Ads Area

30 രൂപയ്ക്ക് ഉള്ളി വിറ്റു; കോണ്‍ഗ്രസ് നേതാവിന്റെ വിരല്‍ കടിച്ച് ബിജെപി പ്രവര്‍ത്തകന്‍



ഡെറാഢൂൺ:
രാജ്യത്തെ ഉള്ളിവില വർധനവിനെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാവിന്റെ വിരലിൽ കടിച്ച് ബിജെപി പ്രവർത്തകൻ. ഉത്തരാഖണ്ഡിലെ നൈനിറ്റാളിലെ കോൺഗ്രസ് നേതാവിന് നേരെയാണ് പ്രതിഷേധ സമരത്തിനിടെ ആക്രമണമുണ്ടായത്. കോൺഗ്രസ് ജില്ലാ സെക്രട്ടറി നന്ദൻ മെഹ്റയുടെ നേതൃത്വത്തിലാണ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നത്. ഇതിന്റെ ഭാഗമായി കോൺഗ്രസ് പ്രവർത്തകർ കിലോയ്ക്ക് 30 രൂപ നിരക്കിൽ ഉള്ളി വിൽപ്പനയും നടത്തി. ഇതിനിടെയാണ് മനീഷ് ബിഷ്ത് എന്നയാൾ സമരക്കാർക്കെതിരെ രംഗത്തെത്തിയത്. സമരം നടക്കുന്നതിനിടെ അശ്ലീലവാക്കുകളും ഭീഷണിയും ഉയർത്തിയാണ് മനീഷ് ആദ്യം പ്രകോപനം സൃഷ്ടിച്ചതെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. തുടർന്ന് ഇയാളെ കോൺഗ്രസ് നേതാക്കൾ ഇടപെട്ട് ശാന്തനാക്കാൻ ശ്രമിച്ചെങ്കിലും നേതാക്കളെ ആക്രമിക്കുകയായിരുന്നു. ഇതിനിടെയാണ് കോൺഗ്രസ് ജില്ലാ സെക്രട്ടറിയുടെ വിരലിൽ കടിച്ച് മുറിവേൽപ്പിച്ചത്. പിന്നീട് പോലീസെത്തി മനീഷ് ബിസ്തിനെ കസ്റ്റഡിയിലെടുത്തു. ആക്രമണം നടത്തിയ മനീഷ് ബിസ്ത് ബിജെപി പ്രവർത്തകൻ തന്നെയാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം. എന്നാൽ ഇയാൾക്ക് പാർട്ടിയുമായി ബന്ധമില്ലെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് പ്രതികരിച്ചു. അതേസമയം, സംഭവസമയത്ത് മനീഷ് ബിസ്ത് ലഹരി ഉപയോഗിച്ചിരുന്നതായും കേസിൽ അന്വേഷണം നടക്കുകയാണെന്നും ഹൽദ്വാനി പോലീസ് അറിയിച്ചു. ഉള്ളിവില വർധനവിനെതിരെ കിലോയ്ക്ക് 30 രൂപ നിരക്കിൽ ഉള്ളി വിൽപ്പന നടത്തിയാണ് കോൺഗ്രസ് നൈനിറ്റാളിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. സ്ത്രീകളടക്കമുള്ള ഒട്ടേറേ കോൺഗ്രസ് പ്രവർത്തകർ ഉള്ളി വിൽപ്പനയിലും സമരത്തിലും പങ്കെടുത്തിരുന്നു.

Post a Comment

0 Comments

Ads Area