അസമിൽ മാത്രമല്ല;രാജ്യമെമ്പാടും പൗരത്വ രജിസ്റ്റര്‍ നടപ്പിലാക്കുമെന്ന് അമിത് ഷാ

കൊൽക്കത്ത:

രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ കൊണ്ടുവരാൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊൽക്കത്തയിൽ സംഘടിപ്പിച്ച ബിജെപി റാലിയിലാണ് അമിത് ഷായുടെ പരാമർശം. പൗരത്വ രജിസ്റ്റർ തയ്യാറാക്കുന്നതിനെതിരെ രംഗത്ത് വന്ന തൃണമൂൽ കോൺഗ്രസിനെതിരെ അമിത് ഷാ ശക്തമായ വിമർശനങ്ങൾ ഉന്നയിക്കുകയും ചെയ്തു. തൃണമൂൽ കോൺഗ്രസ് എങ്ങനെഎതിർത്താലും ബിജെപി അത് നടപ്പിലാക്കുമെന്നും അമിത് ഷാ പറഞ്ഞു. കമ്യൂണിസ്റ്റ് പാർട്ടി ഭരിക്കുന്ന സമയത്ത് അവർക്ക് വോട്ട് ചെയ്തിരുന്നതിനാൽ അനധികൃത കുടിയേറ്റക്കാർക്കെതിരെയായിരുന്നു മമതാ ബാനർജി. എന്നാൽ ഇപ്പോഴവർ തൃണമൂലിന് വോട്ട് ചെയ്യുന്നതിനാൽ കുടിയേറ്റക്കാരെ സംരക്ഷിക്കാനാണ് മമതയുടെ ശ്രമം. പാർട്ടി താത്പര്യത്തിന് മുൻഗണന നൽകുകയാണ് തൃണമൂൽ ചെയ്യുന്നത്. എന്നാൽ രാജ്യതാത്പര്യങ്ങൾക്ക് മുകളിൽ ഒരു പാർട്ടിയുടെയും താത്പര്യങ്ങൾ കടന്നുവരാൻ ബിജെപി അനുവദിക്കില്ല- അമിത് ഷാ പറഞ്ഞു. എൻ.ആർ.സി നടപ്പിലാകില്ലെന്നാണ് ദീദി പറയുന്നത്. അനധികൃത കുടിയേറ്റക്കാരിൽ ഒരാൾപോലും രാജ്യത്ത് തങ്ങാൻ അനുവദിക്കില്ല എന്ന് ഞാൻ നിങ്ങൾക്ക് ഉറപ്പു നൽകുകയാണ്. അഭയാർഥികളായവർക്ക് പുറത്തുപോകേണ്ടി വരില്ല, അനധികൃത കുടിയേറ്റക്കാരെ രാജ്യത്ത് തങ്ങാൻ അനുവദിക്കുകയുമില്ല, ഇതാണ് ബിജെപിയുടെ വാഗ്ദാനം- അദ്ദേഹം വിശദീകരിച്ചു. അസമിൽ നടപ്പിലാക്കിയ പൗരത്വ രജിസ്റ്ററിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയർന്നത്. 19 ലക്ഷം ആളുകളാണ് രേഖകൾ ശരിയാക്കാത്തതിനാൽ പൗരത്വ പട്ടികയിൽ നിന്ന് പുറത്തായത്. ബിജെപിയുടെ വോട്ട് ബാങ്കായ ബംഗാളി ഹിന്ദുക്കൾ പട്ടികയിൽ ഉൾപ്പെടാതെ പോയത് അസം ബിജെപി ഘടകത്തിന്റെയും എതിർപ്പിന് കാരണമായിരുന്നു. ഇക്കാര്യങ്ങൾ നിലനിൽക്കെയാണ് രാജ്യമെമ്പാടും പൗരത്വ രജിസ്റ്റർ നടപ്പിലാക്കുമെന്ന് അമിത് ഷാ പ്രഖ്യാപിച്ചിരിക്കുന്നത്.

Post a Comment

Previous Post Next Post
close