ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപി മുന്നേറുന്നു ; കോണ്‍ഗ്രസിന് തകര്‍ച്ചചണ്ഡീഗഢ്: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഹരിയാനയില്‍ ഭരണകക്ഷിയായ ബിജെപി മുന്നേറുന്നു. ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 50 സീറ്റുകളില്‍ അവര്‍ മുന്നിട്ട് നില്‍ക്കുകയാണ്. കോണ്‍ഗ്രസ് 26 സീറ്റുകളിലും മറ്റുള്ളവര്‍ 12 സീറ്റുകളിലും ലീഡ് ചെയ്യുന്നുണ്ട്.

90 അംഗ നിയമസഭയില്‍ കേവലഭൂരിപക്ഷമായ 46-നേക്കാളും അധികം സീറ്റുകളില്‍ ലീഡ് നേടാനായതോടെ ഹരിയാനയില്‍ മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനും ബിജെപിക്കും അധികാര തുടര്‍ച്ച നേടാനാവും എന്ന് ഉറപ്പായി. മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടര്‍ കര്‍ണാല്‍ സീറ്റില്‍ ലീഡ് ചെയ്യുകയാണ്.

കായികപ്രേമികളുടെ നാടായ ഹരിയാനയില്‍ കായികതാരങ്ങളെ മത്സരരംഗത്തിറക്കി കൊണ്ട് ബിജെപി നടത്തിയ പരീക്ഷണം ഫലം കണ്ടുവെന്നാണ് ആദ്യഫല സൂചനകളില്‍ നിന്നും മനസിലാവുന്നത്. ഗുസ്തി താരങ്ങളായ ബബിത ഫോഗട്ട് ദത്രിയിലും യോഗ്വേശര്‍ ദത്ത് ബറോഡയിലും ലീഡ് ചെയ്യുന്നുണ്ട്.

2014- നിയമസഭാ തെരഞ്ഞെടുപ്പില്‍ 76.54 ശതമാനം പോളിംഗാണ് ഹരിയാനയില്‍ രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ശക്തമായ പ്രതിപക്ഷമില്ലാതിരുന്ന ഇത്തവണ തെരഞ്ഞെടുപ്പില്‍ ജനപ്രാതിനിധ്യവും കാര്യമായി കുറഞ്ഞു. 68 ശതമാനം പേര്‍ മാത്രമേ ഇക്കുറി വോട്ട് ചെയ്തുള്ലൂ.

Post a Comment

Previous Post Next Post
close