ലൗ ജിഹാദ്: സഭയുടെ നിലപാട് ആർ എസ് എസിനെ സുഖിപ്പിക്കാൻ; എ എ റഹീംകൊച്ചി : ലൗ ജിഹാദ് ഉണ്ടെന്ന് തുറന്ന് പറഞ്ഞ സീറോ മലബാർ സഭയുടെ നിലപാടിനെതിരെ ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം . ലൗ ജിഹാദ് ഉണ്ടെന്ന സഭയുടെ നിലപാട് ആർ എസ് എസിനെ സഹായിക്കാനേ ഉപകരിക്കൂ . ന്യൂനപക്ഷങ്ങളെ വേട്ടയാടാനേ ഇത്തരം നിലപാടുകൾ സഹായിക്കൂ എന്ന് സഭാ നേതൃത്വം മനസ്സിലാക്കണം .

കേരളത്തെ കുറിച്ച് അറിയാനും ,പഠിക്കാനും ഗവർണർ തയ്യാറാകണം . ഒരു കാലത്തും കാണാത്ത അഭിപ്രായ പ്രകടനങ്ങളാണ് ഗവർണർ നടത്തുന്നത് . മുഖ്യമന്ത്രിയോട് പറയേണ്ട കാര്യങ്ങൾ ഇത്തരത്തിൽ പരസ്യമായി പറയുന്നത് ശരിയല്ല . ബംഗാളിനും, ത്രിപുരയ്ക്കും ശേഷം കേരളം എന്ന രീതി വച്ചാണ് ഇവിടെ ഗവർണർ പ്രവർത്തിക്കുന്നതെന്നും റഹീം പറഞ്ഞു .

കേരളത്തില്‍ ലൗ ജിഹാദുണ്ടെന്നും , ഐ.എസ് ഭീകരസംഘടനയിലേക്ക് പോലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ റിക്രൂട്ട് ചെയ്യപ്പെടുന്നുവെന്നുമായിരുന്നു സീറോ മലബാര്‍ സഭയുടെ ഇടയലേഖനം. വര്‍ധിച്ച് വരുന്ന ലൗ ജിഹാദ് മതസൗഹാര്‍ദ്ദത്തെ അപകടപ്പെടുത്തുന്നതാണെന്നും അധികൃതര്‍ അടിയന്തര നടപടിയെടുക്കണമെന്നും സീറോ മലബാര്‍ സഭയുടെ കീഴിലുള്ള ദൈവാലയങ്ങളില്‍ വായിച്ച ഇടയ ലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു .

ക്രൈസ്തവര്‍ക്കെതിരായ അക്രമങ്ങള്‍ എന്ന തലക്കെട്ടോടെയാണ് ലൗ ജിഹാദിനെ കുറിച്ചുള്ള പരാമര്‍ശം ഉള്ളത്. ലൗ ജിഹാദില്‍പ്പെട്ട് കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലും ക്രിസ്ത്യന്‍ പെണ്‍കുട്ടികള്‍ കൊല്ലപ്പെടുന്നത് ഗൗരവകരമായി കാണണം. ക്രിസ്ത്യന്‍ പെണ്‍കുട്ടികളെ ലക്ഷ്യമിട്ട് ഇത്തരം ആസൂത്രിതമായ നീക്കങ്ങള്‍ നടക്കുന്നു എന്നത് വസ്തുതയാണെന്നും ലേഖനത്തിൽ പറയുന്നു . ഇതിനെതിരെയാണ് എ എ റഹീം അടക്കമുള്ളവർ രംഗത്ത് വന്നത് .

Post a Comment

Previous Post Next Post
close