പുണ്ണ്യ നബിയുടെ വിരിപ്പ് (ഭാഗം 15)

നബി തങ്ങൾക്ക് ഊറക്കിട്ട തോല് കൊണ്ടുള്ള ഒരു വിരിപ്പു ണ്ടായിരുന്നു. അത് മടക്കി അതിന്റെ  ഉള്ളിൽ ഈത്തപ്പന നാരുകൾ നിറച്ചിരുന്നു. അള്ളാഹു ഭൂമിയുടെ  ഖജനാവിന്റെ  താക്കോൽ നബിതങ്ങൾക്ക് നൽകിയിട്ടുണ്ട്. എന്നാലും അവിടുന്ന് ലളിതജീവിതം നയിച്ചു.  ഈ ലോകത്തെ സുഖസൗകര്യങ്ങൾ ഒഴിവാക്കി. പരലോക ജീവിതത്തിലെ സുഖാനുഭൂതി തെരഞ്ഞെടുത്തു. ആയിഷ ബീവി പറയുന്നു. ഒരു ദിവസം ഒരു അൻസാരി വനിത  എന്റെ വീട്ടിലേക്ക് വന്നു.അവൾ നബിതങ്ങൾ  കിടക്കുന്ന വിരിപ്പ് കണ്ടു. തിരിച്ചുപോയ അവൾ നല്ല പരുത്തി നിറച്ച് പഞ്ഞി നിറച്ച ഒരു വിരിപ്പ്  കൊടുത്തയച്ചു. നബി  തങ്ങൾ കടന്നുവന്നു. ഇത് കണ്ടപ്പോൾ ചോദിച്ചു. ആയിഷ... എന്താ ഈ  കാണുന്നത്. ആയിഷ ബീവി പറഞ്ഞു.യാ റസൂലള്ളാ. ഒരു  അനുസാരി വനിത ഇവിടെ വന്നപ്പോൾ നിങ്ങളുടെ വിരിപ്പ് കണ്ടു. അവൾക്ക് അത് സഹിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് അവൾ കൊടുത്തയച്ചതാണ് . ഉടനെ നബി തങ്ങൾ പറഞ്ഞു ആയിഷ അത് മടക്കി കൊടുക്കുക. അല്ലാഹുവാണ് സത്യം ഞാൻ ഉദ്ദേശിക്കുകയാണെങ്കിൽ ഈ പർവ്വതങ്ങൾ  സ്വർണ്ണവും വെള്ളിയുമായി   അള്ളാഹു എന്റെ  കൂടെ നടത്തുമായിരുന്നു.
ഒരിക്കൽ ഹഫ്സ ബീവിയോട്   ചോദിക്കപ്പെട്ടു. നിങ്ങളുടെ വീട്ടിൽ നബിയുടെ വിരിപ്പ്
എങ്ങനെയായിരുന്നു. മഹതി പറഞ്ഞു:ഒരു കരിമ്പടമായിരുന്നു അത് രണ്ടായി മടക്കും. അതിൽ നബിതങ്ങൾ കിടന്നുറങ്ങും. ഒരു രാത്രി ഞാൻ എന്റെ മനസ്സിൽ വിചാരിച്ചു. ഇത് നാലായി മടക്കി യാൽ നല്ല മിനുസവും സോഫ്റ്റുമാകും . ഞാൻ അതിനെ  നാലായി മടക്കി. പിറ്റേന്ന് നേരം വെളുത്തപ്പോൾ. നബി തങ്ങൾ ചോദിച്ചു. ഏതു വിരിപ്പാണ് ഇന്നലെ രാത്രി നിങ്ങൾ വിരിച്ചത്.?  ഞാൻ പറഞ്ഞു തങ്കളുടെ വിരിപ്പ് തന്നെ .പക്ഷേ അത് നാലായി മടക്കി. ഞാൻ പറഞ്ഞു ഒന്നും കൂടി നല്ല മിനുസം ആവുകയും ചെയ്യും അതിനു വേണ്ടിയാണ്. നബി തങ്ങൾ പറഞ്ഞു: ആദ്യം ഉണ്ടായിരുന്ന അവസ്ഥയിൽ തന്നെ ആക്കുക. കാരണം ഇന്നലെ രാത്രിയിൽ  തഹജ്ജുദ് നിസ്കാരത്തിന്  തടസ്സമായി..
അധികസമയം നബിതങ്ങൾ പായ യിലാണ് കിടന്നിരുന്നത്. അതിൽ ഒരു വിരിപ്പും ഉണ്ടാകാറില്ല.  അബ്ദുല്ലാഹിബ്നു മസ്ഊദ് പറയുന്നു.: ഒരിക്കൽ ഞാൻ നബി തങ്ങളുടെ അടുത്തേക്ക് ചെന്നു  അപ്പോൾ നബിതങ്ങൾ  റൂമിൽ  ഉറങ്ങുകയാണ് . പായയിൽ  കിടക്കുന്നതുകൊണ്ട് പുണ്യ മേനിയിൽ (ദേഹത്തിൽ) പായയുടെ  അടയാളമുണ്ട്. ഇത് കണ്ടു ഞാൻ കരഞ്ഞു. അപ്പോൾ നബി തങ്ങൾ ചോദിച്ചു അബ്ദുല്ല.. എന്തിനാ നീ കരയുന്നത്.?   ഞാൻ പറഞ്ഞു യാ റസൂലള്ളാ. കിസ്റാ കൈസർ രാജാക്കന്മാർ നടക്കുന്നത് തന്നെ പട്ടിലാണ്. തങ്ങൾ കിടന്നുറങ്ങുന്നത്  ഈ പായയിൽ ഇതിന്റെ  അടയാളം തങ്ങളുടെ ശരീരത്തിൽ കാണുന്നുണ്ട്. അപ്പോൾ നബി തങ്ങൾ പറഞ്ഞു കരയല്ലേ അബ്ദുള്ള.... ഇഹലോക സുഖം  അവർക്കും പരലോക സുഖം നമുക്കുമുള്ളതാണ്.
ഇബ്നു അബ്ബാസ് തങ്ങൾ പറയുന്നു:എന്നോട് ഉമർ ബ്നു ഖത്താബ് (റ)പറഞ്ഞു. ഞാൻ നബി തങ്ങളുടെ അടുത്തേക്ക് ഒരു ദിവസം ചെന്നു. നബിതങ്ങൾ ഒരു പായയിൽ കിടന്നുറങ്ങുകയാണ്. ഒരു തുണി ഉടുത്തിട്ടുണ്ട്.പായുടെ അടയാളം ശരീരത്തിൽ എടുത്തുകാണിക്കുന്നു.  കണ്ടിട്ട് എനിക്ക് സഹിക്കാൻ കഴിഞ്ഞില്ല. എന്റെ കണ്ണുനീർ ഒഴുകി. ഉടനെ നബിതങ്ങൾ  ചോദിച്ചു: ഖത്താബിന്റെ  മകൻ എന്തിനിങ്ങനെ കരയുന്നു. ഉമർ(റ) പറഞ്ഞു: എങ്ങനെ കരയാതിരിക്കാൻ... നബിയെ അങ്ങയുടെ ശരീരത്തിൽ പാടുകൾ.... സാധനം സൂക്ഷിച്ചു വയ്ക്കുന്ന പാത്രങ്ങളിൽ  കാണുന്നത് കുറച്ച് വസ്തുക്കൾ മാത്രം. ക്വിസ്‌റ കൈസർ രാജാക്കന്മാർ വളരെ സമൃദ്ധിയിൽ. നിങ്ങൾ അല്ലാഹുവിനെ നബിയും തെരഞ്ഞെടുത്തവരും  എന്നിട്ടും ഇത് മാത്രമാണല്ലോ തങ്ങൾക്കുള്ളത് നബിയെ. ഉടനെ നബി തങ്ങൾ പറഞ്ഞു:ഖത്താബിന്റെ  മകൻ..... ദുനിയാവിലെ സുഖം അവർക്കും. പരലോക സുഖം നമുക്കും ആകുന്നത് നിങ്ങൾക്ക് ഇഷ്ടമല്ലേ. അവർ  ദുനിയാവിൽ വെച്ച് തന്നെ സുഖം ലഭിക്കപ്പെട്ട വരാണ്. ആ സുഖാനുഭൂതികൾ സ്വാശ്വതമല്ല. നമ്മുടെ സുഖാനുഭൂതി പര
ലോകത്താണ്.
ആയിഷ(റ)പറയുന്നു: നബിതങ്ങൾക്ക് പായ  ഉണ്ടാക്കുന്ന പുല്ലുകൊണ്ട് മെടഞ്ഞ ഒരു കട്ടിൽ ഉണ്ടായിരുന്നു. അതിന്മേൽ ഒരു കറുത്ത വിരിപ്പും. അതിന്റെ  ചുവട്ടിൽ ഞങ്ങൾ ഈ പുല്ല് പരത്തി വെക്കും. ഒരുദിവസം അബൂബക്കർ ഉമർ(റ) രണ്ടുപേരും കടന്നുവന്നു. നബിതങ്ങൾ ഉറങ്ങുകയാണ്. രണ്ടുപേരെയും കണ്ടപ്പോൾ നബി തങ്ങൾ  കട്ടിലിലിരുന്നു. രണ്ടുപേരും നോക്കുമ്പോൾ  ആ ശരീരത്തിൽ കട്ടിലിന്റെ  അടയാളം. രണ്ട് പേരും ചോദിച്ചു അല്ലാഹുവിന്റെ  റസൂൽ.  ഇത് തങ്ങൾക്ക് പ്രയാസമാകുന്നില്ലെ.? കിസ്റാ കൈസർ  രാജാക്കന്മാർ
പട്ടിലാണ് വിശ്ര മിക്കുന്നത്. നബിതങ്ങൾ പറഞ്ഞു നിങ്ങൾ ഇത്  പറയരുത്. അവരുടെ അന്ത്യം നരകത്തിലാണ്. നമ്മുടെ അവസാനം സ്വർഗ്ഗത്തിലേക്കാണ്. ഒരു കിടപ്പറയേയും നബിതങ്ങൾ ആക്ഷേപിച്ചില്ല. വിരിപ്പ് വിരിച്ചാൽ അതിൽ കിടക്കും . ഇല്ലെങ്കിൽ മണ്ണിൽ കിടക്കും. നബി തങ്ങൾക്ക് പുതക്കാൻ ഒരു പുതപ്പുണ്ടായിരുന്നു. നബിതങ്ങൾ ചാരി ഇരിക്കുന്ന ഒരു തലയണ യുണ്ടായിരുന്നു. അതിന്റെ ഉള്ളിലും ഈത്തപ്പന നാരുകൾ നിറച്ച്താണ്. ജാബിറുബ്നു സമുറ(റ). പറയുന്നു :തങ്ങൾ ഇടതുഭാഗത്ത് തലയിൽ ചാരിയിരിക്കുന്നത് ഞാൻ കണ്ടു. പായയിലും വിരിപ്പിലും നബിതങ്ങൾ നമസ്കരിക്കാറുണ്ട്.

Post a Comment

Previous Post Next Post
close