Ads Area

പുണ്യ നബിയുടെ ഭക്ഷണ രീതി (ഭാഗം 17)

ജീവിത രീതി സിമാക് ബിൻ ഹർബ്(റ)പറയുന്നു: നുഅ്മാൻ ബ്ൻ    ബഷീർ(റ)പറയുന്നത് ഞാൻ കേട്ടു. നിങ്ങളൊക്കെ വിഭവ സമൃദ്ധമായ ആഹാരമല്ലേ കഴിക്കുന്നത്.എന്നാൽ നബി തങ്ങൾക്ക് വയറുനിറച്ച് കഴിക്കാൻ പറ്റുന്ന താഴ്ന്ന തരം ഈത്തപ്പഴം പോലും  ഉണ്ടായിരുന്നില്ല. കിട്ടാത്തത് കൊണ്ടല്ല. ഈ ലോകത്തോടുള്ള ബന്ധം ഒഴിവാക്കി കൂടുതൽ ബന്ധം പരലോക ജീവിതത്തോടായിരുന്നു. അധികവും ഭക്ഷണം ഈത്തപ്പഴവും വെള്ളവുമായിരുന്നു. ആയിഷ ബീവി പറയുന്നു :ഞങ്ങൾ പുണ്യ നബിയുടെ കുടുംബം ഒരു മാസത്തോളം അടുപ്പിൽ തീ കത്തി ക്കാറില്ല. തീയിൽ ഉണ്ടാക്കിയ ഭക്ഷണം തയ്യാർ ചെയ്യാറില്ല. ഈത്തപ്പഴവും വെള്ളവും ഉപ്പും മാത്രം ഉണ്ടായിരുന്നുള്ളൂ.
മറ്റൊരു സമയത്ത് ആയിഷ ബീവി പറയുന്നുണ്ട്. തന്റെ സഹോദരിയായ അസ്മാ(റ)ന്റെ മകൻ ഉറുവ(റ)യോടാണ് പറയുന്നത്:ഞങ്ങൾ പരിപൂർണ്ണമായ രണ്ടുമാസം അടുപ്പിൽ തീ കത്തിച്ച് ഭക്ഷണം ഉണ്ടാക്കിയിട്ടില്ല. ഉറുവ(റ) ആയിഷ ബീവിയോട് ചോദിച്ചു. നിങ്ങൾ എന്തായിരുന്നു അന്ന് ഭക്ഷിച്ചിരുന്നത്. ആയിഷ ബീവി പറഞ്ഞു:ഈന്തപ്പഴവും വെള്ളവും. അതോടു കൂടെ തന്നെ അൻസാരികളായ നബി തങ്ങളുടെ ചില അയൽവാസികൾ.  അവർക്ക് നല്ല പാലുള്ള ഒട്ടകങ്ങളും ആടുകളും ഉണ്ടായിരുന്നു. അതിന്റെ പാല് നബി തങ്ങൾക്ക് അവർ കൊടുത്തയക്കും. അതിൽ നിന്ന് ഞങ്ങൾ കുടിക്കുകയും ചെയ്യും.
അബൂത്വൽഹ(റ) പറയുന്നു:ശക്തമായ വിശപ്പ് സഹിക്കാൻ വയ്യാതെ പ്രയാസപ്പെട്ടു അപ്പോൾ നബി തങ്ങളോട് വേവലാതി പറഞ്ഞു. ഞങ്ങൾ വിശപ്പിന്റെ കാഠിന്യത്താൽ വയറ്റിൽ വെച്ചു കെട്ടിയ കല്ലുകൾ ഉയർത്തിക്കാട്ടി കാണിച്ചു കൊടുത്തു. അപ്പോൾ റസൂലുള്ളാഹി(സ) തങ്ങൾ അവിടുത്തെ വയറ് ഞങ്ങൾക്ക് കാണിച്ചു തന്നു. ഞങ്ങൾ ഒരു കല്ലായിരുന്നു വെച്ചിരുന്നത്. നബിതങ്ങൾ രണ്ട് കല്ല് വെച്ചിരുന്നു. അബൂഹുറൈറ (റ)പറയുന്നു:സാധാരണ നബിതങ്ങൾ പുറപ്പെടാത്ത ഒരു സമയം.ആ സമയത്ത് ആളുകളും പുറത്തുണ്ടാകാറില്ല. അങ്ങനെയുള്ള ഒരു സമയത്ത് നബി തങ്ങൾ വീട്ടിൽ നിന്നും ഇറങ്ങി. അപ്പോഴുണ്ട് അബൂബക്കർ സിദ്ദീഖ്(റ) കടന്നുവരുന്നു. ഉടനെ നബി തങ്ങൾ ചോദിച്ചു: അബൂബക്കർ എന്താ ഇപ്പോൾ വരുന്നത്?. നിങ്ങളുടെ വരവിന്റെ ലക്ഷ്യമെന്താണ്? അദ്ദേഹം പറഞ്ഞു:റസൂലുള്ളനെ കണ്ടുമുട്ടാനും കാണാനും മുഖത്തേക്ക് നോക്കാനും സലാം പറയാനും.അല്പനേരം കഴിഞ്ഞപ്പോൾ ഉമർ(റ)കടന്നു വരുന്നു.നബി തങ്ങൾ ചോദിച്ചു: എന്തുകൊണ്ടാണ് ഈ സമയത്ത് നിങ്ങൾ വന്നത്. ഉമർ(റ) പറഞ്ഞു :വിശപ്പ് കഠിനമായ വിശപ്പ്. നബി തങ്ങൾ പറഞ്ഞു: ഞ്ഞാനും വിശപ്പ് അനുഭവിച്ചുകൊണ്ടിരിക്കുകയാണ്.
അങ്ങിനെ അവർ മൂന്നുപേരും അബുൽഹകം(റ) വിന്റെ വീട്ടിലേക്ക് പോയി.അദ്ദേഹം ധാരാളം ഈത്തപ്പനകളും ആടുകളും ഉള്ള ആളായിരുന്നു. എന്നാലും അദ്ദേഹത്തിന് സേവകൻമാരില്ല. അവർ ചെന്നപ്പോൾ അദ്ദേഹത്തെ വീട്ടിൽ കണ്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയോട് ചോദിച്ചു. കൂട്ടുകാരൻ എവിടെ പോയി?. ഭാര്യ പറഞ്ഞു:കുടിക്കാൻ പറ്റുന്ന ശുദ്ധവെള്ളം കൊണ്ടുവരാൻ വേണ്ടി പോയതാ.(മദീനയിലെ അധിക വെള്ളവും ഉപ്പ് രുചിയായിരുന്നു.)
അല്പം കഴിഞ്ഞപ്പോഴേക്കും അദ്ദേഹം പാത്രത്തിൽ വെള്ളവുമായി എത്തി. ആ പാത്രം അവിടെ വെച്ചു. നബി തങ്ങളുടെ ബറകത്ത് ലഭിക്കാൻ വേണ്ടി നബി തങ്ങളെ ആലിംഗനം ചെയ്തു. എന്നിട്ട് അദ്ദേഹം പറഞ്ഞു:ഫിദാക അബീ വ ഉമ്മീ മി. (എന്റെ ഉമ്മയും ബാപ്പയും നിങ്ങൾക്ക് ഞാൻ സമർപ്പിച്ചിരിക്കുന്നു).
മൂന്നു പേരെയും കൂട്ടി അബ്ദുൽ ഹൈസം(റ)തന്റെ തോട്ടത്തിലേക്ക് പോയി.നല്ല ഒരു വിരിപ്പ് വിരിച്ചു മൂന്നുപേരെയും അതിൽ ഇരുത്തി. ഈത്തപ്പന മരത്തിൽ പോയി നല്ല ഈന്തപ്പന ക്കുല എടുത്തു കൊണ്ടു വന്ന് നബി തങ്ങളുടെ മുന്നിൽ വച്ചു. നല്ലവണ്ണം പഴുത്തതുണ്ട്. പാകമായതുമുണ്ട്.അപ്പോൾ നബി തങ്ങൾ ചോദിച്ചു:പഴുത്തത് മാത്രം എടുത്താൽ മതിയായിരുന്നു.അബുൽ ഹൈസം(റ) പറഞ്ഞു:തങ്ങൾ ഇഷ്ടമുള്ളത് തെരഞ്ഞെടുക്കാൻ വേണ്ടിയാണ് ഞാൻ അങ്ങനെ ചെയ്തത്. മൂന്ന് പേരും നന്നായി കഴിച്ചു. അവിടെ കൊണ്ടുവന്ന വെള്ളത്തിൽ നിന്ന് കുടിക്കുകയും ചെയ്തു. എന്നിട്ട് റസൂലുള്ള(സ)പറഞ്ഞു: നല്ല പഴുത്ത ഈത്തപ്പഴം, തണുത്ത വെള്ളം,നല്ല തണൽ, നാളെ നിങ്ങളോട് ചോദ്യം ചെയ്യപ്പെടുക ഈ അനുഗ്രഹങ്ങളെ കുറിച്ചാണ്.
അബുൽ ഹൈസം(റ) ഭക്ഷണം തയ്യാർ ചെയ്യാൻ വേണ്ടി പോയി. ഉടനെ നബി തങ്ങൾ പറഞ്ഞു:പാലുള്ള ആടിനെ ഒന്നും അറുക്കരുത്. അങ്ങിനെ ഒരു ചെറിയ ആട്ടിൻകുട്ടിയെ അറുത്ത് ഭക്ഷണം തയ്യാറാക്കി.നബി തങ്ങളുടെ അടുത്തേക്ക് അദ്ദേഹം കൊണ്ടുവന്നു. നബിതങ്ങൾ ചോദിച്ചു നിങ്ങൾക്ക് സേവകൻ ഒന്നുമില്ലേ.? അദ്ദേഹം പറഞ്ഞു:ഇല്ല. നബിതങ്ങൾ പറഞ്ഞു: ഇനി വല്ല അടിമകളും എന്റെ അടുത്ത് വന്നാൽ നിങ്ങൾ അവിടെ വരണം. അങ്ങനെ പിന്നീട് നബി തങ്ങൾക്ക് രണ്ട് അടിമകളെ കിട്ടി. അബുൽ ഹൈസം(റ)നബിതങ്ങളുടെ അടുത്തെത്തി. നബിതങ്ങൾ അദ്ദേഹത്തോട് പറഞ്ഞു: ഈ രണ്ടു അടിമകളിൽനിന്ന് ഇഷ്ടമുള്ളത് നിങ്ങൾ തെരഞ്ഞെടുക്ക. അബുൽ ഹൈസം(റ) പറഞ്ഞു :നബിയെ തങ്ങൾ തന്നെ എനിക്ക് തെരഞ്ഞെടുത്തു തരണം. അതിലൊരാളെ പിടിച്ചു നബിതങ്ങൾ പറഞ്ഞു: ഇയാളെ കൊണ്ടുപോയി ക്കോളൂ....... ഇയാൾനിസ്കരിക്കുനത് ഞാൻ കണ്ടിട്ടുണ്ട്.
നബി തങ്ങൾ അബുൽ ഹൈസമിനോട് പറഞ്ഞു:നല്ലനിലയിൽ പെരുമാറണം ഈ അടിമയോട്. അബുൽ ഹൈസം(റ) അടിമയുമായി തന്റെ ഭാര്യയുടെ അടുത്തേക്ക് പോയി. നബിതങ്ങൾ പറഞ്ഞ വാക്ക് അദ്ദേഹം ഭാര്യയോട് പറഞ്ഞപ്പോൾ ഭാര്യ പറഞ്ഞു :അല്ലാഹുവിന്റെ റസൂൽ പറഞ്ഞ ബാധ്യത വീടണമെങ്കിൽ ഇയാളെ നിങ്ങൾ മോചിപ്പിക്കണം. അദ്ദേഹം മോചിപ്പിക്കുകയും ചെയ്തു.
Tags

Post a Comment

0 Comments

Ads Area