കൊറോണ വൈറസ് ബാധയെ തുടർന്ന് ചൈനയിൽ മരിച്ചവരുടെ എണ്ണം 80 ആയി. ഹൂബെയ് പ്രവിശ്യയിലാണ് പുതിയതായി 24 മരണങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതിനിടെ ചൈനയിൽ വൈറസ്ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 2744 ആയി ഉയർന്നു. അതേസമയം, ഹൂബെയ്ക്ക് പുറത്ത് മരണങ്ങൾ ഒന്നും പുതുതായി റിപ്പോർട്ട് ചെയ്തിട്ടില്ല. 769 പേർക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 461 പേരുടെ നില അതീവഗുരുതരമാണ്. പുതിയതായി രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നതിൽ പകുതിയും ഹൂബെയിൽ നിന്നാണ്. അതിവേഗം പടരുന്ന വൈറസിനെ തുടർന്ന് ചൈനയിലെ പ്രധാന നഗരങ്ങൾ അടച്ചിരിക്കുകയാണ്. ഷാൻഡോങ്, ബെയ്ജിങ്ങ്, ഷാങ്ഹായ്, ഷിയാൻ, ടിയാൻജിൻ തുടങ്ങി സ്ഥലങ്ങളിൾ കടുത്ത യാത്രാനിയന്ത്രണമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. കോടിക്കണക്കിന് ജനങ്ങളെയാണ് നിയന്ത്രണം ബാധിക്കുന്നത്. ചൈനീസ് പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. തെക്കൻ പ്രവിശ്യകളായ ഗുവാങ്ഡോംഗ്, ജിയാങ്സി തുടങ്ങി മറ്റു മൂന്ന് നഗരങ്ങളിൽ ജനങ്ങൾ നിർബന്ധമായും മുഖാവരണം ധരിക്കണമെന്ന് അധികൃതർ കർശനമായ നിർദേശം നൽകിയിട്ടുണ്ട്. ഹുബെയുടെ തലസ്ഥാനമായ വുഹാനിൽ നിന്നാണ് ഈ വൈറസ് ചൈനയിലും ലോകമെമ്പാടും പടർന്നുപിടിച്ചത്. അതേസമയം ചൈനയിലെ സ്ഥിതി ഗുരുതരമാണെന്നാണ് ബീജിങ്ങിലെ അമേരിക്കൻ കോൺസുലേറ്റ് പറയുന്നത്. തങ്ങളുടെ പൗരന്മാരെ അടിയന്തിരമായി ചാർട്ടേഡ് വിമാനം വഴി ഒഴിപ്പിക്കാനാണ് കോൺസുലേറ്റിന്റെ തീരുമാനം. അതേസമയം പടർന്നുപിടിക്കാനുള്ള വൈറസിന്റെ ശേഷി വർധിക്കുന്നതായാണ് ചൈനീസ് അധികൃതർ പറയുന്നത്. ഇത് ശരിയാണെങ്കിൽ സാർസിന് സമാനമായ അവസ്ഥയാണ് ചൈന നേരിട്ടുകൊണ്ടിരിക്കുന്നത്.
കൊറോണ വൈറസ്; മരണം 80 ആയി, രോഗബാധ 2700 കടന്നു, ജനം ഭീതിയിൽ
Snews Online
0
Post a Comment