ഗുജറാത്ത്‌ വംശഹത്യ; 33 പേരെ ചുട്ടുകൊന്നവർക്ക്‌ സുപ്രീംകോടതി ജാമ്യം


ന്യൂഡൽഹി :

ഗുജറാത്ത് വംശഹത്യയിൽ 33 പേരെ ചുട്ടുകൊന്ന കേസിൽ ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ച 17 കുറ്റവാളികൾക്ക് സുപ്രീംകോടതി ഇടക്കാലജാമ്യം അനുവദിച്ചു. കൂട്ടക്കൊലപാതകം, കലാപം തുടങ്ങിയവയ്ക്ക് ഗുജറാത്ത് ഹൈക്കോടതി ജീവപര്യന്തം ശിക്ഷിച്ചവർക്ക് ചീഫ്ജസ്റ്റിസ് എസ് എ ബോബ്ഡെ, ജസ്റ്റിസുമാരായ ഭൂഷൺ ആർ ഗവായ്, സൂര്യകാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് ജാമ്യം അനുവദിച്ചത്.

ജാമ്യക്കാലയളവിൽ ഗുജറാത്തിൽ പ്രവേശിക്കരുത്, മധ്യപ്രദേശിൽ തങ്ങണം എന്നിവയാണ് വ്യവസ്ഥ. 17 പേരെ രണ്ടു സംഘമായി ജബൽപുരിലേക്കും ഇൻഡോറിലേക്കും അയക്കണം. ഉപജീവനത്തിനുള്ള തൊഴിൽ കണ്ടെത്താൻ ലീഗൽ സർവീസ് സൊസൈറ്റി സഹായിക്കണം. സാമൂഹ്യ, ആത്മീയ സേവനങ്ങൾക്ക് ജില്ലാ അധികൃതർ അവസരമൊരുക്കണം. ആഴ്ചയിൽ ആറു മണിക്കൂർ സാമൂഹ്യപ്രവർത്തനത്തിൽ ഏർപ്പെടണം. –- സുപ്രീംകോടതി നിർദേശിച്ചു.

ഗോധ്രയിൽ 2002ൽ ട്രെയിൻ കത്തിച്ച സംഭവത്തിനു പിന്നാലെ വംശഹത്യയുമായി ബന്ധപ്പെട്ടതാണ് കേസ്. മെഹ്സാന ജില്ലയിലെ സർദാർപുര ഗ്രാമത്തിൽ ഇബ്രാഹിംഷെയ്ക്ക് എന്നയാളുടെ വീട്ടിൽ നിരവധി മുസ്ലിമുകൾ ഒളിച്ചിരിക്കുന്നതായി അറിഞ്ഞ കുറ്റവാളികൾ പെട്രോൾ ഒഴിച്ച് ആ വീട് തീയിട്ടു. 22 സ്ത്രീകൾ ഉൾപ്പെടെ 33 പേർ വെന്തുമരിച്ചു. പ്രത്യേകാന്വേഷക സംഘം സർദാർപുര കേസിൽ 76 പേരെ അറസ്റ്റുചെയ്തു. 2012ൽ അതിവേഗ വിചാരണ കോടതി 31 പേർ കുറ്റവാളികളെന്ന് കണ്ടെത്തി.

2016ൽ 17 പേരുടെ ജീവപര്യന്തം ശരിവച്ച ഹൈക്കോടതി 14 പേരെ വെറുതെ വിട്ടു. ശിക്ഷിക്കപ്പെട്ട 17 പേർ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ചു. ആറു വർഷമായി ജയിലിൽ കഴിയുകയാണെന്നും പരോളിൽ ഇറങ്ങിയപ്പോൾ കുറ്റങ്ങൾ ആവർത്തിച്ചിട്ടില്ലെന്നും കുറ്റവാളികൾ അപ്പീലുകളിൽ പറഞ്ഞു. കുറ്റവാളികളുടെ പെരുമാറ്റം തൃപ്തികരമാണെന്ന് ചൂണ്ടിക്കാണിച്ച് ഗുജറാത്തിലെ ബിജെപി സർക്കാരും സത്യവാങ്മൂലം നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രതികൾക്ക് ജാമ്യം അനുവദിക്കാനും സാമൂഹ്യസേവനത്തിന് അവസരമൊരുക്കാനും സുപ്രീംകോടതി ഉത്തരവിടുകയായിരുന്നു.


Post a Comment

Previous Post Next Post
close