എസ് വൈ എസ് ജില്ലാ യുവജന റാലി: പ്രതിനിധി സമ്മേളനം തുടങ്ങി

തൃശൂര്‍: 
രാഷ്ട്രീയവും സാംസ്‌കാരികവുമായ ജാഗ്രതകളിലൂടെ ജനാധിപത്യ ഇന്ത്യയെ തിരിച്ചുപിടിക്കാന്‍ സമൂഹം സന്നദ്ധമാകണമെന്ന് എസ് വൈ എസ് ജില്ലാ പ്രതിനിധി സമ്മേളനം ആഹ്വാനം ചെയ്തു.
സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളും ഉണര്‍ന്നിരിക്കുന്ന സമയമാണിത്. ഇന്ത്യയുടെ ജനാധിപത്യ മഹത്വത്തിന് മുറിവേല്‍ക്കുമെന്ന് കണ്ട ഘട്ടത്തില്‍ ഉണ്ടാകേണ്ട അനിവാര്യമായ ഉണര്‍ച്ചയാണ് ഇന്ത്യയിലെ ജനത പ്രകടിപ്പിക്കുന്നത്. ഈ സന്ദര്‍ഭത്തില്‍ കൂടുതല്‍ രാഷ്ട്രീയ കരുത്ത് ആര്‍ജിക്കേണ്ടതുണ്ടെന്നും ജനാധിപത്യ, മതേതരത്വ പ്രസ്ഥാനങ്ങളോട് ഐക്യപ്പെടേണ്ടതുണ്ടെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
പൗരത്വം ഔദാര്യമല്ല യുവത്വം നിലപാട് പറയുന്നു എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച ജില്ലാ റാലിയോടനുബന്ധിച്ച് നടന്ന പ്രതിനിധി സമ്മേളനം പ്രമുഖ ആക്ടിവിസ്റ്റും ചിന്തകനുമായ കെ ഇ എന്‍  ഉദ്ഘാടനം ചെയ്തു. അബ്ദുല്‍ അസീസ് നിസാമി അധ്യക്ഷത വഹിച്ചു. പി കെ ബാവ ദാരിമി പ്രാര്‍ഥന നടത്തി. സിറാജുദ്ദീന്‍ സഖാഫി, സി വി മുസ്ത്വഫ സഖാഫി, പി എ മുഹമ്മദ് ഹാജി, ഗഫൂര്‍ മൂന്നുപീടിക, പി കെ ജഅ്ഫര്‍, ജഅ്ഫര്‍ ചേലക്കര, നൗഷാദ് മൂന്നുപിടിക, ഷമീര്‍ എറിയാട്, അഡ്വ. ബദറുദ്ദീന്‍ സംസാരിച്ചു.
ഇന്ന് വൈകീട്ട് മൂന്ന് മണിക്ക് യുവജന റാലി നടക്കും. ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ പതിനായിരക്കണക്കിന് പേര്‍ റാലിയില്‍ അണിനിരക്കും. ജില്ലയിലെ 45 സര്‍ക്കിളുകളില്‍ നിന്നെത്തുന്ന 33 പേരടങ്ങുന്ന ടീം ഒലിവ് അംഗങ്ങള്‍ റാലിയില്‍ സംബന്ധിക്കും. കേന്ദ്ര ഭരണകൂടം ഭരണഘടനയെ വെല്ലുവിളിച്ച് നടത്തുന്ന ഹീനമായ നീക്കങ്ങള്‍ക്കെതിരെ ശക്തമായ മുന്നറിയിപ്പ് നല്‍കുന്നതാകും യുവജന റാലിയെന്ന് സംഘാടകര്‍ അറിയിച്ചു. യുവജന റാലിക്ക് ശേഷം അഞ്ചിന് പൊതുസമ്മേളനവും നടക്കും. പേരോട് അബ്ദുര്‍റഹ്മാന്‍ സഖാഫി, സുലൈമാന്‍ സഖാഫി മാളിയേക്കല്‍ സംബന്ധിക്കും. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ സമാപന സമ്മേളനത്തില്‍ സംബന്ധിക്കും.

Post a Comment

Previous Post Next Post
close