ശക്തമായ മഴ; വോട്ടര്‍മാര്‍ക്ക് ബൂത്തുകളില്‍ പോകാനാവുന്നില്ല; വോട്ടെടുപ്പ് സമയം നീട്ടിനല്‍കിയേക്കും Live Updates
കൊച്ചി:
കനത്ത മഴ തുടരുന്നതിനാൽ എറണാകുളത്തെ സാഹചര്യങ്ങൾ നിരീക്ഷിച്ചുവരികയാണെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന എറണാകുളം നിയമസഭാമണ്ഡലത്തിൽ നിലവിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കേണ്ട സാഹചര്യമില്ലെന്നും ജില്ലാ കളക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. നിലവിൽ വോട്ടെടുപ്പ് മാറ്റിവെയ്ക്കാൻ തീരുമാനമില്ലെന്ന് ജില്ലാ കളക്ടർ എസ്.സുഹാസ് പ്രതികരിച്ചു. പ്രശ്നങ്ങൾ നേരിടുന്ന ബൂത്തുകളിലും പ്രദേശങ്ങളിലും സാധ്യമായതെല്ലാം ചെയ്തിട്ടുണ്ടെന്നും നിരീക്ഷകരോട് വിവരങ്ങൾ ആരാഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം ഒഴികെ തിങ്കളാഴ്ച ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ബാക്കി നാല് നിയമസഭ മണ്ഡലങ്ങളിലും ശക്തമായ മഴ തുടരുകയാണ്. അതിശക്തമായ മഴയെ തുടർന്ന് എറണാകുളത്തെ ആറ് ബൂത്തുകൾ നിലവിൽ മാറ്റിസ്ഥാപിച്ചിട്ടുണ്ട്. മിക്ക ബൂത്തുകളിലും ആദ്യമണിക്കൂറിൽ പോളിങ് മന്ദഗതിയിലുമാണ്. അരൂരിലും കോന്നിയിലും പല ബൂത്തുകളിലും വൈദ്യുതിബന്ധം തകരാറിലായെന്നും റിപ്പോർട്ടുകളുണ്ട്.

Post a Comment

Previous Post Next Post
close