"പുറത്തിറങ്ങിയിട്ട്‌ മൂന്ന്‌ ദിവസമായി; ആസൂത്രണം ചെയ്‌ത കാര്യമല്ല' - പാവക്കുളത്ത്‌ ആക്രമിക്കപ്പെട്ട യുവതി snews
കൊച്ചി > എറണാകുളം പാവക്കുളത്ത് സംഘപരിവാർ അനുകൂല സംഘടനാംഗങ്ങൾ കയ്യേറ്റം ചെയ്യാൻ ശ്രമിച്ച പെൺകുട്ടിയെ വനിതാ കമ്മീഷൻ സന്ദർശിച്ചു. ആതിര എസ് എന്ന തിരുവനന്തപുരം സ്വദേശിനിക്ക് സൈബർ ആക്രമങ്ങൾ നേരിടേണ്ടി വന്ന സാഹചര്യത്തിലാണ് വനിതാ കമ്മീഷന്റെ സന്ദർശനം. അക്രമികൾക്കെതിരെ കേസെടുക്കുമെന്ന് വനിതാ കമ്മീഷൻ എംസി ജോസഫൈൻ പറഞ്ഞു.

സംഭവം നടക്കുന്ന വിശ്വ ഹിന്ദു പരിഷത്തിന്റെ ഹാളിന് അടുത്തായുള്ള ഹോസ്റ്റലിലാണ് ആതിര താമസിക്കുന്നത്. പരിപാടിയെക്കുറിച്ച് അറിഞ്ഞു പങ്കെടുക്കാനെത്തിയ ആതിര താൻ പകുതിക്ക് വച്ച് ഇറങ്ങിപോയതാണ് ചിലരെ പ്രകോപിപ്പിച്ചതെന്ന് പറഞ്ഞു.

"ഒരിക്കലും പ്ലാൻ ഒന്നുമല്ലായിരുന്നു. കേട്ടിട്ട് പോയതായിരുന്നു. മോശമായ സംസാരം കേട്ടതിനെ തുടർന്നാണ് ഞാൻ പ്രതികരിച്ചത്. അവർ തന്നെയാണ് വീഡിയോ ഒക്കെ എടുത്തത്. എന്റെ പേരിൽ ഫേക്ക് അക്കൗണ്ടിൽ നിന്നായിരുന്നു പ്രചരിപ്പിച്ചത്. സൈബർ ആക്രമണം രൂക്ഷം. കഴിഞ്ഞ മൂന്ന് ദിവസമായി പുറത്തിറങ്ങാനായിട്ടില്ല," ആതിര പറഞ്ഞു.

ജനുവരി 21 ന് ജനജാഗരണ സമിതി എറണാകുളം കലൂര് പാവക്കുളത്ത് നടത്തിയ മാതൃ സംഗമത്തിനിടയിലാണ് സംഭവം. പാവക്കുളം ക്ഷേത്രത്തിന്റെ പരിസരത്തുള്ള വിശ്വ ഹിന്ദു പരിഷത്തിന്റെ ഓഡിറ്റോറിയത്തില് പൗരത്വ നിയമ ഭേദഗതി വിശദീകരിക്കാന് നടത്തിയതായിരുന്നു മാതൃസംഗമം. ബിജെപി പോഷക സംഘടനകളില് ഒന്നിന്റെ സംസ്ഥാന ഭാരവാഹി സിവി സജിനിയുടെ വിശദീകരണത്തിനിടയില് യുവതി സംശയം ഉന്നയിച്ചപ്പോഴാണ് മറ്റു സ്ത്രീകള് തട്ടിക്കയറിയത്. പതിനൊന്ന് മണിക്ക് തുടങ്ങിയ പരിപാടിയില് ഒരു മണിക്കൂറിന് ശേഷമായിരുന്നു ഈ സംഭവം.

സമാധാനപരമായി കാര്യങ്ങള് പറയാന് ശ്രമിച്ച യുവതിക്ക് നേരെ സ്ത്രീകള് തട്ടിക്കയറുകയായിരുന്നു. 'അടി വേണോ, ഞങ്ങള്ക്കും ഇവിടെ ജീവിക്കണം' എന്നിങ്ങനെ അവര്ക്കെതിരെ ആക്രോശിച്ചു. യുവതി പറയുന്നത് കേള്ക്കാന് സംഘാടകര് തയ്യാറായില്ല. പകരം അവരെ യോഗഹാളില്നിന്ന് സംഘടിതമായി പുറത്തിറക്കിവിടുകയായിരുന്നു. ആക്രോശിച്ചെത്തിയ സ്ത്രീകളില് ചിലര് അവരെ തള്ളിമാറ്റാനും ശ്രമിച്ചത് വീഡിയോയില് കാണാം. ഈ ദൃശ്യങ്ങളാണ് സോഷ്യല് മീഡിയിയില് വ്യാപകമായി പ്രചരിക്കുന്നത്.


Post a Comment

Previous Post Next Post
close