പൗരത്വ ഭേദഗതി നിയമം;രക്തസാക്ഷി ദിനത്തിൽ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും ; പി ഡി പി


കൊല്ലം: S NEWS ONLINE
പൗരത്വ ഭേദഗതി നിയമം പിന്‍വലിക്കുക, ദേശീയ പൗരത്വ രജിസ്ട്രേഷനും ദേശീയ ജനസംഖ്യ കണക്കെടുപ്പും റദ്ദാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് നടക്കുന്ന ജനാധിപത്യ പ്രതിഷേധങ്ങളുടെ ഭാഗമായി ജനുവരി 30 ന് രക്തസാക്ഷി ദിനത്തില്‍ പി.ഡി.പി.യുടെ നേതൃത്വത്തില്‍ ബഹുജനങ്ങളെ പങ്കെടുപ്പിച്ച് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം ഉപരോധിക്കും. പൗരത്വനിഷേധത്തിനെതിരെ രാജ്യത്തുയര്‍ന്ന് വരുന്ന ബഹുജനപ്രതിഷേധങ്ങളെ കണ്ടില്ലെന്ന് നടിക്കുന്ന കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായ ഉപരോധ ,ബഹിഷ്കരണ സമരങ്ങള്‍ക്ക് നേതൃത്വം കൊടുക്കാനുള്ള പാര്‍ട്ടി തീരുമാനപ്രകാരം കേരളത്തിലെ 3 എയര്‍പോര്‍ട്ടുകളും സംബൂര്‍ണ്ണമായി ഉപരോധിക്കുക എന്നതാണ് തീരുമാനം.ഒന്നാം ഘട്ടമെന്ന നിലയിലാണ് ജനുവരി 30 ന് കരിപ്പൂര്‍ എയര്‍പോര്‍ട്ട് ഉപരോധിക്കാന്‍ തീരുമാനിച്ചിട്ടുള്ളത്. 
തെരുവുകളില്‍ അരങ്ങേറുന്ന കേവല പ്രതിഷേധങ്ങള്‍ക്കപ്പുറം കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ,റെയില്‍വേകള്‍ , എയര്‍പോര്‍ട്ടുകള്‍ ഉള്‍പ്പെടെ അനിശ്ചിത കാലത്തേക്ക് ജനകീയ ഉപരോധങ്ങളാല്‍ സ്തംഭിപ്പിക്കുന്ന ജനാധിപത്യ സമരമുറകള്‍ സ്വീകരിക്കാന്‍ രാഷ്ട്രീയ സാമൂഹിക സംഘടനകള്‍ ഒറ്റക്കെട്ടായി അണിനിരക്കണമെന്നും ,പൗരത്വ ഭേദഗതി നിയമത്തിനെതിരെ അണിനിരക്കുന്ന മുഴുവന്‍ ജനങ്ങളേയും സംഘടിപ്പിച്ച് നിര്‍ത്താന്‍ കഴിയേണ്ടതുണ്ടെന്നും പി.ഡി.പി.കേന്ദ്ര കമ്മിറ്റി അഭിപ്രായപ്പെട്ടു.

രാജ്യത്ത് ജീവിക്കുന്ന ജനങ്ങളെ  മതത്തിന്റെയോ, ജാതിയുടെയോ മറ്റേതെങ്കിലും കാരണത്താലോ വേർതിരിക്കുക എന്നത്
ഭരണഘടനയുടെ ഹൃദയവും ആത്മാവുമായ അടിസ്ഥാന തത്വങ്ങളുടെ നഗ്നമായ ലംഘനമാണ് .
കേന്ദ്ര ഗവൺമെൻറ് കൊണ്ടുവന്ന എൻപിആർ, എൻ ആർ സി, സി എ എ തുടങ്ങിയവ ഭരണഘടന ലംഘനവും പൗരവിവേചനവുമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നിര്‍വചിക്കുന്നത് അംഗീകരിക്കാനാവില്ല.
പാക്കിസ്ഥാൻ, ബംഗ്ലാദേശ്, അഫ്ഘാനിസ്ഥാൻ എന്നീ മൂന്ന് രാജ്യങ്ങളിൽനിന്നുള്ള മുസ്ലിംകള്‍ ഒഴികെയുള്ള മതന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുമെന്ന് പറയുന്ന സർക്കാർ പാകിസ്ഥാനിലെ അഹമ്മദിയാക്കളേയും, ശിയാക്കളേയും, മ്യാൻമറിലെ റോഹിങ്ക്യ കളയും ,ശ്രീലങ്കയിലെ തമിഴരേയും,  ഭൂട്ടാനിലെ  
ന്യൂനപക്ഷങ്ങൾ ആയ മുസ്ലീങ്ങളെയും, ക്രിസ്ത്യാനികളെയും പൗരത്വ പട്ടികയിൽ ഉൾപ്പെടുത്താത്തത് കടുത്ത വംശീയ വിവേചനം ആണെന്നിരിക്കെ പെരുംനുണകൾ പ്രചരിപ്പിച്ചും അധികാരത്തിന്റെ ഹുങ്കിൽ ആര്‍.എസ്.എസ്.ന്റെ ഹിന്ദുത്വ രാഷ്ട്ര നിർമ്മിതിക്കായി രാജ്യത്തെ ഗവര്‍മെന്റ് മാറുന്നത് അംഗീകരിക്കാന്‍ കഴിയില്ല.

പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ ചോരയില്‍ മുക്കിക്കൊല്ലാനും ,പ്രക്ഷോഭകരെ തടങ്കലിലടച്ച് പ്രതിഷേധത്തെ തണുപ്പിക്കാനുമുള്ള സര്‍ക്കാര്‍ നീക്കം വിലപ്പോവില്ലെന്നും ,നിലനില്പിന് വേണ്ടിയുള്ള മറ്റൊരു സ്വാതന്ത്ര്യസമരമായി ജനത പൗരത്വപ്രക്ഷോഭങ്ങളെ ഏറ്റെടുത്തെന്നും നേതാക്കള്‍ അഭിപ്രായപ്പെട്ടു. കാശ്മീരിന് പിന്നാലെ ഡല്‍ഹിയിലും എന്‍.എസ്.എ.ചുമത്തി പ്രതിഷേധക്കാരെ വിചാരണയില്ലാതെ വര്‍ഷങ്ങളോളം തടവറയിലടക്കാനുള്ള കാടന്‍ നിയമം നടപ്പിലാക്കുന്നത് ജനാധിപത്യത്തിന്റെ അന്ത്യം കുറിക്കും. രാജ്യത്താകമാനം നിയമം നടപ്പിലാക്കാനുള്ള നീക്കങ്ങളുടെ പരീക്ഷണ ശാലകളാണ് കാശ്മീരും ഡല്‍ഹിയും .

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാതെ മറ്റ് വഴികളില്ല എന്ന കേരള ഗവര്‍ണറുടെ നിലപാട് കേന്ദ്രഗവര്‍മെന്റിന്റെ കളിപ്പാവയാണ് താനെന്ന് തെളിയിക്കുന്നതാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ നയങ്ങള്‍ നടപ്പിലാക്കാനുള്ള ഭരണഘടനാ പദവിയാണ് ഗവര്‍ണ്ണര്‍ സ്വീകരിക്കേണ്ടത്.
പൗരത്വ പ്രതിഷേധങ്ങളുടെ പേരില്‍ വംശീയ ഉന്മൂലനത്തിന് സര്‍ക്കാര്‍ പിന്തുണയോടെ യു.പി.യില്‍ ക്രൂരമായ ന്യൂനപക്ഷ വേട്ടയാണ് നടക്കുന്നത്.സംഘ്പരിവാര്‍ ഭീകരര്‍ സംസ്ഥാനത്തൊട്ടാകെ കലാപങ്ങളും,പീഢനങ്ങളും ,കൊലകളും നടത്തുന്പോള്‍ പോലീസ് സുരക്ഷാ സേനകള്‍ അവര്‍ക്ക് വേണ്ടി ഒത്താശ്ശ ചെയ്യുകയാണ്. രാജ്യത്തെ ജനതയുടെ സുരക്ഷയും സംരക്ഷണവുമാണ് സര്‍ക്കാര്‍ നിലപാടെങ്കില്‍ യു.പി.യിലെ യോഗി സര്‍ക്കാരിനെ പിരിച്ച് വിടണമെന്നും പി.ഡി.പി. ആവശ്യപ്പെട്ടു.

വാര്‍ത്ത സമ്മേളനത്തില്‍ പി.ഡി.പി.സംസ്ഥാന വൈസ്ചെയര്‍മാന്‍ വര്‍ക്കല രാജ്,സംസ്ഥാന ജനറല്‍ സെക്രട്ടറി സാബു കൊട്ടാരക്കര ,കേന്ദ്രകമ്മിറ്റി അംഗം മൈലക്കാട് ഷാ,സുനില്‍ഷാ കൊല്ലൂര്‍വിള ,ജില്ല പ്രസിഡന്റ് മനാഫ് പത്തടി,ജില്ല സെക്രട്ടറി ബ്രൈറ്റ് സൈഫുദ്ദീന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

Previous Post Next Post
close