ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന് വൈകിട്ട്;നാളെ നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പും നടക്കും:വിജയപ്രതീക്ഷയില്‍ മുന്നണികള്‍


സംസ്ഥാനത്തെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ ഉപതെരഞ്ഞെടുപ്പിന്റെ കൊട്ടിക്കലാശം ഇന്ന്. നാളെ നിശബ്ദ പ്രചാരണവും തിങ്കളാഴ്ച വോട്ടെടുപ്പും നടക്കും. ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. ഉപതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന മണിക്കൂറില്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ് മുന്നണികള്‍. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് അവസാനഘട്ട പ്രചാരണം. വൈകിട്ട് മൂന്ന് മണിയോടെ പ്രമുഖരെ അണിനിരത്തിയുള്ള കൊട്ടിക്കലാശം ആരംഭിക്കും.

ത്രികോണ മത്സരം നടക്കുന്ന വട്ടിയൂര്‍ക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളില്‍ ആവേശകരമായ പ്രചാരണമാണ് മൂന്നു മുന്നണികളും നടത്തുന്നത്. വട്ടിയൂര്‍ക്കാവില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ മോഹനകുമാര്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്ത്, എന്‍ഡിഎ സ്ഥാനാര്‍ത്ഥി എസ് സുരേഷ് എന്നിവരാണ് മത്സരരംഗത്തുള്ളത്. എന്‍എസ്എസ്-സിപിഎം നേര്‍ക്കുനേര്‍ നില്‍ക്കുന്ന മണ്ഡലമാണ് വട്ടിയൂര്‍ക്കാവ്. യുഡിഎഫിനായി എന്‍എസ്എസ് പരസ്യമായി പ്രചാരണത്തിന് ഇറങ്ങിയത് എല്‍ഡിഎഫ്, എന്‍ഡിഎ ക്യാമ്പുകളില്‍ വലിയ ആശങ്ക ഉണ്ടാക്കിയിട്ടുണ്ട്.

കോന്നിയില്‍ ശബരിമല തന്നെയാണ് പ്രധാന ചര്‍ച്ചാവിഷയം. ഇതിന് പുറമേ ഓര്‍ത്തോഡോക്‌സ് സഭയുടെ പരസ്യപ്രസ്താവനകള്‍ പ്രധാന മുന്നണികളില്‍ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. കോന്നിയില്‍ യുഡിഎഫില്‍ നിന്ന് കെ മോഹന്‍രാജന്‍, എല്‍ഡിഎഫില്‍ നിന്ന് കെ യു ജനീഷ് കുമാര്‍, എന്‍ഡിഎയില്‍ നിന്ന് കെ സുരേന്ദ്രന്‍ എന്നിവരാണ് മത്സരരംഗത്തുള്ള പ്രമുഖ സ്ഥാനാര്‍ത്ഥികള്‍.

അരൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനി മോള്‍ ഉസ്മാന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കല്‍, എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബു എന്നിവരാണ് പ്രമുഖര്‍. പ്രചാരണത്തില്‍ യുഡിഎഫും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണ് നില്‍ക്കുന്നത്. ഈഴവ വോട്ടുകള്‍ ബിഡിജെഎസിലൂടെ അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് ബിജെപി.

എറണാകുളത്ത് പാലാരിവട്ടം പാലം മുതല്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ വിശദമായി ചര്‍ച്ചയായി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മനു റോയിയും യുഡിഎഫ് സ്ഥാനാര്‍ത്ഥി ടി ജെ വിനോദും എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി ജി രാജഗോപാല്‍ എന്നിവര്‍ വോട്ടുറപ്പിക്കാനുള്ള ശ്രമത്തിലാണ്. 15 വര്‍ഷക്കാലമായി യുഡിഎഫിനെ തുണച്ച എറണാകുളത്ത് അട്ടിമറി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് എല്‍ഡിഎഫ്.

ബഹുഭാഷ മണ്ഡലമായ മഞ്ചേശ്വരത്ത് വാശിയേറിയ പോരാട്ടമാണ് നടക്കുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി എംസി ഖമറുദ്ദീന്‍, എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ശങ്കര്‍ റൈ, എന്‍ഡിഎ സ്ഥാനാര്‍ത്ഥി രവീശ തന്ത്രി കുണ്ടാര്‍ എന്നിവരാണ് മത്സരരംഗത്തുള്ളവര്‍. 2016 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് 86 വോട്ടുകളുടെ നഷ്ടത്തിലാണ് മണ്ഡലം നഷ്ടപ്പെട്ടത്. രണ്ടാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള ശ്രമത്തിലാണ് ബിജെപി. ഇത്തവണ ഒന്നാം സ്ഥാനം സ്ഥാനം നിലനിര്‍ത്താനുള്ള ശ്രമത്തിലാണ് യുഡിഎഫ്. മൂന്നാം സ്ഥാനത്തുനിന്ന് ഒന്നാം സ്ഥാനത്തേക്ക് എത്താനുള്ള കഠിനമായ പരിശ്രമത്തിലാണ് എല്‍ഡിഎഫ്.

Post a Comment

Previous Post Next Post
close