മുസ്ലിങ്ങള്‍ക്ക് ഞാന്‍ ഉറപ്പ് നല്‍കുന്നു; പൗരത്വ വിഷയത്തില്‍ ഭയപ്പെടേണ്ടെന്ന് രാജ്‌നാഥ് സിങ്

ദില്ലി: പൗരത്വ നിയമവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുസ്ലിങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സര്‍ക്കാരിന്റെ ഉദ്ദേശ ശുദ്ധിയെ മുസ്ലിങ്ങള്‍ സംശയത്തോടെ കാണരുതെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു. ദില്ലിയിലെ ആദര്‍ശ് നഗറില്‍ തിരഞ്ഞെടുപ്പ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു രാജ്‌നാഥ് സിങ്.


വിദ്വേഷം പ്രചരിപ്പിച്ച് ലഭിക്കുന്ന അധികാരം ബിജെപിക്ക് ആവശ്യമില്ല. അത്തരത്തിലുള്ള വിജയം പാര്‍ട്ടി അംഗീകരിക്കില്ല. പൗരത്വ നിയമവുമായി ബന്ധപ്പെട്ട് മുസ്ലിങ്ങള്‍ക്കുള്ള ആശങ്കകള്‍ പരിശോധിക്കേണ്ടതുണ്ട്. പുതിയ നിയമം മുസ്ലിങ്ങളെ ഒരിക്കലും ബാധിക്കില്ല. പ്രതിപക്ഷം മുസ്ലിങ്ങളില്‍ ഭയം വിതയ്ക്കുകയാണ്. മുസ്ലിങ്ങളുടെ പൗരത്വം നഷ്ടപെടാന്‍ പോകുന്നുവെന്നാണ് അവര്‍ പ്രചരിപ്പിക്കുന്നത്. ഷഹീന്‍ ബാഗിലെ സമരത്തിന് പ്രതിപക്ഷം പിന്തുണ നല്‍കുന്നുണ്ടെന്നും രാജ്‌നാഥ് സിങ് പറഞ്ഞു.

ബിജെപിയുടെ ദില്ലിയിലെ പ്രധാന തിരഞ്ഞെടുപ്പ് പ്രചാരണ വിഷയങ്ങളിലൊന്ന് ഷഹീന്‍ബാഗില്‍ വീട്ടമ്മമാര്‍ സിഎഎക്കെതിരെ നടത്തുന്ന സമരമാണ്. ഡിസംബര്‍ 15ന് തുടങ്ങിയ സമരം ഇപ്പോഴും വന്‍ ജനപങ്കാളിത്തത്തോടെ തുടരുകയാണ്. വിവാദ നിയമം പിന്‍വലിക്കണമെന്നാണ് അവരുടെ ആവശ്യം.


>

മുസ്ലിങ്ങള്‍ കേന്ദ്രസര്‍ക്കാരിനെ സംശയിക്കരുത്. നിങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്യുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. എങ്കിലും നിങ്ങള്‍ ഞങ്ങളെ സംശയിക്കരുത്. ഇന്ത്യയിലെ ഒരു മുസ്ലിമിനും പൗരത്വ നിയമം കാരണമായി പ്രശ്‌നമുണ്ടാകില്ലെന്ന് ഞാന്‍ പ്രതിരോധ മന്ത്രി എന്ന നിലയില്‍ ഉറപ്പ് നല്‍കുന്നു. പൗരത്വത്തെ കുറിച്ചുള്ള ചോദ്യങ്ങള്‍ മറന്നേക്കുക. മുസ്ലിംങ്ങളെ ആരും തൊടില്ലെന്ന് ഞാന്‍ ഉറപ്പ് നല്‍കുന്നുവെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. ഫെബ്രുവരി എട്ടിനാണ് ദില്ലിയില്‍ വോട്ടടുപ്പ്. ഫെബ്രുവരി 11ന് ഫലം പ്രഖ്യാപിക്കും.

Post a Comment

Previous Post Next Post
close