൂളില്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ചു; ആറു വയസുകാരിയെ പിതാവ് ശ്വാസംമുട്ടിച്ചു കൊന്നു

ചണ്ഡിഗഡ്: ഹരിയാനയില്‍ ആറ് വയസുള്ള മകളെ പിതാവ് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. ദാബ്‌ഖേര ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. ജബ്‌സീര്‍ സിംഗാണ് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ പണം ചോദിച്ചതിന് സ്വന്തം മകളെ കൊലപ്പെടുത്തിയത്. ഇയാള്‍ക്കെതിരെ ഭാര്യ ഹരീന്ദര്‍ കൗര്‍ പൊലീസില്‍ പരാതി നല്‍കി.


മകള്‍ക്ക് സ്‌കൂള്‍ ഫീസ് അടയ്ക്കാന്‍ താന്‍ എന്നും പണം ചോദിക്കുമായിരുന്നു. പക്ഷെ ഇയാള്‍ പണം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കുട്ടി പിതാവിനോട് ഫീസ് ആവശ്യപ്പെട്ടത്. എന്നാല്‍ കുട്ടി ഫീസ് അടയ്ക്കാന്‍ പണം ആവശ്യപ്പെട്ടതോടെ ഇയാള്‍ ദേഷ്യപ്പെടുകയും കുട്ടിയോട് തട്ടിക്കയറുകയും ചെയ്തു. പിന്നീടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് കുട്ടിയുടെ അമ്മ പൊലീസിനോട് പറഞ്ഞു.
എന്നാല്‍ കൊലപാതകത്തിന്റെ കാരണമെന്താണെന്ന് സ്ഥിരീകരിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും വിശദമായ അന്വേഷണത്തിന് ശേഷം മാത്രമെ ഇത് സംബന്ധിച്ച് വ്യക്തത ഉണ്ടാകുവെന്നും പൊലീസ് അറിയിച്ചു.
സംഭവത്തില്‍ കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കേസില്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

Post a Comment

Previous Post Next Post
close