മഞ്ചേശ്വരത്ത് ബി.ജെ.പിയില്‍ പ്രതിഷേധത്തിന് ശമനമില്ല:നേതാക്കളും പ്രവര്‍ത്തകരും കൂടിക്കാഴ്ച നടത്തുന്നുകാസര്‍ഗോഡ്: ദിവസങ്ങളുടെ കാത്തിരിപ്പിനൊടുവില്‍ നടന്ന സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു പിന്നാലെ മഞ്ചേശ്വരത്ത് ബിജെപിയില്‍ ഉയര്‍ന്ന പ്രതിഷേധത്തിന് ശമനമില്ല. മണ്ഡലത്തിന്റെ ചുമതല നല്‍കിയിട്ടുള്ള ദേശീയ സമിതി അംഗം പി. കെ. കൃഷ്ണദാസ് നേരിട്ടെത്തി വിവിധ തലങ്ങളിലുള്ള നേതാക്കളുും പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തുകയാണ്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാവില്ലെന്ന് ഒന്നിലേറെ പഞ്ചായത്ത് കമ്മിറ്റികള്‍ പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചതായാണു സൂചന.

ഞായറാഴ്ച മഞ്ചേശ്വരത്തു തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ ദേശീയ സെക്രട്ടറി എല്‍. ഗണേഷിനെ പ്രവര്‍ത്തകര്‍ തടഞ്ഞുവച്ച് പ്രതിഷേധമറിയിച്ചിരുന്നു. സംഘര്‍ഷാവസ്ഥ ചിത്രീകരിക്കാനെത്തിയ മാധ്യമസംഘത്തിനു നേരെ കൈയേറ്റമുണ്ടായി. ക്യാമറാമാന്‍ സുനില്‍ കുമാറിന് മര്‍ദ്ദനമേറ്റു. ക്യാമറയ്ക്കും കേടുപാട് വരുത്തി.
കാലങ്ങളായി ബിജെപിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി നേതാക്കളെ തഴഞ്ഞാണ് ആര്‍എസ്എസിന്റെ മാത്രം നോമിനിയായ രവീശ തന്ത്രി കുണ്ടാറിനെ തുടര്‍ച്ചയായ തെരഞ്ഞെടുപ്പുകളില്‍ അടിച്ചേല്‍പ്പിക്കുന്നതെന്ന് പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. കഴിഞ്ഞ തവണ വിജയത്തോടടുത്ത മണ്ഡലത്തില്‍ ഇത്തവണ വിജയമുറപ്പിക്കാന്‍ കാലേകൂട്ടി പരിശ്രമം തുടങ്ങിയ പ്രവര്‍ത്തകരുടെ അഭിപ്രായവും വികാരവും സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതായും അവര്‍ പറഞ്ഞു. കുന്പളയിലും ഉപ്പളയിലും മഞ്ചേശ്വരത്തും പ്രവര്‍ത്തകര്‍ വികാരാധീനരായാണ് നേതൃത്വത്തിനെതിരെ പ്രതികരിച്ചത്.
അതേസമയം കീഴ്ഘടകങ്ങളില്‍ നിന്ന് വ്യത്യസ്തമായ അഭിപ്രായപ്രകടനങ്ങള്‍ ഉണ്ടാകുന്നത് ഏതു ജനാധിപത്യ പാര്‍ട്ടിയിലും സ്വാഭാവികമാണെന്നും എല്ലാ വശങ്ങളും പരിശോധിച്ച് ദേശീയ നേതൃത്വം ഒരു തീരുമാനമെടുത്തു കഴിഞ്ഞാല്‍ എല്ലാവരും അതിനൊപ്പം നില്‍ക്കുമെന്നും സ്ഥാനാര്‍ഥി രവീശ തന്ത്രി പ്രതികരിച്ചു. ഭാഷാപരവും പ്രാദേശികവുമായ പരിഗണനകള്‍ കൊണ്ടാകണം ദേശീയ നേതൃത്വം തന്നെ തെരഞ്ഞെടുത്തതെന്നാണ് വിശ്വാസമെന്നും അദ്ദേഹം പറഞ്ഞു.
സ്ഥാനാര്‍ഥി പ്രഖ്യാപനത്തെ തുടര്‍ന്ന് മഞ്ചേശ്വരത്തെ ലീഗിലുണ്ടായ പ്രശ്‌നങ്ങള്‍ ഏറെക്കുറെ കെട്ടടങ്ങിയതിനു തൊട്ടുപിന്നാലെയാണ് ബിജെപിയിലും പ്രതിഷേധ സ്വരങ്ങള്‍ ഉയര്‍ന്നത്. അതേസമയം അസ്വാരസ്യങ്ങള്‍ പുറമേക്കു കേള്‍ക്കുന്നില്ലെങ്കിലും പലയിടങ്ങളിലും പ്രാദേശിക തലത്തില്‍ ലീഗിന്റെ പാര്‍ട്ടി സംവിധാനം നിശ്ശബ്ദമാണെന്ന ആരോപണം ശക്തമാണ്. വരും ദിവസങ്ങളില്‍ പി. കെ കുഞ്ഞാലിക്കുട്ടി എംപി നേരിട്ടെത്തുമ്പോള്‍ ഇത് പരിഹരിക്കാനാകുമെന്നാണു യുഡിഎഫ് നേതാക്കളുടെ പ്രതീക്ഷ.

Post a Comment

Previous Post Next Post
close