അധോലോക നേതാവ് ഛോട്ടാ രാജനൊപ്പമുള്ള മോദിയുടെ ചിത്രം പുറത്ത്'; പ്രചരണത്തിലെ സത്യം ഇങ്ങനെ.. viralpostദില്ലി: 
ആധുനിക സാങ്കേതിക വിദ്യയും സാമൂഹിക മാധ്യമങ്ങളും ഉപയോഗപ്പെടുത്തി പല തരത്തിലുള്ള വ്യാജ പ്രചരണങ്ങളാണ് ഇന്ന് നടക്കുന്നത്. വാര്‍ഡ് മെമ്പറാണോ ഇന്ത്യന്‍ പ്രധാനമന്ത്രിയാണോ അമേരിക്കന്‍ പ്രസിഡന്‍റാണോ എന്നുള്ള വേര്‍തിരിവൊന്നും ഇല്ലാതെ ഇത്തരം വ്യാജ പ്രചരണങ്ങള്‍ക്ക് ആരും എപ്പോഴും ഇരയാവുന്നു.


അധോലോക നേതാവ് ഛോട്ടാ രാജനൊപ്പം നില്‍ക്കുന്ന യുവാവായ നരേന്ദ്ര മോദി എന്ന തരത്തിലുള്ള ഒരു ചിത്രമാണ് അടുത്തിടെ ഇത്തരത്തില്‍ സോഷ്യല്‍ മീഡയിയില്‍ വ്യാപകമായി പ്രചരിച്ചുകൊണ്ടിരിക്കുന്നത്. എന്നാല്‍ ഈ പ്രചരണത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവന്നിരിക്കുകയാണ് ബൂംലൈവ്. വിശദാംശങ്ങള്‍ ഇങ്ങനെ..


ഒക്ടോബറില്‍ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പില്‍ ഛോട്ടാരാജന്‍റെ സഹോദരനായ ദീപക് നികാല്‍ജി എന്‍ഡിഎ സഖ്യത്തിന്‍റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെയായിരുന്നു ഇത്തരമൊരു പ്രചാരണത്തിന് തുടക്കമായത്. പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പല്‍റ്റന്‍ നിയമസഭാ സീറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയുടെ ടിക്കറ്റിലായിരുന്നു ദീപക് നികാല്‍ജി മത്സരിച്ചത്.


ഛോട്ടാ രാജനുമായി പ്രധാനമന്ത്രി നരേന്ദ്രമോദിക്കുള്ള ബന്ധമാണ് ദീപകിനെ എന്‍ഡിഎ ഘടകക്ഷി പിന്തുണയ്ക്കാന്‍ കാരണമെന്നായിരുന്നു ചിത്രം പ്രചരിപ്പിച്ചുകൊണ്ടുള്ള പ്രധാന ആരോപണം. ചിത്രങ്ങളില്‍ ഇരുവരുടേയും പിന്നിലുള്ള ആള്‍ മഹാരാഷ്ട്ര മുഖ്യമന്ത്രിയായിരുന്ന ദേവന്ദ്ര ഫട്നാവിസ് ആണെന്നുള്ള പ്രചാരണവും ശക്തമായിരുന്നു.


അധോലോക നേതാവ് ഛോട്ടാ രാജന്‍റെ സഹോദരന് ബിജെപി സീറ്റ് നല്‍കിയെന്ന കുറിപ്പോടെയായിരുന്നു പ്രചാരണം. മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന് ശേഷവും 'മോദിയും ഛോട്ടാരാജനും' ഒരുമിച്ച് നില്‍ക്കുന്ന ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ ശക്തമായി പ്രചരിപ്പിച്ചുകൊണ്ടിരുന്നു.

 
എന്നാല്‍ ചിത്രത്തിലുള്ള മോദി തന്നെയാണെങ്കിലും അദ്ദേഹത്തിന് തൊട്ടടുത്ത് നില്‍ക്കുന്നത് ഛോട്ടാ രാജന്‍ അല്ലെന്നാണ് ബൂം ലൈവിന്‍റെ കണ്ടെത്തല്‍. 2014 സെപ്തംബറില്‍ ടൈംസ് ഓഫ് ഇന്ത്യ പ്രസിദ്ധീകരിച്ച വാര്‍ത്തയിലെ ചിത്രമായിരുന്നു വ്യാജ പ്രചാരണത്തിനായി ഉപയോഗിച്ചത്.


പ്രചരിച്ചുകൊണ്ടിരിക്കുന്ന ചിത്രത്തില്‍ ഫട്നാവിസിന്‍റെയും ഛോട്ടാ രാജന്‍റെയും മുഖം ഫോട്ടോഷോപ്പ് ചെയ്ത് ചേര്‍ത്തതാണെന്നും ബൂം ലൈവ് കണ്ടെത്തി. നരേന്ദ്ര മോദിയുടെ അടുത്ത അനുയായി ആയ സുരേഷ് ജാനി ന്യൂയോര്‍ക്ക് വിമാനത്താവളത്തില്‍ വെച്ച് അദ്ദേഹത്തെ സ്വീകരിക്കുന്ന ചിത്രത്തിലായിരുന്നു ഫോട്ടോഷോപ്പ് ചെയ്താണ് വ്യാജ പ്രചാരണം നടത്തിയത്.


1993 ല്‍ ഉള്ളതാണ് ചിത്രം. 2015 മുതല്‍ തന്നെ വ്യാജ കുറിപ്പോടെ ഈ ചിത്രം സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണത്തിലുണ്ടെന്നും ബൂം ലൈവിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരം വ്യാജപ്രചാരണങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ബിജെപി നേതൃത്വം നേരത്തെ വ്യക്തമാക്കിയിരുന്നു.

Post a Comment

Previous Post Next Post
close