മരണം 259 ;ചൈനയിൽ രോഗികള്‍ കൊല്ലാന്‍ വരുന്നു; രാപ്പകല്‍ ജോലിചെയ്യുന്ന ഡോക്ടര്‍മാര്‍ക്ക് മര്‍ദനം; ഭീതി നിറഞ്ഞ വുഹാന്‍


കൊറോണ വൈറസ് ബാധ പടർന്നു

പിടിക്കുന്നതിനിടെയും ജീവൻപണയം വെച്ച് രോഗികളെ ശുശ്രൂഷിക്കുകയാണ് ചൈനയിലെ ആരോഗ്യപ്രവർത്തകർ. പ്രത്യേകിച്ച് വൈറസിന്റെ പ്രഭവകേന്ദ്രമായ വുഹാനിൽ. രാവുംപകലുമില്ലാതെ ആശുപത്രികളിൽ ജോലിചെയ്യുന്ന ഡോക്ടർമാരും നഴ്സുമാരും അടക്കമുള്ള ആരോഗ്യപ്രവർത്തകരെ നമുക്ക് ഒരിക്കലും വിസ്മരിക്കാനാവില്ല. എന്നാൽ ഇത്രയധികം കഷ്ടതകൾ അനുഭവിക്കുമ്പോഴും തങ്ങൾക്ക് നേരെ പാഞ്ഞടുക്കുന്ന ജനക്കൂട്ടമാണ് പലയിടത്തുമുള്ളതെന്ന് വുഹാനിലെ ഡോക്ടർമാർ പറയുന്നു. മതിയായ സുരക്ഷാസംവിധനങ്ങളില്ലാത്തത്തിന് പിന്നാലെയാണ് രോഗികളുടെ ഭാഗത്തുനിന്നുള്ള ആക്രോശവും ആക്രമണവുമെന്ന് ഡോക്ടർമാർ വെളിപ്പെടുത്തുന്നു. വുഹാൻ ആശുപത്രിയിലെ ഒരു ഡോക്ടർ കഴിഞ്ഞ രണ്ടാഴ്ചയായി സ്വന്തം വീട്ടിൽ പോയിട്ടില്ല. ദിവസവും 150 ലേറെ രോഗികളെ പരിചരിക്കുന്ന ഇദ്ദേഹം രാവുംപകലും ഷിഫ്റ്റ് പോലും നോക്കാതെ രോഗികളെ ചികിത്സിക്കുന്നു. ചികിത്സ തേടിയെത്തുന്നവർക്ക് അതിയായ ഉത്കണ്ഠയുണ്ടെന്നും പലപ്പോഴും മണിക്കൂറുകൾ വരിനിന്നാണ് അവർക്ക് ചികിത്സാസൗകര്യം ലഭ്യമാകുന്നതെന്നുമാണ് ഇദ്ദേഹം പറയുന്നത്. ഇതിനൊപ്പം ചിലർ തങ്ങളെ ആക്രമിക്കാൻ ശ്രമിക്കുന്നത് തീർത്തും അപലപനീയമാണ്. മണിക്കൂറുകളോളം വരിനിന്ന ഒരു രോഗി ഞങ്ങളെ കുത്തിക്കൊല്ലുമെന്നാണ് പറഞ്ഞത്. ഇത് കേട്ടതോടെ ഞാൻ പരിഭ്രാന്തനായി. ഞങ്ങളെ കൊലപ്പെടുത്തിയതുകൊണ്ട് എങ്ങനെ നിങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാകും- ഡോക്ടർ ചോദിച്ചു. കഴിഞ്ഞദിവസം വുഹാനിലെ നാലാംനമ്പർ ആശുപത്രിയിലെ രണ്ട് ഡോക്ടർമാരെയാണ് രോഗിയുടെ ബന്ധു ആക്രമിച്ചത്. അതീവജാഗ്രത പാലിക്കേണ്ട ആശുപത്രിയിൽവെച്ച് അയാൾ ഡോക്ടറുടെ മാസ്കും മറ്റും വലിച്ചുകീറി. വികാരങ്ങൾ ഉണ്ടാവും, പക്ഷേ, ആശുപത്രികളിലെല്ലാം ഉൾക്കൊള്ളാവുന്നതിന്റെ പരാമവധി രോഗികൾ ജനുവരി മുതൽ തന്നെയുണ്ടെന്നും ഡോക്ടർ പറയുന്നു. ആവശ്യത്തിന് കിടക്ക പോലും ലഭ്യമല്ലാത്ത അവസ്ഥയാണ് പല ആശുപത്രികളിലുള്ളതെന്നും പേര് വെളിപ്പെടുത്താൻ ആഗ്രഹിക്കാത്ത ഡോക്ടർ സൗത്ത് ചൈന മോണിങ് പോസ്റ്റിനോട് പറഞ്ഞു കൊറോണ വൈറസ് ബാധിച്ച് ഇതുവരെ 259 പേരാണ് ചൈനയിൽ മരിച്ചത്. പതിനൊന്നായിരത്തിലധികം പേരിൽ വൈറസ് ബാധ ഇതിനോടകം സ്ഥിരീകരിച്ചു. കൊറോണ വൈറസ് മറ്റുരാജ്യങ്ങളിലും സ്ഥിരീകരിച്ചതോടെ ലോകാരോഗ്യ സംഘടന കഴിഞ്ഞദിവസം ആഗോള അടിയന്തരാവസ്ഥയും പ്രഖ്യാപിച്ചിരുന്നു. 

Post a Comment

Previous Post Next Post
close