
പാലക്കാട്: സൗഹൃദ ഫുട്ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്ന് വീണ് നിരവധി പേര്‍ക്ക് പരിക്ക്. മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്‍പാണ് ഗാലറി തകര്‍ന്നു വീണത്. നാലായിരത്തോളം പേരുണ്ടായിരുന്ന ഗാലറിയുടെ ഒരു ഭാഗമാണ് തകര്‍ന്നത്.
അടുത്തിടെ അന്തരിച്ച മുന്‍ സന്തോഷ് ട്രോഫി താരം ആര് ധനരാജിന്റെ കുടുംബത്തിന് വേണ്ടി നടത്തിയ പ്രദര്‍ശന മത്സരത്തിനായി ഒരുക്കിയ ഗാലറിയാണ് തകര്‍ന്ന് വീണത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി.
വൈകിട്ട് ആറ് മണിയോടെയാണ് മത്സരം നിശ്ചയിച്ചിരുന്നത്. എന്നാല്‍ മത്സരം തുടങ്ങാന്‍ എട്ട് മണിവരെ നീണ്ടുപോയി. തുടര്‍ന്ന് മത്സരം തുടങ്ങുന്നതിന് തൊട്ട് മുന്‍പായി ഗാലറി തകര്‍ന്നു വീഴുകയായിരുന്നു. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസ താരങ്ങളായ ബൈചുങ് ബൂട്ടിയ, ഐഎം വിജയന് തുടങ്ങിയവര്‍ മത്സരിക്കാനിരിക്കെയാണ് അപകടം ഉണ്ടായത്.
കൂടുതല്‍ പേര് ഉളളില്‍ കുടുങ്ങിയതായി സംശയമുണ്ട്. ഫയര്‍ഫോഴ്സിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
Post a Comment