സ്മാർട്ടായി മോട്ടോർ വാഹന വകുപ്പ്: നിയമലംഘകരെ പിടികൂടാൻ ഇനി സ്മാർട്ട് എൻഫോഴ്സ്മെന്റുംതൃശൂർ :
പുതുക്കിയ മോട്ടോർ വാഹനനിയമം പ്രാബല്യത്തിൽ വന്നതോടെ കൂടുതൽ സ്മാർട്ട് ആകാൻ തയ്യാറെടുത്ത് മോട്ടോർ വാഹന വകുപ്പ്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശനനടപടികൾ സ്വീകരിക്കാൻ സ്മാർട്ട് എൻഫോഴ്സ്മെന്റ് രൂപീകരിച്ചാണ് മോട്ടോർവാഹന വകുപ്പ് ഈ നേട്ടത്തിലേയ്ക്ക് ചുവടു വെക്കുന്നത്. വഴിയിൽ കാത്ത് നിന്ന് നിയമലംഘകരെ പിടികൂടുക എന്ന രീതിയ്ക്കാണ് ഇതോടെ മാറ്റം വരിക. ഏതെങ്കിലും തരത്തിൽ നിയമം ലംഘിക്കുന്നത് ശ്രദ്ധയിൽ പെട്ടാൽ അവരുടെ ഫോട്ടോ എടുത്തു കേസ് ഷീറ്റ് തയ്യാറാക്കി, കുറ്റകൃത്യം ചെയ്തയാൾക്ക് അയച്ചു കൊടുക്കുന്ന രീതിയാണിത്.
പിഴ നേരിൽ ഹാജരാക്കി അടച്ചില്ലെങ്കിൽ ബാക്കി നടപടികൾ കോടതിയിലേക്ക് വിടും. ഇത് കൂടാതെ ജനങ്ങൾക്ക് കൂടി പങ്കാളിത്തം വഹിക്കാവുന്ന 'തേർഡ് ഐ' എൻഫോഴ്സ്മെന്റിനും രൂപം നൽകിയിട്ടുണ്ട്. നിയമലംഘനം കണ്ടാൽ, കുറ്റകൃത്യം ചെയ്തവരുടെ ഫോട്ടോ ജനങ്ങൾക്കും എടുത്ത് മോട്ടോർ വകുപ്പിന് കൈമാറാം. ഇമെയിൽ വഴിയോ വാട്സ്ആപ്പ് വഴിയോ ആണ് ഫോട്ടോ അപ്ലോഡ് ചെയ്യേണ്ടത്. kl08.mvd@kerala.gov.in എന്ന മെയിൽ ഐഡി വഴിയും www.mvd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാകുന്ന വാട്സ്ആപ്പ് നമ്പർ വഴിയും ജനങ്ങൾക്ക് തേർഡ് ഐ എൻഫോഴ്സ്മെന്റിൽ പങ്കാളികളാകാം.
പുതിയ നിയമം വന്നതോടെ ജനങ്ങൾ സ്വമേധയാ നിയമം ലംഘിക്കുന്നത് തടയാൻ തയ്യാറായതാണ് ഗുണകരമായ നേട്ടമെന്ന് വകുപ്പ് വ്യക്തമാക്കുന്നു. ജില്ലയിലെ ട്രാഫിക് കുറ്റകൃത്യങ്ങളിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഹെൽമെറ്റ്, സീറ്റ്‌ബെൽറ്റ് എന്നിവ ധരിക്കാത്ത സാഹചര്യത്തിൽ 80 മുതൽ 90 ശതമാനം വരെ മാറ്റമുണ്ടാക്കാൻ സാധിച്ചു. നഗരപ്രദേശങ്ങളിൽ 80 ശതമാനം ആളുകളാണ് മുമ്പ് ഹെൽമറ്റ് ധരിച്ചിരുന്നതെങ്കിൽ 95 ശതമാനം ആയി അത് വർധിച്ചു. ഗ്രാമപ്രദേശങ്ങളിൽ ഇത് 30 മുതൽ 60 ശതമാനം വരെയായി ഉയർന്നിട്ടുണ്ട്.
ട്രാഫിക് നിയമലംഘനത്തിന് ഉയർന്ന പിഴ അടങ്ങുന്ന മോട്ടോർ വാഹന നിയമം 63 ആണ് ഭേദഗതിയോടെ സെപ്റ്റംബർ 1 മുതൽ പ്രാബല്യത്തിൽ വന്നത്. ഗതാഗതനിയമലംഘനങ്ങളുടെ പിഴ കൂട്ടിയതോടെ നിയമലംഘനത്തിലും കുറവ് വന്നിരുന്നു. നിയമം ലംഘിച്ചാൽ പിഴ, ലൈസൻസ് സസ്പെന്റ് ചെയ്യുക എന്നീ നടപടികൾ കൂടാതെ കുറ്റക്കാർ ഏതെങ്കിലും ഒരു കമ്മ്യൂണിറ്റി സർവീസിൽ കാഷ്വാലിറ്റി സർവീസ് ചെയ്യുകയും ഒരു റോഡ് സുരക്ഷാ ബോധവത്കരണ ക്ലാസിൽ പങ്കെടുക്കുകയും ചെയ്താൽ മാത്രമേ ശിക്ഷാനടപടികൾ പൂർണമാകൂ.

Post a Comment

Previous Post Next Post
close