കൊറോണ: കേരളത്തില്‍ 1471 പേര്‍ നിരീക്ഷണത്തില്‍


തിരുവനന്തപുരം: കേരളത്തിൽ കൊറോണ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 1471 പേർ. വെള്ളിയാഴ്ച മാത്രമായി 418 പേർക്കാണ് നിരീക്ഷണം ഏർപ്പെടുത്തിയത്. ഇതിൽ 36 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കോഴിക്കോട് ജില്ലയിലാണ് ഏറ്റവുമധികം പേർ നിരീക്ഷണത്തിലുള്ളത്. 214 പേരാണ് കോഴിക്കോടുള്ളത്. മലപ്പുറത്ത് 205 പേരും എറണാകുളത്ത് 195 പേരും വീടുകളിൽ നിരീക്ഷണത്തിലുണ്ട്. അതേസമയം, നിലവിൽ നിരീക്ഷണത്തിലുള്ളവരുടെ ആരോഗ്യനിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആരോഗ്യമന്ത്രി കെ.കെ. ശൈലജ പറഞ്ഞു. പൂണെയിൽ നിന്ന് ലഭിച്ച 18 രക്തസാമ്പിളുകളിൽ 17 എണ്ണവും നെഗറ്റീവാണ്. വെള്ളിയാഴ്ച തൃശ്ശൂർ കളക്ടറേറ്റിൽ സ്വകാര്യ ആശുപത്രികളെയും സർക്കാർ ഡിപ്പാർട്ടമെന്റുകളെും ഉൾക്കൊള്ളിച്ചു കൊണ്ടു നടത്തിയ യോഗത്തിൽ ആശുപത്രികളിൽ ഐസൊലേഷൻ വാർഡുകൾ രൂപീകരിക്കുന്നതുൾപ്പെടെയുള്ള കാര്യങ്ങളെകുറിച്ച് കൃത്യമായ നിർദേശം നൽകിയിട്ടുണ്ട്. രണ്ടായിരത്തിലേറെ ആരോഗ്യപ്രവർത്തകർക്ക് പരിശീലനം നൽകി. കൊറോണ വൈറസ് രോഗബാധയ്ക്കെതിരേ ജാഗ്രാത നിർദ്ദേശം നൽകിയിട്ടുള്ളതിനാൽ ജനങ്ങൾ വ്യക്തി ശുചിത്വവും പരിസര ശുചിത്വവും പാലിക്കണമെന്നും ആരോഗ്യ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും വായും മൂക്കും തൂവാല കൊണ്ട് മൂടുകയും കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് കഴുകണമെന്നും ആരോഗ്യവകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. 

Post a Comment

Previous Post Next Post
close