ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരും: സഊദി കിരീടവകാശി


റിയാദ്:
സഊദി അറേബ്യയും ഇറാനും തമ്മിലുള്ള പോര് ഒരു യുദ്ധത്തിന്റെ വക്കില്ലെത്തിയിരിക്കെ ഇന്ധന വിലയുടെ കാര്യത്തില്‍ വലിയ മുന്നറിപ്പുമായി മുഹമ്മദ് ബിന്‍ സല്‍മാന്‍. ഇറാനെതിരെ ലോകരാജ്യങ്ങള്‍ ഒന്നിച്ചില്ലെങ്കില്‍ എണ്ണവില സങ്കല്‍പ്പിക്കാനാവാത്ത വിധം ഉയരുമെന്നാണ് സഊദി കിരീടവകാശിയായ മുഹമ്മദ് ബിന്‍ സല്‍മാന്റെ മുന്നറിയിപ്പ് .
ടെഹ്‌റാനുമായുള്ള റിയാദിന്റെ തര്‍ക്കം ഇനിയും ഉയര്‍ന്നാല്‍ അത് ലോക സമ്പദ് വ്യവസ്ഥയെ ഭയപ്പെടുത്തുന്ന രീതിയിലേക്ക് കാര്യങ്ങളെത്തും. ജീവിതത്തില്‍ ആരും കണ്ടിട്ടില്ലാത്ത വിധം എണ്ണ വില ഉയരും. ഇറാനെ പിന്തിരിപ്പിക്കാന്‍ ലോകരാജ്യങ്ങള്‍ തയ്യാറാകണം. ഇല്ലെങ്കില്‍ ഇന്ധന വിതരണം തടസ്സപ്പെടും- സി ബി എസിന് നല്‍കിയ അഭിമുഖത്തില്‍ സല്‍മാന്‍ പറഞ്ഞു.
ഇറാനും സൗദിയും തമ്മില്‍ ഒരു യുദ്ധമുണ്ടാകുന്നതിനോട് യോജിക്കുന്നില്ല. ഇരു രാജ്യങ്ങളും തമ്മിലുള്ള യുദ്ധം നടന്നാല്‍ അത് വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും. ലോകത്തെ ഇന്ധന വിതരണത്തിന്റെ 30 ശതമാനവും ആഗോള വ്യാപാര ഭാഗങ്ങളുടെ 20 ശതമാനവും ലോക ജി ഡി പിയുടെ നാല് ശതമാനവും പ്രതിനിധീകരിക്കുന്നത് സഊദിയാണ്. ഈ മൂന്ന് കാര്യങ്ങളും അവസാനിക്കുന്നുവെന്ന് കരുതുക. അത് ബാധിക്കുക സഊദി അറേബ്യയെയോ മിഡില്‍ ഈസ്റ്റിനെയോ മാത്രമല്ല. ആഗോള സമ്പദ് വ്യവസ്ഥയുടെ മൊത്തത്തിലുള്ള തകര്‍ച്ചക്ക് ഇത് കാരണമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Post a Comment

Previous Post Next Post
close