ചെന്നൈ: കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിക്കുന്ന വൻ റാക്കറ്റിനായി തമിഴ്നാട് പോലീസ് ഊർജിത അന്വേഷണം തുടങ്ങി. ഫെയ്സ്ബുക്ക് ഉൾപ്പെടെയുള്ള സാമൂഹികമാധ്യമങ്ങളിൽ ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരുടെ 600 ഐ.പി. വിലാസങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്.
ചെന്നൈയിൽനിന്നുമാത്രം 150 ഐ.പി. വിലാസങ്ങളുണ്ട്. കോയമ്പത്തൂരിൽ നാൽപതും തിരുച്ചിറപ്പള്ളിയിൽ ഇരുപതും ഐ.പി. വിലാസങ്ങൾ ലഭിച്ചു. ഇതിന്റെ ചുവടുപിടിച്ചായിരിക്കും അന്വേഷണം. കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ ഓൺലൈനിൽ പ്രചരിപ്പിച്ചതിന് ഇതുവരെ നാലുപേരെ അറസ്റ്റുചെയ്തു. ഡിസംബർ 12-ന് തിരുച്ചിറപ്പള്ളിയിലായിരുന്നു ആദ്യ അറസ്റ്റ്.
ലഭ്യമായ 600 ഐ.പി. വിലാസങ്ങൾ വേർതിരിച്ച് അതതുജില്ലയിലെ പോലീസ് മേധാവികൾക്ക് കൈമാറിയിട്ടുണ്ടെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും ദൗത്യത്തിന് നേതൃത്വംനൽകുന്ന ചെന്നൈയിലെ പോലീസ് സംഘം അറിയിച്ചു.
'നാഷണൽ സെന്റർ ഫോർ മിസിങ് ആൻഡ് എക്സ്പ്ലോയിറ്റഡ് ചിൽഡ്രൻ' എന്ന സംഘടനയാണ് 600 ഐ.പി. വിലാസങ്ങൾ പോലീസിന് കൈമാറിയത്. കുട്ടികളുടെ സുരക്ഷയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന മറ്റൊരു സന്നദ്ധസംഘടനയും അന്വേഷണത്തിൽ പോലീസിനെ സഹായിക്കുന്നുണ്ട്. ഈ സംഘടനയുടെ വിവരം പുറത്തുവിട്ടിട്ടില്ല.
കുട്ടികളുടെ ലൈംഗികദൃശ്യങ്ങൾ കൂടുതലും തയ്യാറാക്കുന്നത് വിദേശരാജ്യങ്ങളിലാണ്. ഇന്ത്യയിൽനിന്ന് ദൃശ്യങ്ങൾ നൽകാൻ ഇടനിലക്കാരുണ്ട്. ഇന്ത്യയിൽ പലയിടത്തും പ്രത്യേകിച്ച് തമിഴ്നാട്ടിൽ, ദൃശ്യങ്ങൾ തയ്യാറാക്കുന്നുണ്ടെന്നും പോലീസ് വ്യക്തമാക്കി.
ഇത്തരം കുരുക്കുകളിൽ അകപ്പെടുന്ന കുട്ടികളെ കണ്ടെത്തി കൂടുതൽ വിവരങ്ങൾ ശേഖരിക്കാനും പോലീസ് ശ്രമിക്കുന്നുണ്ട്.
Post a Comment