കെഎം ബഷീറിന്റെ മരണത്തിന് കാരണം ശ്രീറാമിന്റെ അശ്രദ്ധമായ ഡ്രൈവിങ് എന്ന് ഗതാഗത മന്ത്രി; മദ്യപിച്ചിരുന്നോ എന്നതിന് വ്യക്തതയില്ല

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിനിടയാക്കിയത് ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസ് അശ്രദ്ധയോടെ വാഹനമോടിച്ച് വരുത്തിവെച്ച അപകടമെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ. ശ്രീറാം അശ്രദ്ധയോടെ അപകടകരമായി വാഹനമോടിച്ചതാണ് മാധ്യമപ്രവർത്തകൻ കെഎം ബഷീറിന്റെ മരണത്തിന് കാരണമായതെന്നാണ് പോലീസ് റിപ്പോർട്ടെന്ന് മന്ത്രി നിയമസഭയിൽ പറഞ്ഞു. പികെ ബഷീർ എംഎൽഎയുടെ ചോദ്യത്തിനുള്ള മറുപടിയായാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.


ശ്രീറാം സംഭവസമയത്ത് മദ്യപിച്ചിരുന്നതിനെക്കുറിച്ച് മറുപടിയിൽ പരാമർശമില്ല. കാറോടിക്കുമ്പോൾ ശ്രീറാം മദ്യപിച്ചിരുന്നതായി സാക്ഷിമൊഴികളുണ്ട്. ഓഗസ്റ്റ് 3 ന് രാത്രി 12.55നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് കെഎം ബഷീർ കൊല്ലപ്പെടുന്നത്.
ഈ അപകടം സംഭവിക്കുമ്പോൾ ശ്രീറാം സർവേ ഡയറക്ടറായിരുന്നു. അമിത വേഗതയിലെത്തിയ കാർ ബഷീർ സഞ്ചരിച്ച ബൈക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. തെറിച്ചു വീണ ബഷീറിനെ ആശുപത്രിയിൽ എത്തിക്കുന്നതിനു മുമ്പ് മരണം സംഭവിച്ചിരുന്നു. കവടിയാറിലെ ഫ്‌ളാറ്റിൽ നടത്തിയ പാർട്ടി കഴിഞ്ഞു പാളയം ഭാഗത്തേക്ക് പോകുകയായിരുന്നു ശ്രീറാം. ഇപ്പോൾ സർവീസിൽ നിന്നും സസ്‌പെൻഷനിലാണ് ശ്രീറാം.

Post a Comment

Previous Post Next Post
close