പ്രവാസി ഇന്ത്യക്കാർ ഇനി നാട്ടിൽ നികുതി അടയ്ക്കണം; ഗൾഫ് പ്രവാസികൾക്കും ഇരുട്ടടി നൽകി കേന്ദ്ര ബജറ്റ്



ന്യൂഡൽഹി: രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി കുറയ്ക്കുന്നതിനേക്കാൾ ജനങ്ങൾക്ക്ക ആഘാതങ്ങൾ സൃഷ്ടിക്കുന്ന ഒട്ടേറെ തീരുമാനങ്ങൾ ഉൾക്കൊള്ളിച്ചാണ് ഇത്തവണത്തെ കേന്ദ്ര ബജറ്റ് അവതരണം അവസാനിച്ചത്. തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാനുള്ള മാർഗ്ഗങ്ങളൊന്നും ധനമന്ത്രി നിർമ്മല സീതാരാമൻ അവതരിപ്പിച്ച ബജറ്റിൽ ഇല്ലെന്ന് വിമർശനവും ഉയരുന്നുണ്ട്.


 ഇതിനിടെയാണ് രാജ്യത്തിന്റെ പ്രധാന വരുമാന മാർഗ്ഗമായ പ്രവാസികളുടെ സമ്പാദ്യത്തിനും നികുതി ചുമത്താൻ കേന്ദ്രം തീരുമാനിച്ചിരിക്കുന്നത്. നികുതി ഇളവ് ലഭിച്ച് കൊണ്ടിരിക്കുന്ന പ്രവാസി ഇന്ത്യക്കാരും ഇന്ത്യയിൽ നികുതിയടക്കണമെന്ന് 2020-21 കേന്ദ്ര ബജറ്റ് നിർദേശിക്കുന്നു. നിലവിൽ ഗൾഫ് നാടുകളിൽ ജീവിക്കുന്ന ഇന്ത്യൻ പൗരന്മാർ രാജ്യത്ത് നികുതി നൽകേണ്ടിയിരുന്നില്ല. ഇതിനാണ് പുതിയ നിർദേശത്തിലൂടെ മാറ്റം വരുന്നത്.

മറ്റ് രാജ്യങ്ങളിൽ നികുതിയടക്കാൻ ബാധ്യതയില്ലാത്തവരെ വിദേശത്ത് താമസിക്കുന്ന ഇന്ത്യക്കാരായി കണക്കാക്കി നികുതിയേർപ്പെടുത്താനാണ് നിർദേശം. നികുതിയില്ലാത്ത രാജ്യങ്ങളായ യുഎഇ, സൗദി അറേബ്യ പോലുള്ള മിഡിൽ ഈസ്റ്റ് രാജ്യങ്ങളിൽ താമസിക്കുന്ന ഇന്ത്യൻ പൗരന്മാരെയാണ് പുതിയ നിർദേശം ബാധിക്കുക.

ഇതിനായി ആദായനികുതി നിയമങ്ങളിൽ മാറ്റം വരുത്താനാണ് നിർദേശമെന്ന് ബിസിനസ് ടുഡെ റിപ്പോർട്ട് ചെയ്യുന്നു. പുതിയ നിർദേശ പ്രകാരം ഇന്ത്യയിൽ താമസക്കാരനല്ലെങ്കിലും മറ്റൊരു രാജ്യത്തും നികുതി നൽകേണ്ടതില്ലാത്ത ഇന്ത്യക്കാരെ ഇന്ത്യയിലെ താമസക്കാരായി തന്നെ കണക്കാക്കുകയും ഇവർ രാജ്യത്ത് നികുതി നൽകുകയും വേണമെന്ന് റവന്യൂ സെക്രട്ടറി അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു.

അതേസമയം ഒരു പൗരനെ പ്രവാസിയായി കണക്കാക്കാനുള്ള ദിവസ പരിധിയിലും മാറ്റം വരുത്തിയിട്ടുണ്ട്. നേരത്തെ, 182 ദിവസം ഇന്ത്യക്ക് പുറത്ത് താമസിച്ച ഒരു ഇന്ത്യൻ പൗരന് പ്രവാസി പദവി ലഭിച്ചിരുന്നു. എന്നാൽ ഇനി മുതൽ 240 ദിവസമോ അതിൽ കൂടുതലോ ഇന്ത്യക്ക് പുറത്ത് താമസിക്കുന്നവരായിരിക്കും പ്രവാസികൾ എന്ന ഗണത്തിൽ പെടുത്തുക. ഇതും പ്രവാസികൾക്ക് ഇരുട്ടടിയാണ്.

ഇതിന് പുറമെ ഇന്ത്യൻ വംശജനായ വിദേശ പൗരന്മാർക്ക് ഇന്ത്യയിൽ താമസിക്കുന്നതിനുള്ള കാലാവധി 182 ദിവസത്തിൽ നിന്ന് 120 ദിവസമായി കുറയ്ക്കാനും ബജറ്റിൽ നിർദേശമുണ്ട്.


Post a Comment

Previous Post Next Post
close