കേരളത്തില്‍ പുതുതായി 10 ജയിലുകള്‍ ആരംഭിക്കും; ജയിലുകളില്‍ യോഗ നിര്‍ബന്ധമാക്കും; ഋഷിരാജ് സിങ്


കേരളത്തില്‍ പുതുതായി 10 ജയിലുകള്‍ കൂടി ആരംഭിക്കുമെന്ന് ജയില്‍ ഡിജിപി ഋഷിരാജ്‌സിങ്. തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കുന്ന സമീപനം ഉണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ ജയില്‍ക്ഷേമ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കൂത്തുപറമ്പ് സബ്ജയിലിന്റെ ടെന്‍ഡര്‍ നടപടി പൂര്‍ത്തിയായി. 10 ദിവസത്തിനകം പണി ആരംഭിക്കും. തളിപറമ്പ് ജില്ലാ ജയില്‍, വടകര സബ് ജയില്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ ആരംഭിക്കും. കാസര്‍കോട്, വയനാട് ജില്ലകളില്‍ ജില്ലാ ജയിലുകള്‍ നിര്‍മ്മിക്കുമെന്നും ഋഷിരാജ് സിങ് പറഞ്ഞു.
ജയില്‍ ടൂറിസത്തിന്റെ ഭാഗമായി ഫീല്‍ ജയില്‍ പദ്ധതി താല്‍കാലം നടപ്പാക്കാനുദ്ദേശിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേക മാനസികാവസ്ഥയില്‍ എത്തിച്ചേരുന്ന തടവുക്കാരെ കാഴ്ചബംഗ്ലാവിലെന്ന പോലെ ആള്‍ക്കാര്‍ക്ക് സന്ദര്‍ശനവസ്തുവായി പ്രദര്‍ശിപ്പിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.
തടവുകാര്‍ക്ക് അര്‍ഹതപ്പെട്ട പരോള്‍ നിഷേധിക്കരുത്. മൂന്നു തവണ പരോള്‍ റിപ്പോര്‍ട്ട് നിഷേധിക്കുന്ന സമീപനമുണ്ടായാല്‍ ജില്ലാ പോലീസ് മേധാവിക്ക് കത്തെഴുതി വിശദീകരണം തേടുമെന്നും ഋഷിരാജ് സിങ് പറഞ്ഞു. തടവുകാര്‍ക്കും അവകാശങ്ങളുണ്ടെന്നും വിചാരണത്തടവുകാരെ കൃത്യമായി കോടതിയില്‍ എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ജയിലുകളില്‍ യോഗ നിര്‍ബന്ധമായി നടത്തണമെന്നും ഋഷിരാജ് സിങ് പറഞ്ഞു.

Post a Comment

Previous Post Next Post
close