ഉന്നത നിലവാരമുളള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ കയറ്റുമതി ചെയ്യുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇനി ഇന്ത്യയും


ന്ത്യ തദ്ദേശീയമായി ആദ്യമായി വികസിപ്പിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ സൈനികര്‍ക്ക് ഉടന്‍ ലഭ്യമാക്കുമെന്ന് കേന്ദ്രമന്ത്രി രാം വിലാസ് പസ്വാന്‍. അതോടൊപ്പം ജാക്കറ്റ് കയറ്റുമതി കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഇന്ത്യ ഒരുങ്ങുകയാണെന്നും പസ്വാന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായാണ് പുതിയ ജാക്കറ്റുകള്‍ വികസിപ്പിച്ചെടുത്തത്.
നിലവില്‍ അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് സ്വന്തമായി നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് അനുസരിച്ച് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകല്‍ നിര്‍മ്മിച്ചിരുന്നത്. ഈ ശ്രേണിയിലേക്കാണ് ഇനി ഇന്ത്യയുടെ സ്ഥാനം. 2018-ല്‍ പ്രധാനമന്ത്രിയുടെ ഓഫീസും നീതി ആയോഗും നല്‍കിയ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചാണ് ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് ബിഐഎസ് നടപ്പില്‍ വരുത്തിയത്. ഇന്ത്യന്‍ സായുധസേന, അര്‍ദ്ധ സൈനിക വിഭാഗം, പോലീസ് സേന എന്നിവയുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന അഭ്യര്‍ഥന കൂടി മാനിച്ചാണ് ജാക്കറ്റ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ അനുമതി നല്‍കിയത്.
മറ്റു രാജ്യങ്ങളിലേക്കുള്ള ജാക്കറ്റ് കയറ്റുമതി ആരംഭിക്കുന്നതോടെ രാജ്യത്തുടനീളം തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിന് സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. അമേരിക്ക, ബ്രിട്ടന്‍, ജര്‍മ്മനി തുടങ്ങിയ രാജ്യങ്ങള്‍ക്കാണ് സ്വന്തമായി വികസിപ്പിച്ചെടുത്ത ജാക്കറ്റുകള്‍ ഉള്ളത്. ഇപ്പോള്‍ ഇന്ത്യയ്ക്കും അത്തരം ഒരു മേഖലയില്‍ എത്താന്‍ സാധിച്ചതില്‍ വളരെ അധികം സന്തോഷിക്കുന്നുവെന്നും പസ്വാന്‍ അറിയിച്ചു.
ലോകത്തിലെ ഏറ്റുവും മികച്ച ഗുണനിലവാരമുള്ളവയാണ് ഇവയെന്നും 5-10 കിലോഗ്രാം വരെ ഭാരമുള്ള ഇവ മറ്റ് ജാക്കറ്റുകളെ അപേക്ഷിച്ച് ഭാരം കുറഞ്ഞവയാണെന്നും പസ്വാന്‍ വ്യക്തമാക്കി. 70,000 മുതല്‍ 80,000 രൂപ വരെയാണ് ഒരു ജാക്കറ്റിന്റെ വില. നേരത്തെ ഉപയോഗിച്ചിരുന്ന ജാക്കറ്റുകളുടെ വിലയേക്കാള്‍ കുറവാണ് ഇത്. പുതിയ ജാക്കറ്റ് മാധ്യമങ്ങളെ പ്രദര്‍ശിപ്പിക്കുകയും അതിന്റെ സവിശേഷതകളെ കുറിച്ച് മന്ത്രി വ്യക്തമാക്കുകയും ചെയ്തു. സൈനികര്‍ക്കും, അര്‍ദ്ധസൈനികര്‍ക്കും പോലീസ് സേനയ്ക്കും ജാക്കറ്റുകള്‍ ഉടന്‍ ലഭ്യമാക്കുമെന്നും അദ്ദഹം ഉറപ്പു നല്‍കി.
2018 ലാണ് മേക്ക് ഇന്‍ ഇന്ത്യയില്‍ ഉള്‍പ്പെടുത്തി സൈനികര്‍ക്ക് 1.86 ലക്ഷം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ വാങ്ങാനുള്ള കരാറില്‍ പ്രതിരോധ വകുപ്പ് ഒപ്പുവച്ചത്. ഈ ജാക്കറ്റുകള്‍ ഇതിനോടകം തന്നെ സൈന്യത്തിന് നല്‍കിത്തുടങ്ങിയിട്ടുണ്ട്. ഇനി ആവശ്യമായ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ക്ക് കരാര്‍ ഒപ്പിടുന്നതും ബി.ഐ.എസ് സ്റ്റാന്‍ഡേഡ് അനുസരിച്ചായിരിക്കും
സെക്കന്‍ഡില്‍ 700 മീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ബുള്ളറ്റുകള്‍ തടയാന്‍ തക്ക ശേഷിയിലാണ് ഇന്ത്യന്‍ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. 360 ഡിഗ്രീ സുരക്ഷയാണ് നല്‍കുന്നത്. ഹാര്‍ഡ് സ്റ്റീല്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന എകെ 47 ബുള്ളറ്റുകളില്‍ നിന്നു പോലും സംരക്ഷണമൊരുക്കാന്‍ പാകത്തിലാണ് നിര്‍മ്മാണം. ഭാരം കൃത്യമായി വികേന്ദ്രീകരിക്കാനും കഴിഞ്ഞിട്ടുണ്ട്. വളരെ പെട്ടെന്ന് ധരിക്കാനും അഴിച്ചു മാറ്റാനും കഴിയുന്ന വിധത്തിലാണ് ജാക്കറ്റിന്റെ രൂപ കല്‍പ്പന.


Post a Comment

Previous Post Next Post
close