ന്യൂഡൽഹി:
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കാമെന്ന് മുസ്ലീം വ്യക്തിനിയമ ബോർഡ്. പൂണെ സ്വദേശികളുടെ ഹർജിയുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് നിലപാട് വ്യക്തമാക്കിയത്.
മുസ്ലീം പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് പൂണെ സ്വദേശികൾ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്. എന്നാൽ സ്ത്രീകൾ പള്ളിയിൽ പ്രവേശിക്കുന്നതിന് ഇസ്ലാം മതത്തിൽ വിലക്കില്ലെന്നായിരുന്നു മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. വെള്ളിയാഴ്ച നടക്കുന്ന പ്രത്യേക നമസ്കാരം സ്ത്രീകൾക്ക് നിഷ്കർച്ചിട്ടില്ലെന്നും, അക്കാര്യം തിരഞ്ഞെടുക്കാനുള്ള അവകാശം സ്ത്രീകൾക്കാണെന്നും എട്ടുപേജുള്ള സത്യവാങ്മൂലത്തിൽ പറയുന്നു. മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ അടക്കമുള്ളവരുമായി ചർച്ച ചെയ്ത ശേഷമാണ് മുസ്ലീം വ്യക്തിനിയമ ബോർഡ് ഈ സത്യവാങ്മൂലം സമർപ്പിച്ചത്.
ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട കേസ് ഒമ്പതംഗ ഭരണഘടനാ ബെഞ്ച് പരിഗണിക്കാനിരിക്കെയാണ് മുസ്ലീം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം എന്നതും ശ്രദ്ധേയമാണ്.
Post a Comment