നാടിനെ കണ്ണീരണിയിച്ച് സുജിത്ത്, കുഴല്‍ കിണറില്‍ വീണു മരിച്ച കുട്ടിയുടെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുകൊടുത്തു



തിരുച്ചിറപ്പള്ളി: തിരുച്ചിറപള്ളിയില്‍ കുഴല്‍ കിണറില്‍ വീണ് മരിച്ച രണ്ടു വയസുകാരന്‍ സുജിത് വില്‍സന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. ഒരു നോക്കു കാണാനായി നിരവധി പേരാണ് സുജിത്തിന്റെ വീട്ടില്‍ എത്തുന്നത്. മൂന്നു ദിവസത്തോളം പ്രാര്‍ഥനകളോടെയാണ് ഈ വീട്ടുമുറ്റത്ത് എല്ലാവരും നിന്നത്. എന്നാല്‍ ഇപ്പോള്‍ എല്ലാവരുടേയും മുഖത്ത് നിര്‍വികാരതയാണ്.
വീട്ടു മുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് സുജിത് അബദ്ധത്തില്‍ പ്രദേശത്തെ കുഴല്‍ കിണറില്‍ വീണത്. 25 അടി താഴ്ചയില്‍ തങ്ങി നിന്നിരുന്ന കുഞ്ഞ് രക്ഷാപ്രവര്‍ത്തനത്തിടെയാണ്  കൂടുതല്‍ താഴ്ചകളിലേക്ക് വീണത്. കുഴല്‍കിണറില്‍ വീണ കുട്ടിയെ സമാന്തരകുഴിയെടുത്ത് രക്ഷിക്കാനുള്ള ശ്രമങ്ങള്‍ എന്‍ഡിആര്‍എഫിന്റെ നേതൃത്വത്തില്‍ നടന്നു വരികയായിരുന്നു.കുഴല്‍കിണറില്‍ നിന്ന് അഴുകിയ ഗന്ധം വന്നതിനെ തുടര്‍ന്ന് കുഞ്ഞ് മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.
പിന്നീട് സമാന്തരമായി കുഴിയെടുക്കുന്നത് നിര്‍ത്തി വെച്ച് കുഴല്‍കിണറിനുള്ളില്‍ കൂടെ തന്നെ കുട്ടിയുടെ മൃതദേഹം പുലര്‍ച്ചയോടെ പുറത്തെടുത്തു. പോസ്റ്റ്മോര്‍ട്ടത്തിനായി മണപ്പാറയിലെ സര്‍ക്കാര്‍ ആശുപത്രിയിലേക്കു കൊണ്ടുപോയി. കുട്ടി മരിച്ചുവെന്നും അഴുകിയ നിലയിലാണെന്നും തമിഴ്‌നാട് റവന്യു സെക്രട്ടറി ജി രാധാകൃഷ്ണനാണ് അറിയിച്ചത്.
എണ്‍പതു മണിക്കൂര്‍ നീണ്ട തീവ്ര പരിശ്രമത്തില്‍ തമിഴ്‌നാട് മന്ത്രിമാരും, സര്‍ക്കാര്‍ അധികൃതരും രക്ഷാപ്രവര്‍ത്തനത്തില്‍ ഒപ്പമുണ്ടായിരുന്നു. ദേശീയ ദുരന്ത നിവരാണ സേന, സംസ്ഥാന ദുരന്ത നിവാരണ സേന, പോലീസ്, അഗ്‌നിരക്ഷാ സേന എന്നിവരടങ്ങിയ 250 സേനാംഗങ്ങള്‍ കഴിഞ്ഞ മൂന്ന് ദിവസം നടത്തിയ ശ്രമമാണ് വിഫലമായത്.
എണ്ണകമ്പനികളില്‍ നിന്ന് കൊണ്ടു വന്ന പ്രത്യേകം യന്ത്രം ഉപയോഗിച്ചാണ് കുഴിയെടുക്കല്‍ പുരോഗമിച്ചത്. മണിക്കൂറില്‍ പത്തടി കുഴിയെടുക്കാന്‍ കഴിയുന്ന യന്ത്രം കൊണ്ട്
മണിക്കൂറില്‍ മൂന്നടി മാത്രമാണ് കുഴിക്കാന്‍ കഴിഞ്ഞത്. പ്രദേശത്തെ പാറയുടെ സാന്നിധ്യം കാരണമാണ് രക്ഷാ പ്രവര്‍ത്തനം മന്ദഗതിയിലായത്. തടസ്സങ്ങള്‍ മറി കടന്ന് സുജിതിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാവരേയും കണ്ണീരിലാഴ്ത്തി സുജിത്തിന്റെ മരണ വാര്‍ത്ത സ്ഥിരീകരിക്കുകയായിരുന്നു.

Post a Comment

Previous Post Next Post
close