എല്ലാം ഫിറോസിനെക്കുറിച്ച് ഫിറോസ് തന്നെ പറയുന്നതെന്ന് ബഷീര്‍ വള്ളിക്കുന്ന്; ഫിറോസ് കുന്നുംപറമ്പലിനെ പരിഹസിച്ച് സോഷ്യല്‍മീഡിയ
സ്ത്രീകള്‍ക്കെതിരായ മോശം പരാമര്‍ശത്തെത്തുടര്‍ന്ന് വെട്ടിലായിരിക്കുകയാണ് സാമൂഹ്യപ്രവര്‍ത്തകനായ ഫിറോസ് കുന്നുംപറമ്പില്‍.നിരവധിപ്പേരാണ് ഇക്കാര്യത്തില്‍ ഫിറോസിനെ വിമര്‍ശിച്ച് രംഗത്തുവന്നത്. ഇക്കൂട്ടത്തില്‍ ഫിറോസിനെ പരിഹസിച്ചവരും കുറവല്ല.
അത്തരമൊരു പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. മാധ്യമ പ്രവര്‍ത്തകനായ ബഷീര്‍ വള്ളിക്കുന്നാണ് ഫിറോസിനെ കളിയാക്കി കുറിപ്പെഴുതിയത്.
ഫിറോസിനെക്കുറിച്ച് ഒരു പാടു പുകഴ്ത്തലുകള്‍ കേട്ടിട്ടുണ്ട്.എന്നാല്‍ ഇതെല്ലാം ഫിറോസിനെക്കുറിച്ച് ഫിറോസ് തന്നെ പറയുന്നതാണെന്ന് കുറിപ്പില്‍ പറയുന്നു. ഫിറോസിനെ ഇത്തരത്തിലാക്കിയത് ഫാന്‍സാണ് അദ്ദേഹത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടുവരൂയെന്നും മുഖത്ത് അല്‍പം വെള്ളം തളിക്കൂയെന്നും പരിഹാസരൂപേണ കുറിപ്പില്‍ പറയുന്നു.
ഫെയ്‌സ് ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം;
”ഫിറോസ് കുന്നംപറമ്പിലിനെ ഇഷ്ടപ്പെടുന്ന എല്ലാവരോടുമായി പറയുകയാണ്,
അദ്ദേഹം ഷെയർ ചെയ്ത അദ്ദേഹത്തിന്റെ തന്നെ ഒരഭിമുഖം ഇപ്പോൾ കേട്ടു. അതിൽ ഫിറോസ് പറയുന്ന ചില കാര്യങ്ങൾ
“ഒരു ഗവണ്മെന്റ് ചെയ്യുന്നതിനേക്കാളും കൂടുതലായിട്ട് ഒരു വ്യക്തി ചെയ്യുന്നു, ഒരു ഗവണ്മെന്റിന്റെ സുതാര്യതയേക്കാൾ സുതാര്യമായി ഒരു വ്യക്തി കാര്യങ്ങളൊക്കെ ലൈവിലൂടെ വിളിച്ചു പറയുന്നു, അങ്ങിനെ ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അപ്പുറത്തേക്ക് ഒരു മനുഷ്യൻ വളരുന്നു, എല്ലാവർക്കും പ്രിയപ്പെട്ടവനായി മാറുന്നു”
ഇത് വേറെ ആരും പറയുന്നതല്ല, ഫിറോസ് ഫിറോസിനെക്കുറിച്ച് തന്നെ പറയുന്നതാണ്..
വീണ്ടും പറയുന്നു “ഫിറോസ് കുന്നുപറമ്പിൽ ഇവിടുത്തെ രാഷ്ട്രീയക്കാരുടേയും നേതാക്കളുടേയും എല്ലാം മുകളിലായിരിക്കുന്നു”
വേറെ ആരും പറയുന്നതല്ല, ഫിറോസ് തന്നെ പറയുന്നതാണ്.
വീണ്ടും പറയുന്നു “കേരളത്തിലെ ഒരു മെഡിക്കൽ കോളേജ് എനിക്ക് വിട്ടു തരൂ, എങ്ങിനെ ചികിത്സ നടത്തണമെന്ന് ഞാൻ കാണിച്ചു തരാം”
ഫിറോസിന്റെ ഈ വാക്കുകളൊക്കെ കേട്ടിട്ട് നിങ്ങൾക്ക് എന്ത് തോന്നുന്നു?. വല്ലതും തോന്നുന്നുണ്ടോ?
എനിക്ക് തോന്നുന്നത് അദ്ദേഹം ഈ ഫാൻസുകളുടെ പുകഴ്ത്തലുകളിലും ആഹോയ്‌ വിളികളിലും ലയിച്ച് ഒരുതരം സ്ഥലജലകാല വിഭ്രാന്തിയിൽ എത്തിയിരിക്കുന്നു എന്നാണ്.
കേരള സർക്കാരിനെക്കാളും, രാഷ്ട്രീയ നേതാക്കളെക്കാളും, അതിന്റെ സംവിധാനങ്ങളെക്കാളും ഒക്കെ അപ്പുറത്തേക്ക് ഞാൻ വളർന്നിരിക്കുന്നു എന്ന് ഒരാൾക്ക് തോന്നിത്തുടങ്ങുണ്ട് എങ്കിൽ അതിനൊക്കെ കാരണം നിങ്ങൾ ഫാൻസുകളുടെ ഈ ആർപ്പ് വിളികളാണ്.. ആ ആർപ്പ് വിളികൾ തന്നെയാണ് ഇപ്പോൾ മാപ്പ് പറയേണ്ടി വന്ന ആ പ്രതികരണത്തിലേക്കും നയിച്ചത്..
വളരെ വിനയാന്വിതനായി, മിതഭാഷിയായി ജീവകാരുണ്യപ്രവർത്തനം തുടങ്ങിയ ആളാണ് ഫിറോസ്.. അദ്ദേഹം അങ്ങനെ തന്നെ തുടരുന്നതാണ് അദ്ദേഹത്തിന്റെ ഭാവി പ്രവർത്തനങ്ങൾക്ക് നല്ലത്.. ഞാൻ കേരളത്തെക്കാൾ വലുതായി എന്ന് അയാൾക്ക് തോന്നിത്തുടങ്ങിയിട്ടുണ്ടെകിൽ അതിന് കാരണക്കാർ മറ്റാരുമല്ല, നിങ്ങൾ ഫാൻസുകാർ മാത്രമാണ്..
അതുകൊണ്ട് നിങ്ങളോടുള്ള എന്റെ അഭ്യർത്ഥന ഇത് മാത്രമാണ്,
അദ്ദേഹത്തെ ഭൂമിയിലേക്ക് ഇറക്കിക്കൊണ്ടു വരൂ.. മുഖത്ത് അല്പം വെള്ളം തെളിക്കൂ..”

Post a Comment

Previous Post Next Post
close