കോന്നി,മഞ്ചേശ്വരം,എറണാകുളം അരൂര്‍ യുഡിഎഫ് മുന്നില്‍; വട്ടിയൂര്‍ക്കാവില്‍ മാത്രം എല്‍ഡിഎഫ്‌



കോഴിക്കോട്: മഹാരാഷ്ട്ര, ഹരിയാന നിയമസഭാ തിരഞ്ഞെടുപ്പിന്റേയും കേരളമടക്കം 18 സംസ്ഥാനങ്ങളിലെ 51 നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിന്റേയും വോട്ടെണ്ണൽ ആരംഭിച്ചു. കേരളത്തിൽ ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളിലെ വോട്ടെണ്ണലും കൃത്യം എട്ട് മണിയോടെ തന്നെ ആരംഭിച്ചു. വട്ടിയൂർക്കാവിലൊഴികെ മറ്റു നാല് മണ്ഡലങ്ങളിലും യുഡിഎഫ് മുന്നേറുകയാണ്. അരൂരിൽ ഇടത് വലത് മുന്നണികൾ ശക്തമായ മത്സരമാണ് കാഴ്ച്ചവെക്കുന്നത്. വട്ടിയൂർക്കാവിൽ തുടക്കം മുതൽ തന്നെ എൽഡിഎഫിന്റെ വി.കെ.പ്രശാന്ത് മുന്നേറുന്നുണ്ട്. പോസ്റ്റൽ വോട്ടുകൾ എണ്ണിയപ്പോൾ എറണാകുളത്ത് എൻഡിഎ സ്ഥാനാർഥിക്ക് മൂന്ന് വോട്ടിന്റെ ലീഡ് നേടാനായത് ഒഴിച്ചാൽ മറ്റെവിടെയും ബിജെപിക്ക് മുന്നേറാനായിട്ടില്ല. മഞ്ചേശ്വരത്ത് ഗവ. എച്ച്.എസ്. പൈവളികെ നഗർ, എറണാകുളത്ത് മഹാരാജാസ് കോളേജ്, അരൂരിൽ ചേർത്തല പള്ളിപ്പുറം എൻ.എസ്.എസ്. കോളേജ്, കോന്നിയിൽ എലിയറയ്ക്കൽ അമൃത വി.എച്ച്.എസ്.എസ്., വട്ടിയൂർക്കാവിൽ പട്ടം സെയ്ന്റ് മേരീസ് എച്ച്.എസ്.എസ്. എന്നിവിടങ്ങളിലാണു വോട്ടെണ്ണൽ. ശുഭപ്രതീക്ഷയുണ്ടെന്ന് എല്ലാ മുന്നണി സ്ഥാനാർഥികളും ഇന്ന് രാവിലെ പ്രതികരിച്ചു. മഞ്ചേശ്വരം, കോന്നി, വട്ടിയൂർക്കാവ് എന്നിവടങ്ങളിൽ കന്ന ത്രികോണ മത്സരമാണ് പ്രതീക്ഷിക്കുന്നത്. എറണാകുളത്തും അരൂരിലും ഇടത് വലത് മുന്നണികൾ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടത്തിയത്. വോട്ടെടുപ്പ് ദിവസം പെയ്ത കനത്ത മഴയെ തുടർന്ന് എറണാകുളത്ത് പോളിങ് ശതമാനം കുറഞ്ഞത് മുന്നണികൾക്ക് ആശങ്കയുണ്ടാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലും ഹരിയാനയിലും ബിജെപി ഭരണം നിലനിർത്തുമെന്നാണ് മിക്ക അഭിപ്രായ സർവേകളും എക്സിറ്റ് പോളുകളും പ്രവചിച്ചിരിക്കുന്നത്. അതേ സമയം ഹരിയാനയിൽ തൂക്കുസഭക്കുള്ള സാധ്യതകളും ചില എക്സ്റ്റ്പോളുകൾ പ്രവചിച്ചിരുന്നു.മഹരാഷ്ട്ര, ബിഹാർ എന്നിവിടങ്ങളിലെ ഓരോ ലോക്സഭാ മണ്ഡലങ്ങളിൽ നടന്ന ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും ഇന്ന് നടക്കുന്നുണ്ട്. 21-നാണ് എല്ലായിടങ്ങളിലും വോട്ടെടുപ്പ് നടന്നത്.



Post a Comment

Previous Post Next Post
close