അടുത്ത അധ്യയനവര്‍ഷം മുതല്‍ സ്‌കൂളുകളും കോളജുകളും ജൂണ്‍ ഒന്നിന് തുറക്കുമെന്ന് മന്ത്രി കെ ടി ജലീല്‍
അടുത്ത വര്‍ഷം മുതല്‍ സ്‌കൂളും കോളജുകളും മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളും എല്ലാം ജൂണ്‍ ഒന്നിന് ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ് മന്ത്രി കെടി ജലീല്‍. ഇതിനായി ശക്തമായ നടപടിയാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുതുവല്ലൂര്‍ ഐ എച്ച് ആര്‍ഡിയുടെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിലേക്ക് ജോലി തേടി വരുന്ന പോലെ ഉന്നത വിദ്യാഭ്യാസത്തിന് ആരും വരുന്നില്ലന്നും അത് പഠനാരംഭത്തിന്റെ പ്രശ്‌നമാണന്നും മന്ത്രി പറഞ്ഞു. ഇത് പരിഹരിക്കാന്‍ അടുത്ത വര്‍ഷം ജൂണ്‍ ഒന്നിന് സ്‌കൂള്‍, കോളജ് മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എല്ലാം ഒരേ സമയത്ത് പഠനാരംഭം കുറിക്കുമെന്നും സര്‍ക്കാര്‍ അതിനായുള്ള കഠിനപരിശ്രമത്തിലാണന്നും മന്ത്രി പറഞ്ഞു.
ചടങ്ങില്‍ കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹീം അധ്യക്ഷത വഹിച്ചു. ഐഎച്ച്ആര്‍ഡി ഡയറക്ടര്‍ ഡോ. പി സുരേഷ് കുമാര്‍, മുതുവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് കെ എ സഗീര്‍, കോളജ് പ്രന്‍സിപ്പല്‍ സിസ്സി ജോണ്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Post a Comment

Previous Post Next Post
close