ഇതരസംസ്ഥാന തൊഴിലാളിയെ മര്‍ദ്ദിച്ച സംഭവം; ഓട്ടോഡ്രൈവര്‍ക്കെതിരെ വധശ്രമത്തിന് കേസ്lതിരുവനന്തപുരം :

 വിഴിഞ്ഞത്ത് ഇതര സംസ്ഥാന തൊഴിലാളിയെ മുഖത്തടിക്കുകയും തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങുകയും ചെയ്ത ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍. മുക്കോല സ്വദേശി സുരേഷിനെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. വധശ്രമം ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്. പരാതിക്കാരനായ ഗൗതം മണ്ഡലില്‍ നിന്ന് പോലീസ് മൊഴിയെടുത്തിരുന്നു. സുരേഷിന്റെ പേരില്‍ നേരത്തെത്തന്നെ ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതി മറ്റ് പലരെയും ഇത്തരത്തില്‍ മര്‍ദിച്ചതിനുള്ള തെളിവും പോലീസിന് ലഭിച്ചിട്ടുണ്ട്.

ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്യാനായി മുക്കോലയിലെ കടയിലെത്തിയതായിരുന്നു ഗൗതം. ഇതിനിടെ, അശ്രദ്ധമായി ഓട്ടോ പിന്നിലേക്കെടുത്ത് ഗൗതമിനെ സുരേഷ് മര്‍ദിക്കുകയും അസഭ്യം പറയുകയുമായിരുന്നു. പിന്നീട് ഗൗതമിന്റെ തിരിച്ചറിയല്‍ കാര്‍ഡ് പിടിച്ചുവാങ്ങി കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു. മറ്റ് ഓട്ടോ ഡ്രൈവര്‍മാര്‍ ഇടപെട്ടപ്പോഴാണ് സുരേഷ് കാര്‍ഡ് തിരിച്ചുനല്‍കിയത്. നാട്ടുകാര്‍ നോക്കിനില്‍ക്കെയായിരുന്നു അക്രമം. ഇതിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു.


Post a Comment

Previous Post Next Post
close