പട്‌ള സ്കൂളിൽ പച്ചക്കറി വിളവെടുപ്പ് നടത്തിMathrubhumi Malayalam News
കാസർകോട്:പട്ള ജി.എച്ച്.എസിൽ വിദ്യാർഥികളൊരുക്കിയ പച്ചക്കറികളുടെ വിളവെടുപ്പ് നടത്തി. മധൂർ കൃഷി ഓഫീസർ ബിന്ദു ജോർജിന്റെയും അസി. കൃഷി ഓഫീസർ ഇ.മണികണ്ഠന്റെയും സാന്നിധ്യത്തിലാണ് കുട്ടികൾ നട്ടുനനച്ച പച്ചക്കറികൾ വിളവെടുത്തത്. ഇതോടൊപ്പം അടുത്ത കൃഷിക്കാവശ്യമായ തൈകളുടെ വിതരണവും നടത്തി.

120 ക്യാരിബാഗുകളിലായി കാരറ്റ്, കോളിഫ്ളവർ, ബീറ്റ്റൂട്ട്, കാബേജ്, ക്യാപ്സിക്കം, തക്കാളി, വഴുതന, ചീര, പപ്പായ തുടങ്ങിയ നിരവധി പച്ചക്കറികളാണ് കുട്ടികളുടെ നേതൃത്വത്തിൽ സ്കൂൾമുറ്റത്ത് വിളയിച്ചിരിക്കുന്നത്. മധൂർ കൃഷിഓഫീസിന്റെ സഹകരണത്തോടെയാണ് പച്ചക്കറിക്കൃഷി സ്കൂളിൽ നടപ്പാക്കിയത്. സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതിയിൽനിന്ന് അനുവദിച്ചുകിട്ടിയ ഫണ്ടുപയോഗിച്ചാണ് കൃഷി നടത്തിയത്.

പ്രഥമാധ്യാപകൻ പ്രശാന്ത് സുന്ദർ, പി.ടി.ഉഷ, എ.പവിത്രൻ, വാർഡംഗം എം.എ.മജീദ് എന്നിവരുടെ നേതൃത്വത്തിലാണ് വിളവെടുപ്പ് നടത്തിയത്. വിദ്യാർഥികളായ നഫീസത്ത് ജസ്ന, ആയിഷത്ത് മിസ്ബ, ആസിയ ഷസ, ഫാത്തിമത്ത് റിസ, ഷെറിൻ, റിഷ എന്നിവരാണ് പച്ചക്കറികളുടെ പരിപാലനത്തിന് നേതൃത്വംനല്കിയത്.

Post a Comment

Previous Post Next Post
close