Ads Area

പോണ്‍ സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറണം; സ്‌കൂള്‍ ഗേള്‍, കോളേജ്, മല്ലൂ എന്നൊക്കെ സെര്‍ച്ച് ചെയ്ത് നോക്കണം'; കാരണം ഇതാണ്; കുറിപ്പ് വൈറൽ

ഹൈദരാബാദില്‍ യുവ വെറ്റിനറി ഡോക്ടറെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി കത്തിച്ച സംഭവത്തിന്റെ ഞെട്ടലിലാണ് ഇപ്പോഴും രാജ്യം. എന്നാല്‍ ഇതിനിടെ ആ ക്രൂരതയുടെ ദൃശ്യങ്ങളും വീഡിയോകളും ഇന്റര്‍നെറ്റിലും മറ്റും തിരഞ്ഞവരുടെ എണ്ണവും ഞെട്ടിക്കുന്നതാണ്. പലപ്പോഴും സ്വകാര്യ നിമിഷങ്ങള്‍ ചിത്രീകരിക്കുകയും അവ പിന്നീട് പോണ്‍ സൈറ്റുകളില്‍ ഉള്‍പ്പെടെ എത്തിപ്പെടുകയും അതിന് ലഭിക്കുന്ന സ്വീകാര്യതയെയും കുറിച്ച് മുന്നറിയിപ്പ് നല്‍ക്യിരിക്കുകയാണ് ഡോ. മനോജ് വെള്ളനാട്.

ഏറ്റവുമധികം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരാളില്‍ നിന്നും ചതി പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്‌നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്തവര്‍ തന്നെയാണ് ആ വീഡിയോകളില്‍ ഉള്ളവരെല്ലാം. ചിലപ്പോള്‍ റേപ്പിനേക്കാള്‍ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്.- അദ്ദേബം കുറിച്ചു.
ഡോ. മനോജ് വെള്ളനാടിന്റെ ഫേസ്ബുക്ക് പോസ്റ്റ്;
പോണ്‍ സൈറ്റുകള്‍ കണ്ടിട്ടില്ലാത്ത പെണ്‍കുട്ടികളുണ്ടെങ്കില്‍ ഒരു പ്രാവശ്യമെങ്കിലും അതിലൊന്ന് കയറി കാണണം. എന്നിട്ട്, സ്‌കൂള്‍ ഗേള്‍, കോളേജ്, മല്ലൂ എന്നൊക്കെ സെര്‍ച്ച് ചെയ്ത് നോക്കണം. അപ്പൊ കിട്ടുന്ന ഭൂരിഭാഗം വീഡിയോകളും ഏതെങ്കിലുമൊരു ഒരു പെണ്‍കുട്ടി ഏറ്റവും വിശ്വസ്തനായ ഒരാളുടെ കൂടെ ഏറ്റവും ഇന്റിമേറ്റായി നിന്ന ഏറ്റവും സ്വകാര്യ നിമിഷങ്ങളുടേതാണെന്ന് നിങ്ങള്‍ക്ക് കാണാം.
അവയെല്ലാം മനപ്പൂര്‍വ്വമോ അല്ലാതെയോ ആ ഏറ്റവും വിശ്വസ്തന്റെ ഫോണില്‍ നിന്നുമാണ് അവിടെയെത്തിയത്. ഒറിജിനലായിട്ട് ഷൂട്ട് ചെയ്ത പോണ്‍ വീഡിയോകളേക്കാള്‍ ഡിമാന്റ് ഇത്തരം വീഡിയോകള്‍ക്കാണ്. കാരണമവിടെയൊരു ഒളിഞ്ഞുനോട്ടത്തിന്റെ സുഖം മനുഷ്യന് ലഭിക്കും. തികച്ചും മനുഷ്യ സഹജമായത്.
പ്രിയങ്ക റെഡിക്ക് നീതി കിട്ടാന്‍ വേണ്ടിയുണ്ടായ ഹാഷ് ടാഗുകളുടെ എണ്ണത്തേക്കാള്‍ ആ ബലാത്സംഗ വീഡിയോ കിട്ടുമോ എന്നറിയാനായി നടന്ന സെര്‍ച്ചുകള്‍ക്കുള്ളതായി വാര്‍ത്ത കണ്ടപ്പോളോര്‍ത്തതിതാണ്. ഇന്നലെ വരെ 80 ലക്ഷത്തിന് മുകളിലാണത്രേ സെര്‍ച്ച്. ആസിഫയുടെ വാര്‍ത്ത വന്ന സമയത്ത് പോണ്‍ സെര്‍ച്ചില്‍ അതായിരുന്നു ഹൈലൈറ്റ്. ഓരോ പുതിയത് വരുമ്പോഴും ട്രെന്‍ഡ് ഇങ്ങനെ മാറിക്കൊണ്ടിരിക്കും.
അതിലത്ഭുതപ്പെടാനൊന്നുമില്ല. മനുഷ്യന് സദാചാരമെന്നത് അവസരങ്ങളുടെ ക്ഷാമം മാത്രമാണെന്നാര്‍ക്കാണറിയാത്തത്. സ്വന്തം മനസാക്ഷിയോട് ചോദിച്ചാല്‍ ഏതൊരു സദാചാരവാദിക്കും ആ ഉത്തരം കിട്ടും. പ്രിയങ്ക, ആസിഫ സംഭവങ്ങള്‍ പോലുള്ള പ്ലാന്‍ ചെയ്ത് എക്‌സിക്യൂട്ട് ചെയ്യുന്ന 'ക്രൈമു'കളെ വേഗവും ശക്തവും മാതൃകാപരവുമായ നിയമങ്ങള്‍ കൊണ്ട് നേരിട്ടാലേ അവ ആവര്‍ത്തിക്കാതിരിക്കൂ. അതേതൊരു മനുഷ്യനെയും പോലെ എന്റെയും ആഗ്രഹമാണ്. അതിനു വേണ്ടിയും നമുക്ക് ശ്രമിക്കാം.
പക്ഷെ പ്രിയങ്കയുടെയും ആസിഫയുടെയുമൊക്കെ പേരിലുള്ള പോണ്‍ സെര്‍ച്ചിന്റെ കാര്യമെടുത്താല്‍ ആദ്യം പറഞ്ഞ ഒളിഞ്ഞുനോട്ടത്തിന്റെ സുഖത്തിനപ്പുറം മനുഷ്യനെ വച്ച് വിശദീകരിക്കാന്‍ പറ്റാത്ത വലിയൊരു ക്രൂരത കൂടി, വെറുപ്പിന്റെ മനോഭാവം കൂടി അവയ്ക്ക് പിന്നിലുണ്ടെന്ന് കാണാം. അങ്ങനെയുള്ളവരും നമ്മുടെയിടയില്‍ തന്നെ സൗഹൃദലിസ്റ്റിലോ, ഒരു കല്യാണവീട്ടിലോ, ഒരേ ബസിലോ ഒക്കെ ഉണ്ടെന്നുള്ളിടത്താണ് നമ്മള്‍ ഭയക്കേണ്ടത്. ആ ഭയത്തെ പറ്റിയും ധാരാളം പേര്‍ ഇതിനകം എഴുതിയിട്ടുണ്ട്. ആ ഭയം എനിക്കുമുണ്ട്.
ഇവിടെയിപ്പൊ പോണ്‍ സെര്‍ച്ചുകള്‍ ചര്‍ച്ചാ വിഷയമായതു കൊണ്ട് പെണ്‍കുട്ടികളോടായി മറ്റൊരു കാര്യം പറയാന്‍ കൂടിയാണീ കുറിപ്പ്. നിങ്ങള്‍ പ്രണയിക്കൂ. ആത്മാര്‍ത്ഥമായി തന്നെ. പ്രണയമില്ലാതെന്ത് ജീവിതമാണ്. അങ്ങനെ പ്രണയിക്കുമ്പോള്‍,
1. പ്രണയത്തില്‍ ലൈംഗികത ഒഴിവാക്കേണ്ടതൊന്നുമല്ല. പക്ഷെ, അതെപ്പൊ വേണമെന്ന് തീരുമാനിക്കാന്‍ നിങ്ങള്‍ക്ക് പറ്റണം. മായാമയൂരം സിനിമയില്‍, രേവതി മോഹന്‍ലാലിനോട് പറയുന്ന ഒരു ഡയലോഗുണ്ട്, 'നമ്മള്‍ രണ്ടുപേരും മനസുകൊണ്ടാഗ്രഹിക്കുന്ന നിമിഷം വരെ കാത്തൂടേ നരന്‍..?' എന്ന്. നരന്‍ പിന്‍മാറും. അവിടെ സ്‌നേഹത്തിനപ്പുറം പരസ്പര ബഹുമാനത്തിന്റെ വലിയൊരു കെമിസ്ട്രിയാണ് വര്‍ക്ക് ചെയ്തത്. നിങ്ങളും പ്രണയത്തില്‍ ആ കെമിസ്ട്രി ഉണ്ടാക്കാന്‍ നോക്കണം. ഇഷ്ടമില്ലെങ്കില്‍ തുറന്ന് പറയണം, പറ്റില്ലാന്ന്.
2. ഇനി കല്യാണത്തിന് മുമ്പ് നിങ്ങള്‍ക്കിഷ്ടമില്ലാതെ, പക്ഷെ അവന്റെ നിര്‍ബന്ധം കാരണം, ഇന്റിമസി തെളിയിക്കാന്‍ വേണ്ടി മാത്രമായിട്ട് സെക്‌സിന് സമ്മതിക്കരുത്. അതൊക്കെ സൈക്കളോജിക്കല്‍ മൂവുകളാണ്. അവന്‍ 100% തേയ്ക്കും. ഉറപ്പ്. തിരിച്ച് നിങ്ങളോടാ ഇന്റിമസി ഇല്ലാത്തത് കൊണ്ടാണീ നിര്‍ബന്ധിക്കല്‍. പതുക്കെ സ്‌കൂട്ടായിക്കോ..
3. ഇനി പരസ്പരം ഇഷ്ടത്തോടെയാണെങ്കില്‍ അതില്‍ തെറ്റില്ല. പക്ഷെ, ഒരു കാരണവശാലും ഇതൊന്നും മൊബൈലില്‍ ഷൂട്ട് ചെയ്യാന്‍ സമ്മതിക്കരുത്. കണ്ടിട്ട് ഞാനിപ്പൊ ഡിലീറ്റ് ചെയ്‌തോളാം, ഞാന്‍ മാത്രേ കാണൂ തുടങ്ങി എന്തൊക്കെ പഞ്ചാര വര്‍ത്താനം പറഞ്ഞാലും അപ്പൊ തന്നെ ചെപ്പാക്കുറ്റി നോക്കി പൊട്ടിച്ചേക്കണം. ഇനിയതിന് ധൈര്യമില്ലാ, ആക്രമിച്ചു കീഴടക്കുമെന്ന പേടിയുണ്ടേല്‍, എന്തേലും കള്ളം പറഞ്ഞവിടുന്ന് രക്ഷപ്പെട്ടോണം. ബാത്‌റൂമില്‍ പോയിട്ട് വരാമെന്ന് പറഞ്ഞാലും മതി. കാരണം, അവന്‍ ഫ്രോഡാണ്. നിങ്ങളോടുള്ളത് ആത്മാര്‍ത്ഥ സ്‌നേഹമാണെങ്കില്‍ അവനീ ഷൂട്ടിംഗിനെ പറ്റി ചിന്തിക്കുക കൂടിയില്ല.
4.പിന്നെ, ഇനിയഥവാ നിങ്ങളുടെ ഒരു വീഡിയോ പുറത്തു വന്നു എന്നത് കൊണ്ട് അത്യന്തം ഗുരുതരമായ ഒന്നും സംഭവിക്കാനൊന്നും പോവുന്നില്ല. ജീവിതം അതോടെ തീര്‍ന്നു എന്നൊന്നും കരുതേണ്ടതില്ല. സമ്മതത്തോടെ എടുത്ത വീഡിയോ ആണെങ്കിലും, സ്വകാര്യതയ്ക്ക് ഭീഷണിയാകുമ്പോള്‍ നിയമപരമായി നേരിടുന്നതിനും ഒട്ടും മടിക്കണ്ടാ.
ഇതു വായിക്കുമ്പോ, എന്തുകൊണ്ട് പെണ്‍കുട്ടികള്‍ സൂക്ഷിക്കണമെന്ന് പറയുന്നു, അവന്മാരെയല്ലേ ആദ്യം ഉപദേശിച്ച് നന്നാക്കേണ്ടതെന്ന് ചിന്തിക്കുന്നവരും കാണും. അതിനുള്ള ഉത്തരം കിട്ടാനാണ് ഒരിക്കലെങ്കിലും പോണ്‍ സൈറ്റുകള്‍ നോക്കണമെന്ന് ആദ്യം പറഞ്ഞത്. അവിടെയെല്ലാം പെണ്ണിന്റെ പേരും ശരീരവും തന്നെയാണ് വിറ്റഴിക്കപ്പെടുന്നത്. വില്‍ക്കുന്നതും വാങ്ങുന്നതും ഭൂരിഭാഗവും ആണുങ്ങളും. ആണിന്റെ മുഖം പതിഞ്ഞിട്ടുണ്ടെങ്കിലും ആരുമതോര്‍ക്കാന്‍ പോണില്ലാ. ലോകം മൊത്തമെടുത്താലും അങ്ങനാണ്.
ഏറ്റവുമധികം സ്‌നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നൊരാളില്‍ നിന്നും ചതി പറ്റാതിരിക്കാന്‍ ശ്രദ്ധിക്കണമെന്നേ ഉദ്ദേശിച്ചിട്ടുള്ളൂ. വിശ്വാസവും സ്‌നേഹവുമൊക്കെ വേണം, അതിരുകവിയരുതെന്ന് മാത്രം. നിങ്ങളെ പോലെ ഠ. ചിലപ്പോള്‍ റേപ്പിനേക്കാള്‍ ക്രൂരമായത് ഇതാണെന്നും തോന്നിയിട്ടുണ്ട്.
മനോജ് വെള്ളനാട്

Post a Comment

1 Comments
Anonymous said…
This comment has been removed by a blog administrator.

Ads Area